സോപ്പുപൊടിയും യൂറിയയും കുടിച്ച് കുഴപ്പത്തിൽ ചാടേണ്ട! പാലിലെ മായം ഇനി 30 സെക്കൻഡിൽ ആർക്കും കണ്ടെത്താം
കേരളത്തിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ മായം കലർന്ന പാൽ പിടികൂടി, ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടി, അതിർത്തി ചെക്പോസ്റ്റുകളിൽ ക്ഷീരവികസന വകുപ്പ് പരിശോധന ശക്തമാക്കി എന്നിങ്ങനെയുള്ള തലക്കെട്ടുകൾ നാം കാണാറുണ്ട്. പാലെന്ന് വിശ്വസിച്ച് മലയാളി കുടിക്കുന്നത് മദ്യത്തെക്കാൾ വിഷമുള്ള ദ്രാവകമാണെന്നതിന്റെ സൂചനകളാണ് ഈ തലക്കെട്ടുകൾ.
കൊച്ചുകുട്ടികളെയും മറ്റും പാൽകുടിക്കാൻ നിർബന്ധിക്കുമ്പോൾ, ''നല്ല ആരോഗ്യം ഉണ്ടാകും'', ''വേഗം വലുതാകും'' എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കാറുണ്ട്. പാൽ ആരോഗ്യത്തിന് നല്ലതാണ് എന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ ശുദ്ധമായ പാൽ ആയിരിക്കണം എന്നുമാത്രം. ഇപ്പോൾ ലഭ്യമാകുന്ന പാൽകുടിച്ചാൽ ഉള്ള ആരോഗ്യം കുഴപ്പത്തിലാകുകയും വേഗം ആശുപത്രിയിലേക്കുള്ള വണ്ടി പിടിക്കേണ്ടിവരികയും ചെയ്യും.

കേടാകാതെ കൂടുതൽ സമയം ഇരിക്കാനും കൊഴുപ്പ് കൂട്ടാനുമൊക്കെ ചേർക്കുന്ന പലവിധത്തിലുള്ള അപകടകരമായ മായങ്ങളാണ് പാലിനെ വിഷവസ്തുവാക്കി മാറ്റുന്നത്. കേരളത്തിൽ എത്തിയ പാലുകളിൽ പലതിലും ഉയർന്ന അളവിൽ മായം കലർന്നതായി കണ്ടെത്തിയ സംഭവങ്ങൾ നിരവധിയാണ്. ഈ പാൽ തിരിച്ചറിയാനാകാതെ പോകുന്നതിനാലാണ് നാം പലപ്പോഴും അപകടത്തിലാകുന്നത്.
എന്നാൽ ഇത്തരം പ്രശ്നത്തിന് ഒരു പ്രായോഗിക പരിഹാരം കണ്ടെത്തിയിരിക്കുന്നു എന്ന വാർത്ത ഇപ്പോൾ എത്തിയിട്ടുണ്ട്. പാൽ ഉൾപ്പെടെ കേരളത്തിന് വേണ്ടതെല്ലാം തരുന്ന തമിഴ്നാട്ടിൽനിന്നുതന്നെയാണ് ഈ നല്ലവാർത്തയും എത്തിയിരിക്കുന്നത്. പാലിലെ മായം കണ്ടെത്താൻ കഴിയുന്ന ഒരു പോർട്ടബിൾ ഡിവൈസ് മദ്രാസ് ഐഐടിയിലെ ഗവേഷകവിദ്യാർഥികൾ കണ്ടെത്തിയിരിക്കുന്നു എന്നതാണ് ആ നല്ലവാർത്ത.
കേരളത്തിൽ പാൽ പരിശോധന നടത്താൻ പലപ്പോഴും ഏറെ സങ്കീർണതകൾ നേരിടാറുണ്ട്. അതിനാൽത്തന്നെ പരിശോധനകൾ ശക്തവും കാര്യക്ഷമവുമല്ല. എന്നാൽ മദ്രാസ് ഐഐടിയിൽ വികസിപ്പിച്ച ത്രിമാന (3ഡി) കടലാസ് സാങ്കേതികവിദ്യ ഉപയോഗിച്ച് 30 സെക്കൻഡിനുള്ളിൽ പാലിലെ മായം കണ്ടെത്താം എന്നാണ് ഗവേഷകർ പറയുന്നത്. ഇത് ഏറ്റവുമധികം പ്രയോജനപ്പെടുക ഒരുപക്ഷേ മലയാളികൾക്കാകും.

വീട്ടിൽവച്ചുതന്നെ ആർക്കും പരിശോധന നടത്താം എന്നതാണ് ഈ പോക്കറ്റ് ഡിവൈസിന്റെ പ്രത്യേകതകളിലൊന്ന്. സോപ്പുപൊടി, യൂറിയ, സോപ്പ്, അന്നജം, ഹൈഡ്രജൻ പെറോക്സൈഡ്, സോഡിയം-ഹൈഡ്രജൻ-കാർബണേറ്റ് തുടങ്ങി പാലിൽ ചേർത്തിരിക്കുന്ന എല്ലാവിധ മായവും കണ്ടെത്താൻ ഈ ഡിവൈസിന് സാധിക്കും. പരിശോധനയ്ക്കായി ഒരു മില്ലി ലിറ്റർ ദ്രാവകം മാത്രമേ സാമ്പിളായി വേണ്ടിവരൂ.
പാൽ മാത്രമല്ല, വെള്ളവും ജ്യൂസ് ഉൾപ്പെടെയുള്ളവയും പരിശോധിക്കാം എന്നതാണ് ഈ സാങ്കേതികവിദ്യയുടെ മറ്റൊരു പ്രത്യേകത. മദ്രാസ് ഐഐടിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ പല്ലബ് സിൻഹ മഹാപത്രയുടെ നേതൃത്വത്തിൽ, ഗവേഷകരായ സുഭാഷിസ് പട്ടാരി, പ്രിയങ്കൻ ദത്ത എന്നിവർ നടത്തിയ ഗവേഷണത്തിന്റെ പ്രബന്ധം 'നേച്ചർ' എന്ന പിയർ റിവ്യൂ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യ, പാകിസ്ഥാൻ, ചൈന, ബ്രസീൽ എന്നിങ്ങനെയുള്ള വികസ്വര രാജ്യങ്ങളിലെല്ലാം പാലിൽ മായം ചേർക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നുണ്ട്. മായം കലർന്ന പാലിന്റെ ഉപയോഗം വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ശിശുമരണം, ദഹനനാളത്തിന്റെ സങ്കീർണതകൾ, വയറിളക്കം, ക്യാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.
പാലിന്റെ ശുദ്ധി പരിശോധിക്കാൻ നിലവിലുള്ള സംവിധാനങ്ങൾ ഏറെ ചെലവേറിയതും ഒരുപാട് സമയം ആവശ്യമായി വരുന്നവയുമാണ്. എന്നാൽ തങ്ങൾ വികസിപ്പിച്ച പോക്കറ്റിലൊതുങ്ങുന്ന ഉപകരണം മറ്റ് പരിശോധനാ രീതികളെ അപേക്ഷിച്ച് ലളിതവും ചെലവ് കുറഞ്ഞതുമാണ് എന്നും പാനീയങ്ങളിലെ മായം കണ്ടെത്തുന്നതിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകുമെന്നും മദ്രാസ് ഐഐടി അധികൃതർ പറഞ്ഞു.


Click it and Unblock the Notifications