വികൃതിക്കാരൻ അച്ചടക്കം പഠിച്ചു, ഇന്ത്യ സ്റ്റാറായി; ഇസ്രോയുടെ ഇൻസാറ്റ്-3DS വിജയത്തിന് പിന്നിലെ ശക്തി ഇവൻ
കാലാവസ്ഥ മനുഷ്യജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന വിധത്തിൽ അപകടകരമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനിടെ, നിർണായക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഐഎസ്ആർഒ. കാലാവസ്ഥാ മാറ്റം നിരീക്ഷിച്ചുകൊണ്ട് പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ളവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS വിജയകരമായി വിക്ഷേപിക്കാൻ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ISRO) സാധിച്ചു.
ഭൂസ്ഥിര ഭ്രമണപഥത്തിലെ ഇന്ത്യയുടെ മൂന്നാം തലമുറ ഉപഗ്രഹങ്ങളിലേ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS. 2014ൽ വിക്ഷേപിച്ച ഇൻസാറ്റ്- 3ഡി, 2016ൽ വിക്ഷേപിച്ച ഇൻസാറ്റ് 3ഡിആർ എന്നീ ഉപഗ്രഹങ്ങളുടെ പിൻഗാമിയാണ് ഇൻസാറ്റ്-3ഡിഎസ് (INSAT-3DS) വിക്ഷേപിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം.

10 വർഷത്തേക്ക് ബഹിരാകാശത്ത് പ്രവർത്തിക്കാൻ കഴിയും വിധത്തിലാണ് ഈ കാലാവസ്ഥാ ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരിസ്ഥിതി നിരീക്ഷണം, സമുദ്ര നിരീക്ഷണങ്ങൾ, കാലാവസ്ഥാ പ്രവചനം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്താനും കൂടുതൽ ആധികാരികമാക്കാനും നിർണായക സംഭാവനകൾ നൽകാനും ഇൻസാറ്റ് (INSAT- Indian National Satellite system) 3ഡിഎസിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഇതിനോടകം ലോകം ശ്രദ്ധിക്കുന്ന വിധത്തിലുള്ള നിരവധി നേട്ടങ്ങൾ സ്വന്തമാക്കി ലോകത്തെ ഏറ്റവും പ്രധാന ആറ് ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്ന് എന്ന നിലയിലേക്ക് വളരാനും ഇന്ത്യയുടെ അഭിമാനം സൂര്യ-ചന്ദ്രന്മാരോളം എത്തിക്കാനും ഐഎസ്ആർഒയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വർഷത്തെ ഐഎസ്ആർഒയുടെ രണ്ടാമത്തെ വിക്ഷേപണ വിജയമാണ് ഇൻസാറ്റ്-3DS വിക്ഷേപണത്തിലൂടെ നേടിയിരിക്കുന്നത്.

2024 ൻ്റെ ആദ്യ ദിവസതന്നെ ബഹിരാകാശത്തേക്കുള്ള XPoSat ദൗത്യം വിജയകരമായി വിക്ഷേപിക്കാൻ ഇസ്രോയ്ക്ക് കഴിഞ്ഞിരുന്നു. അതിന് ശേഷമുള്ള ഈ വർഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. വിക്ഷേപണം വിജയമായതിന് പിന്നാലെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് തൻ്റെ ടീമിനെ അഭിനന്ദിച്ചു. "GSLV-F14 INSAT-3DS ദൗത്യം പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം വളരെ സുപ്രധാനമായ ഒരു പരാമർശം കൂടി അദ്ദേഹം നടത്തുകയുണ്ടായി. ഇൻസാറ്റ് 3DS വിക്ഷേപണം വിജയകരമാക്കുന്നതിൽ വിക്ഷേപണ വാഹനം വളരെ മികച്ച പ്രകടനം കാഴ്ചവച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അത് വെറും വാക്കുകളല്ല, വികൃതിയായിരുന്ന ഒരു പയ്യൻ മിടുമിടുക്കനായി തീർന്നതിന്റെ സന്തോഷവും 'അവനെ' അങ്ങനെ ആക്കിയെടുത്തതിലെ അഭിമാനവും ആ വാക്കുകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും.
ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ Mk-II (GSLV Mk-II) ആണ് ഈ വിക്ഷേപണം വിജയത്തിലെത്തിച്ച ആ കരുത്തൻ വാഹനം. ഒരു കാലത്ത് വികൃതിക്കാരൻ എന്ന ചീത്തപ്പേര് ഉണ്ടായിരുന്ന വില്ലനാണ് ഇപ്പോൾ മിടുമിടുക്കനായി, ഐഎസ്ആർഒ ചെയർമാന്റെ പ്രത്യേക അഭിനന്ദനം നേടിയെടുക്കുകയും രാജ്യത്തിനാകെ പ്രയോജനപ്പെടുന്ന ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുകയും ചെയ്തിരിക്കുന്നത്.

ഒരുകാലത്ത് വിക്ഷേപണ തകരാറുകളും സാങ്കേതിക തകരാറുകളും മൂലം ജിഎസ്എൽവി ദൗത്യങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതാണ് നോട്ടിബോയ് എന്ന വിളിപ്പേര് ഈ റോക്കറ്റിന് നേടി നൽകിയത്. എന്നാൽ പിന്നീട് ജിഎസ്എൽവി റോക്കറ്റിനെ 'മര്യാദക്കാരൻ' ആക്കിയെടുക്കാൻ ഇസ്രോയ്ക്ക് കഴിഞ്ഞു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപണ വിജയം.
ഇൻസാറ്റ്-3ഡിഎസ് വിക്ഷേപണ വിജയത്തിലൂടെ കുപ്രസിദ്ധിമാറ്റി നല്ലപേര് സമ്പാദിക്കാൻ ജിഎസ്എൽവിക്കായി. "വികൃതിയായ കുട്ടി അച്ചടക്കമുള്ളവനായി" എന്നാണ് ജിഎസ്എൽവി എഫ് 14 ദൗത്യം വിജയമായതിന് പിന്നാലെ മിഷൻ ഡയറക്ടർ ഏറെ അഭിമാനത്തോടെ പ്രഖ്യാപിച്ചത്. ഇത് ജിഎസ്എൽവി റോക്കറ്റിൽ ഇസ്രോയ്ക്കുള്ള വിശ്വാസവും അഭിമാനവും ഒരേപോലെ പ്രതിഫലിപ്പിക്കുന്നു.
ജിഎസ്എൽവിയിൽ തങ്ങൾക്ക് വളരെ വലിയ ആത്മവിശ്വാസമാണ് ഉള്ളതെന്നും ഇപ്പോൾ അത് കൂടുതൽ ഉയർന്നു എന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് കൂട്ടിച്ചേർത്തു. ഇസ്രോയുടെ അടുത്ത വിക്ഷേപണം നിസാർ ദൗത്യമാണെന്നും അത് ഉടൻ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിക്ഷേപണ ശേഷി പരിഷ്കരിക്കാനും വർധിപ്പിക്കുന്നതിനുമുളള ഇസ്രോയുടെ പരിശ്രമത്തിന്റെ ഫലമാണ് ജിഎസ്എൽവി.

ചില പാളിച്ചകൾ മാറ്റി നിർത്തിയാൽ, 15 മുൻ ദൗത്യങ്ങളിൽ 11 എണ്ണത്തിലും ജിഎസ്എൽവി വിജയിച്ചു. ഇന്ത്യയുടെ റോക്കറ്റുകളിൽ ഏറ്റവും കരുത്തൻ പിഎസ്എൽവി(പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റുകളാണ്. ഏതാണ്ട് 1993 മുതൽ നമ്മുടെ ബഹിരാകാശ കുതിപ്പുകൾക്ക് നേതൃത്വം നൽകിയ വിശ്വസ്ത വിക്ഷേപണ വാഹനമാണ് പിഎസ്എൽവി. അതിനു പിന്നാലെ കരുത്ത് തെളിയിച്ച് ജിഎസ്എൽവി റോക്കറ്റുകളും എത്തി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ രാജ്യങ്ങൾക്കായി നിരവധി ബഹിരാകാശ വിക്ഷേപണങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ ഐഎസ്ആർഒ നടത്തുകയുണ്ടായി. 2022ൽ വന്ന ഒരു കണക്ക് പ്രകാരം 1,100 കോടി രൂപ ഇന്ത്യക്ക് സമ്പാദിച്ചു നൽകാൻ ഇസ്രോയ്ക്ക് കഴിഞ്ഞു. അന്ന് 19 രാജ്യങ്ങളിൽ നിന്നുള്ള 177 വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചുകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
തുടർന്നും നിരവധി വിക്ഷേപണങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ ഇസ്രോ നടത്തിവരുന്നു. ഇസ്രോയുടെ പടക്കുതിരകളായ പിഎസ്എൽവി(PSLV), ജിഎസ്എൽവി-എംകെ 3 ( GSLV-MkIII) റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു അന്നത്തെ വിക്ഷേപണങ്ങൾ. രണ്ട് വർഷത്തിനിപ്പുറവും ജിഎസ്എൽവി അതേകുതിപ്പ് തുടരുന്നു. 2001 മുതൽ ഇതുവരെ 15 ദൗത്യങ്ങൾ ജിഎസ്എൽവി നടത്തി. ഇതിൽ 11 ദൗത്യങ്ങൾ വിജയിച്ചു, GSLV-F14 ഹെവി-ലിഫ്റ്റ് വെഹിക്കിളിന്റെ 16-ാമത്തെ ദൗത്യമായിരുന്നു.

മൂന്ന് ഘട്ടങ്ങളുള്ള പ്രൊപ്പൽഷൻ സംവിധാനം ഉൾക്കൊള്ളുന്ന ജിഎസ്എൽവിയുടെ രൂപകൽപ്പന ആധുനിക റോക്കറ്ററിയുടെ ഒരു അത്ഭുതമാണ്. ആദ്യ ഘട്ടം, GS1, 139-ടൺ പ്രൊപ്പല്ലൻ്റ് കപ്പാസിറ്റിയുള്ള ഒരു സോളിഡ് പ്രൊപ്പല്ലൻ്റ് മോട്ടോറാണ് പ്രവർത്തിപ്പിക്കുന്നത്, നാല് സ്ട്രാപ്പ്-ഓൺ സ്റ്റേജുകളാൽ ചുറ്റുമായി 40 ടൺ എർത്ത്-സ്റ്റോർബിൾ ലിക്വിഡ് പ്രൊപ്പല്ലൻ്റ് വഹിക്കുന്നു.
രണ്ടാം ഘട്ടമായ GS2 മറ്റൊരു 40 ടൺ എർത്ത്-സ്റ്റോർ ചെയ്യാവുന്ന പ്രൊപ്പല്ലൻ്റ് ലോഡുമായി യാത്ര തുടരുന്നു. 15 ടൺ ദ്രാവക ഓക്സിജനും ലിക്വിഡ് ഹൈഡ്രജനും അടങ്ങിയ ക്രയോജനിക് പവർഹൗസായ GS3 എന്ന മൂന്നാം ഘട്ടത്തിൽ നിന്നാണ് ഭ്രമണപഥത്തിലേക്കുള്ള അവസാന പുഷ് വരുന്നത്.
രണ്ടാം ഘട്ടമായ GS2 മറ്റൊരു 40 ടൺ എർത്ത്-സ്റ്റോർ ചെയ്യാവുന്ന പ്രൊപ്പല്ലൻ്റ് ലോഡുമായി യാത്ര തുടരുന്നു. 15 ടൺ ദ്രാവക ഓക്സിജനും ലിക്വിഡ് ഹൈഡ്രജനും അടങ്ങിയ ക്രയോജനിക് പവർഹൗസായ GS3 എന്ന മൂന്നാം ഘട്ടത്തിൽ നിന്നാണ് ഭ്രമണപഥത്തിലേക്കുള്ള അവസാന പുഷ് വരുന്നത്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് GSLV-F14 ദൗത്യം വിജയിച്ചത്.

പ്രത്യേകിച്ച് ജിഎസ്എൽവിയുടെ ക്രയോജനിക് ഘട്ടം, വളരെ കുറഞ്ഞ താപനിലയിൽ പ്രൊപ്പല്ലൻ്റുകൾ ഉപയോഗിക്കുന്നത് കാരണം സാങ്കേതികമായി ഏറെ സങ്കീർണ്ണമാണ്. പണ്ട് ജിസാറ്റ് -1 വിക്ഷേപണത്തിനായുള്ള ജിഎസ്എൽവി-എഫ് 10 ദൗത്യത്തിനിടെ ക്രയോജനിക് സ്റ്റേജിന് തീപിടിക്കാൻ കഴിയാഞ്ഞത് ഉൾപ്പെടെയുള്ള മുൻകാല പരാജയങ്ങൾ നിലവിലെ ദൗത്യത്തിന്റെ മേൽ കരിനിഴൽ വീഴ്ത്തിയിരുന്നു.
എങ്കിലും എല്ലാ ആശങ്കകളെയും തള്ളിക്കളഞ്ഞുകൊണ്ട് GSLV-F14 ദൗത്യം വിജയിച്ചതോടെ മുൻകാല തടസങ്ങളെ മറികടക്കാൻ ഇസ്രോയ്ക്ക് കഴിഞ്ഞു എന്ന് തെളിയിക്കപ്പെട്ടു. വികൃതിക്കാരനിൽ നിന്ന് ഐഎസ്ആർഒയുടെ വിജയത്തിന്റെ പതാകാവാഹകനായി മാറിയ ജിഎസ്എൽവി ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെയും വിജയത്തിനായുള്ള ഇസ്രോയുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ്.


Click it and Unblock the Notifications








