ശത്രുക്കളുടെ നെഞ്ചിൽ തീകോരിയിട്ട്, ഇന്ത്യയെ ആണവായുധ ശക്തിയാക്കിയ ഓപ്പറേഷൻ ശക്തിക്ക് 25 വയസ്!
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ദിനങ്ങളിൽ ഒന്നാണ് 1998 മേയ് 11. ശത്രുക്കളുടെ നെഞ്ചിൽ തീകോരിയിട്ടുകൊണ്ട് ഇന്ത്യ ഒരു ആണവശക്തിയായി ഉയർന്നത് ആ ദിവസമായിരുന്നു. ഒട്ടേറെ സമ്മർദ്ദങ്ങളും ഭീഷണികളും മറികടന്ന്, രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനും ഭാവി സുരക്ഷിതമാക്കാനും അന്നത്തെ 'ഓപ്പറേഷൻ ശക്തി' പരീക്ഷണത്തിലൂടെ ഇന്ത്യക്ക് സാധിച്ചു.
ഇന്ന് ഏതൊരു ലോകരാജ്യത്തിനുമൊപ്പം തലയയുയർത്തി മുൻനിരയിൽ നിൽക്കാൻ ഇന്ത്യയെ പ്രാപ്തമാക്കിയതിൽ അന്ന് നടന്ന ഓപ്പറേഷൻ ശക്തിക്കും വലിയ പങ്കുണ്ട്. 1998 മെയ് മാസത്തിൽ ഇന്ത്യൻ ആർമിയുടെ പൊഖ്‌റാൻ ടെസ്റ്റ് റേഞ്ചിൽ നടത്തിയ അഞ്ച് അണുബോംബ് പരീക്ഷണ സ്‌ഫോടനങ്ങളുടെ ഒരു പരമ്പരയായിരുന്നു ഓപ്പറേഷൻ ശക്തി.

മേയ് 11-നും 13-നും നടത്തിയ അഞ്ച് സെറ്റ് ന്യൂക്ലിയർ പരീക്ഷണങ്ങളും വിജയകരമായതോടെ ആണവായുധശക്തിയായി ഇന്ത്യ സ്വയം അവരോധിക്കുന്ന സുവർണ നിമിഷത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി അടക്കമുള്ള ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തിയും ഓപ്പറേഷൻ ശക്തിയുടെ വിജയത്തിൽ വളരെ പ്രധാനപങ്കുവഹിച്ചു.
അന്നു മുതൽ പിന്നീടിങ്ങോട്ട് മേയ് 11 ഇന്ത്യ ദേശീയ സാങ്കേതിക ദിനമായി ആഘോഷിക്കുകയാണ്. ആണവപരീക്ഷണങ്ങളിലേക്ക് രാജ്യം ആദ്യം ചുവട് വയ്ക്കുന്നത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ 1974 മേയ് 18ന് ആയിരുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ പൊഖ്‌റാനിൽ നടത്തിയ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് 'ബുദ്ധൻ ചിരിക്കുന്നു' എന്നായിരുന്നു പേര് നൽകിയിരുന്നത്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിര അംഗമല്ലാത്ത ഒരു രാജ്യം നടത്തിയ ആദ്യത്തെ ആണവ പരീക്ഷണമായിരുന്നു പൊഖ്രാനിൽ 1974 ൽ നടന്നത്. ഇന്ത്യയെ ആണവശക്തിയായി മാറ്റിയ സമാധാനപരമായ ആണവപരീക്ഷണം എന്ന പ്രത്യേകതയും പൊഖ്‌റാനിലെ പരീക്ഷണത്തിനുണ്ട്. എങ്കിലും ആണവായുധം സ്വന്തമായുള്ള രാജ്യം എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയത് ഓപ്പറേഷൻ ശക്തിയിലൂടെ ആയിരുന്നു.
ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്ക് വല്ലാത്തൊരു ഊർജവും സൈന്യത്തിന് ഏറെ ആത്മവിശ്വാസവും നൽകിയൊരു മുന്നേറ്റമായിരുന്നു ഓപ്പറേഷൻ ശക്തി. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രം ഉണ്ടായിരുന്ന ആണവായുധരാജ്യങ്ങളുടെ പട്ടികയിലേക്ക് 1964 ൽ ചൈനയും കടന്നുകയറി. അതോടെ ഇന്ത്യയുടെ ഭീഷണി വർധിച്ചു. വിവിധകാരണങ്ങളാൽ മന്ദഗതിയിലായ ഇന്ത്യയുടെ ആണവപരീക്ഷണങ്ങൾക്ക് വേഗം കൂട്ടിയത് ചൈനയുടെ ആണവായുധ നേട്ടമായിരുന്നു.
തൊട്ടടുത്ത് എപ്പോഴും ഭീഷണിയുയർത്തുന്ന ചൈന പാകിസ്താനുമായുള്ള അടുപ്പം വർധിപ്പിച്ചതും ഇന്ത്യൻ നീക്കങ്ങൾക്ക് വേഗതയിലാക്കി. തുടർന്ന് ആണവസാങ്കേതികത ഉപയോഗിച്ച് ഏത് ഉപകരണവും ഇന്ത്യക്ക് സ്വന്തമായി ഉണ്ടാക്കാം എന്ന നിർണായക തീരുമാനം 1966-ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൈക്കൊണ്ടു. ഇത് ഇന്ത്യൻ ശാസ്ത്രജ്ഞരെ ഉത്സാഹഭരിതരാക്കി.
പിന്നെ പൊഖ്രാനിൽ 'ബുദ്ധന്റെ പുഞ്ചിരി' വിരിയാൻ വിരിയാൻ വെറും എട്ടുവർഷം മാത്രമാണ് എടുത്തത്. അങ്ങനെ 1974ൽ 'സ്മൈലിങ് ബുദ്ധ'യിലൂടെ ഇന്ത്യ ആറാമത്തെ ആണവശക്തിയായി. ആദ്യ ആണവപരീക്ഷണത്തിന് പിന്നാലെ ഇന്ത്യക്കെതിരേ ഉപരോധം അടക്കമുള്ള നടപടികളുമായി മറ്റ് ലോകരാജ്യങ്ങൾ നിലപാട് കർശനമാക്കി. എന്നാൽ അതിനെയെല്ലാം മറികടന്നുകൊണ്ട് ഇന്ത്യ നേടിയ ആണവ വിജയമാണ് 1998ലെ ഓപ്പറേഷൻ ശക്തി.
തുടർന്നിങ്ങോട്ട് 25 വർഷത്തിനിടെ, പ്രതിരോധം, ആണവ റിയാക്ടർ ശേഷി, ഊർജ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യ നിരവധി നാഴികക്കല്ലുകൾ നേടിയിട്ടുണ്ട്. ഇന്ത്യയെ ആക്രമിക്കാൻ ചില അയൽ രാജ്യങ്ങൾക്ക് ഉള്ളിൽ ആഗ്രഹമുണ്ടെങ്കിലും അവരെ ഭയപ്പെടുത്തുന്നത് 1998 ൽ ഇന്ത്യ കൈവരിച്ച ആണവായുധ നേട്ടമാണ്.
പ്രതിരോധരംഗത്ത് ഇന്ന് ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റുകളുടെ (എഫ്എഎസ്) കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിലവിൽ ഏകദേശം 160 ആണവ പോർമുനകളുണ്ട്. പ്രവർത്തനപരമായ ന്യൂക്ലിയർ ട്രയാഡ് ശേഷിയുള്ള ആഗോള സൈനിക ശക്തികളുടെ ഒരു എലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ഇന്ത്യ. കരയിൽനിന്നും വായുവിൽനിന്നും കടലിൽനിന്നും ആണവായുധങ്ങൾ തൊടുക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്.
അഗ്നി, പൃഥ്വി, കെ സീരീസ് ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ന്യൂക്ലിയർ അന്തർവാഹിനികൾ എന്നിവ ട്രയാഡിന് ഡെലിവറി സംവിധാനമായി ഇന്ത്യയിലുണ്ട്. ആണവോർജ്ജം രാജ്യപുരോഗതിക്കായും ഫലപ്രദമായി ഇന്ത്യ ഉപയോഗിച്ചുവരുന്നു. ഇന്ത്യയുടെ ആണവോർജ്ജ ശേഷി കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഒരു ക്വാണ്ടം കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു എന്നാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്.

2003-04 ൽ വാർഷിക ആണവോർജ്ജ ഉത്പാദനം 17,700 ദശലക്ഷം യൂണിറ്റായിരുന്നു, 2021-22 ലെ ഏറ്റവും പുതിയ വർഷത്തിൽ ഇത് 47,112 ദശലക്ഷം യൂണിറ്റായി, അതായത് ഏകദേശം 165 ശതമാനം വർധന. നിലവിൽ സർക്കാർ പ്രസ്താവനകൾ പ്രകാരം, ഇന്ത്യയിൽ പ്രവർത്തനക്ഷമമായ 22 ആണവ റിയാക്ടറുകൾ ഉണ്ട്.
ആണവോർജത്തിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി രാജ്യത്ത് ആണവോർജ്ജത്തിന്റെ സ്ഥാപിത ശേഷി വർധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് അടുത്തിടെ പറഞ്ഞിരുന്നു. നിർമാണത്തിലിരിക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ 6,780 മെഗാവാട്ടിന്റെ നിലവിലെ ശേഷി 2024-25 വർഷിൽ 13,480 മെഗാവാട്ടിലെത്തും. 9,000 മെഗാവാട്ട് ശേഷിയുള്ള 12 ആണവോർജ്ജ റിയാക്ടറുകൾക്ക് സർക്കാർ ഭരണ-സാമ്പത്തിക അനുമതി നൽകിയിട്ടുണ്ട്, അവ 2031ൽ പൂർത്തിയാകും.
പ്രവർത്തനക്ഷമമായ റിയാക്ടറുകളുടെ എണ്ണത്തിൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യമാണ് ഇന്ന് ഇന്ത്യ, നിർമ്മാണത്തിലിരിക്കുന്നവ ഉൾപ്പെടെയുള്ള റിയാക്ടറുകളുടെ എണ്ണമെടുത്താൽ രണ്ടാം സ്ഥാനത്തും. 2030-ഓടെ ആണവോർജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള 20GW ശേഷി കൈവരിക്കുക എന്നതാണ് ആണവോർജ്ജ വകുപ്പിന്റെ ലക്ഷം. യുഎസ്എയ്ക്കും ഫ്രാൻസിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ ആണവോർജ്ജ ഉൽപാദക രാജ്യമായി ഇന്ത്യയെ മാറ്റുന്ന പ്രധാന നാഴികക്കല്ലായിരിക്കും ഇത്.


Click it and Unblock the Notifications








