'കൽക്കി 2898 എഡി' ഇന്ത്യയുടെ VFX 'അവതാർ'; കിട്ടിയിരിക്കുന്നത് ഒരു പൊൻതൂവൽ
പ്രഭാസ് എന്ന നടനെ പാൻ-ഇന്ത്യൻ നായകനായി മാറ്റിയ ചിത്രമായിരുന്നു രാജമൗലി ഒരുക്കിയ ബാഹുബലി. ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ പ്രഭാസിന്റേതായി എത്തി. എന്നാലിപ്പോൾ പ്രഭാസിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ സിനിമ റിലീസിനെത്തിയിരിക്കുന്നു- 'കൽക്കി 2898 എഡി'. ഇന്ത്യൻ സിനിമയിലെ ബിഗ് ബിയും കമൽഹാസനും അടക്കമുള്ള വമ്പൻ താരനിരയാൽ കൽക്കി ഇതിനകം വൻ സംഭവമായിക്കഴിഞ്ഞു. എന്നാൽ ഈ ചിത്രത്തിന്റെ വിജയത്തിൽ പ്രഭാസ് അടക്കമുള്ള വമ്പൻ താരങ്ങളെക്കാൾ പ്രാധാന്യം മറ്റൊന്നിനാണ്. തിരശീലയിൽ ദൃശ്യവിസ്മയം തീർക്കുന്ന വിഷ്വൽ ഇഫക്ട്ര് (Visual Effects) അഥവാ വിഎഫ്എക്സ് ആണ് ആ താരം.
നാഗ് അശ്വിൻ സംവിധാനം ചെയ്തിരിക്കുന്ന 'കൽക്കി 2898 എഡി' ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് 'കൽക്കി 2898 എഡി'യിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് 'കൽക്കി 2898 എഡി' പറയുന്നത്. പുരാണങ്ങളുമായും വിശ്വാസങ്ങളുമായുമൊക്കെ അത്രമേൽ ബന്ധപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ഘടകം താരങ്ങളെക്കാൾ വിഎഫ്എക്സ് തന്നെയാണ് എന്ന് പറയേണ്ടിവരും. ഹോളിവുഡ് സിനിമകളിൽ വിഎഫ്എക്സ് ഒരു സാധാരണ സംഭവമായിക്കഴിഞ്ഞിരിക്കുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങൾ ഇതിനകം വിഎഫ്എക്സ് കൊണ്ട് നമ്മെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്.
ഹോളിവുഡിലെ വിഎഫ്എക്സ് ചിത്രം എന്ന് കേട്ടാൽ പലർക്കും ആദ്യം ഓർമ്മവരുക അവതാർ സിനിമയെയാണ്. ഹോളിവുഡിലെ ഏറ്റവും മികച്ച വിഎഫ്എക്സ് ഉള്ള ചിത്രങ്ങളിൽ ആദ്യ പത്ത് സ്ഥാനങ്ങളിലേക്ക് പരിഗണിക്കാവുന്ന ചിത്രങ്ങൾ Interstellar, Inception, Terminator 2: Judgement Day, Jurassic Park, Avatar, Dawn of the Planet of the Apes, Pacific Rim Uprising, Gravity, Avengers: Age of Ultron, The Matrix എന്നിവയാണ്.
ഹോളിവുഡ് മാത്രമല്ല ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലിറങ്ങിയ ചിത്രങ്ങളും ബോളിവുഡും വിഎഫ്എക്സ് അദ്ഭുതങ്ങൾ സമ്മാനിച്ചിട്ടുണ്ട്. റാവൺ, ബാഹുബലി, ക്രിഷ് 3, രജനികാന്തിന്റെ 2.0, ആർആർആർ, ബ്രഹ്മാസ്ത്ര, തുടങ്ങിയവയൊക്കെ അവയിൽ ചിലത് മാത്രം. എന്നാൽ ഇനി ഇന്ത്യയിലെ ഏറ്റവും മികച്ച വിഎഫ്എക്സ് സിനിമ ഒരുപക്ഷേ 'കൽക്കി 2898 എഡി' ആയിരിക്കും.
എന്താണ് വിഎഫ്എക്സ്: വിഎഫ്എക്സ് എന്നാൽ വിഷ്വൽ ഇഫക്ട്സ്. തത്സമയ ആക്ഷൻ ഷോട്ടുകളുടെയും ഡിജിറ്റൽ ചിത്രങ്ങളുടെയും സംയോജനത്തിൽ നിന്ന് വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണിത്. സിനിമ ഒരു സർഗാത്മക സൃഷ്ടിയാണ്. നമ്മുടെ ചിന്തയിൽ ഉണ്ടാകുന്ന കാര്യങ്ങൾ സൃഷ്ടിക്കാൻ പല പരിമിതികളും നേരിട്ടിരുന്നു. അത്തരം പരിമിതികളെ ഇല്ലാതാക്കാനും മനസിൽ തോന്നുന്നതെന്തും സൃഷ്ടിക്കാനും ഇന്ന് വിവിധ ടെക്നോളജികളുടെ സഹായമുണ്ട്.
ഇന്ന് സാധാരണ സിനിമകളിൽ പോലും വിഎഫ്എക്സ് സാന്നിധ്യമുണ്ട്. 'കൽക്കി 2898 എഡി' എന്നത് മിത്തോളജിയിൽ വേരൂന്നിയുള്ള ഒരു ചിത്രമാണ്. അതിനാൽത്തന്നെ വിഎഫ്എക്സ് ഇല്ലാതെ ഈ ചിത്രം ചിന്തിക്കാനേ സാധിക്കില്ല. വിഷ്വൽ ഇഫക്‌റ്റുകൾ (അല്ലെങ്കിൽ വിഎഫ്എക്‌സ്) എന്നത് സ്‌ക്രീനിൽ റിയാലിറ്റി വർദ്ധിപ്പിക്കുന്നതിനായി തത്സമയ-ആക്ഷൻ ഫൂട്ടേജുമായി സംയോജിപ്പിച്ച കമ്പ്യൂട്ടർ സൃഷ്‌ടിച്ചതോ കൃത്രിമമായതോ ആയ ഇമേജറിയാണ്.

സിജിഐ: വിഎഫ്എക്സിലെ പ്രധാനിയാണ് സിജിഐ. കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് സൃഷ്‌ടിച്ച ഏതൊരു വിഷ്വൽ ഇഫക്‌റ്റും കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി (CGI ) ആണ്. 3D ചുറ്റുപാടുകൾ, പ്രതീകങ്ങൾ, ഭൗതികമായി സെറ്റിൽ ഇല്ലാത്ത ഘടകങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ആണ് CGI കൂടുതലും ഉപയോഗിക്കുന്നത്.
കമ്പോസിറ്റിംഗ്: രണ്ടോ അതിലധികമോ ചിത്രങ്ങൾ സംയോജിപ്പിച്ച് ഒരു ഷോട്ടിൻ്റെ രൂപം നൽകുന്നതാണ് കമ്പോസിറ്റിംഗ്. ഫിലിം മേക്കിംഗിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കമ്പോസിറ്റിംഗാണ് ക്രോമ കീ കമ്പോസിറ്റിംഗ്, ഇത് സാധാരണയായി "ഗ്രീൻ സ്‌ക്രീൻ" എന്നറിയപ്പെടുന്നു. ഈ VFX പ്രക്രിയ ആരംഭിക്കുന്നത് ഒരു പച്ച (അല്ലെങ്കിൽ നീല) പ്രതലത്തിന് മുന്നിൽ അഭിനേതാക്കളും പ്രോപ്പുകളും സ്ഥാപിക്കുന്നതിലൂടെയാണ്.
പിന്നീട്, പോസ്റ്റ് പ്രൊഡക്ഷനിൽ, VFX ആർട്ടിസ്റ്റുകൾ ആ സോളിഡ് കളർ സുതാര്യമാകുന്നതുവരെ അത് മാറ്റുന്നു, ആ സമയത്ത് പശ്ചാത്തലം സിനിമാ നിർമ്മാതാവ് ആഗ്രഹിക്കുന്ന മറ്റേത് ഫൂട്ടേജിലും ഫിൽ ചെയ്യാൻ കഴിയും. വിഎഫ്എക്സിന്റെ മറ്റൊരു പ്രധാന ഘടകം മാറ്റ് പെയിൻ്റിംഗ് ആണ്. ഒരു കലാകാരൻ ഒരു പശ്ചാത്തലം ഡിജിറ്റലായി വരയ്ക്കും, അതിൽ അഭിനേതാക്കളും വസ്തുക്കളും പിന്നീട് ചേർക്കും.

"ഗെയിം ഓഫ് ത്രോൺസ്" സിനിമയിൽ വലിയ തോതിലുള്ള ഫാൻ്റസി ക്രമീകരണങ്ങൾ സൃഷ്ടിക്കാൻ പലപ്പോഴും ഡിജിറ്റൽ മാറ്റ് പെയിൻ്റിംഗുകൾ ഉപയോഗിച്ചിരിക്കുന്നു. മോഷൻ ക്യാപ്‌ചർ: സിജിഐയുടെ മുന്നേറ്റമാണ്. മോഷൻ ക്യാപ്‌ചർ ടെക്‌നോളജി പലപ്പോഴും "മോ-ക്യാപ്" എന്ന് വിളിക്കപ്പെടുന്നു. ഒരു നടൻ്റെ മുഖഭാവങ്ങളും ചലനങ്ങളും ട്രാക്കുചെയ്യുന്നു, അതുവഴി VFX ആർട്ടിസ്റ്റുകൾക്ക് ആനിമേറ്റുചെയ്‌ത ഘടകങ്ങൾ അവയ്ക്ക് മീതെ സ്ഥാപിക്കാൻ കഴിയും.
മോഷൻ ക്യാപ്‌ചറിനായി നടൻ ശരീരത്തിൻ്റെ ഭാരം, ചലനം, ഭൗതികത എന്നിവ പകർത്തുന്ന സെൻസറുകളാൽ പൊതിഞ്ഞ ഒരു സ്യൂട്ടും അവരുടെ മുഖഭാവങ്ങൾ പകർത്തുന്ന തലയിൽ ഘടിപ്പിച്ച ക്യാമറ തുടങ്ങിയവയെല്ലാം ധരിക്കേണ്ടതായി വരാറുണ്ട്. ഈ ഡാറ്റയെല്ലാം വിഎഫ്എക്‌സ് ടീമിന് ഉപയോഗിക്കാവുന്ന സോഫ്‌റ്റ്‌വെയറിലേക്ക് കംപൈൽ ചെയ്‌ത് ഡിജിറ്റലായി സൃഷ്‌ടിച്ച പ്രതീകത്തിലേക്ക് ക്രാഫ്റ്റ് ചെയ്യുന്നു.
അസാധാരണമായ കഥാപാത്രങ്ങളിലേക്കും കഥാ പരിസരത്തിലേക്കും പ്രേക്ഷകനെ കൊണ്ടുപോകാൻ വിഎഫ്എക്സ് ടെക്നോളജി വലിയ പങ്ക് വഹിക്കുന്നു. ഇവിടെ കൽക്കിയിലും സിനിമയുടെ കഥയുടെ ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാൻ ഏറ്റവും മികച്ച വിഎഫ്എക്സ് സൃഷ്ടിതന്നെ നടത്തിയിരിക്കുന്നു. ഇതിലെ യുദ്ധങ്ങളും പശ്ചാത്തലങ്ങളും പ്രേക്ഷകനെ കോരിത്തരിപ്പിക്കുമ്പോൾ അതിന് കിട്ടുന്ന അഭിനന്ദനങ്ങളുടെ ഒരു പങ്ക് വിഎഫ്എക്സിന് അർഹതപ്പെട്ടതാണ്. വിഎഫ്എക്സ് എന്ന് കേട്ടാൽ ഒരുപക്ഷേ ഇനി പലരും ഓർക്കുന്നതിൽ അവതാർ ഒക്കെപ്പോലെ 'കൽക്കി 2898 എഡി'യും ഉണ്ടാകും!


Click it and Unblock the Notifications








