ചന്ദ്രനിലിറങ്ങാൻ ചന്ദ്രയാൻ-3! മിനിയേച്ചർ മോഡലുമായി തിരുപ്പതി ക്ഷേത്രദർശനം നടത്തി ഐഎസ്ആർഒ ശാസ്ത്രഞ്ജർ
രാജ്യം അഭിമാനത്തോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ 3 വിക്ഷേപണത്തിനായി സകല തയാറെടുപ്പുകളും പൂർത്തിയാക്കി ഐഎസ്ആർഒ. വിക്ഷേപണത്തിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം ജൂലൈ 11ന് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഐസ്ആർഒ അറിയിച്ചു. ജൂലൈ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപണം.
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ 3യിലൂടെ കുറിക്കപ്പെടുന്നത്. വിക്ഷേപണം വിജയകരമാകാൻ ഒരു സംഘം ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സംഘം തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചന്ദ്രയാൻ 3യുടെ മിനിയേച്ചർ രൂപവുമായിട്ടായിരുന്നു ശാസ്ത്രജ്ഞരുടെ ക്ഷേത്രസന്ദർശനം. എല്ലാ പ്രധാന വിക്ഷേപണങ്ങൾക്കും മുന്നോടിയായി ഇത്തരം സന്ദർശനങ്ങൾ പതിവാണ്.

ചന്ദ്രയാൻ 3 വിക്ഷേപണത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. നേരത്തെ ഐഎസ്ആർഒ ചന്ദ്രയാൻ-1, ചന്ദ്രയാൻ-2 എന്നീ രണ്ട് ദൗത്യങ്ങൾ ഐഎസ്ആർഒ നടത്തിയിരുന്നു. ചന്ദ്രയാൻ 2ലൂടെ ഇന്ത്യ പുതിയ ചരിത്രം കുറിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം, ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തുന്നതിൽ പരാജയപ്പെട്ടതോടെ തിരിച്ചടി നേരിടുകയായിരുന്നു.
മുൻ പിഴവുകളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടും അവ പരിഹരിച്ചുമാണ് ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഐഎസ്ആർഒ തയാറെടുത്തിരിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുന്നതിനുള്ള ലാൻഡറും റോവറും ഉൾപ്പെട്ടതാണ് ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നായ ജിയോസിങ്ക്രണസ് ലോഞ്ച് വെഹിക്കിൾ എംകെ 3 (എൽവിഎം-3) എന്ന അത്യാധുനിക റോക്കറ്റാണ് ചന്ദ്രയാൻ 3യുടെ വിക്ഷേപണ വാഹനം.
ജിഎസ്എൽവി മാർക് ത്രീ എന്നറിയപ്പെട്ടിരുന്ന ഈ റോക്കറ്റ് 2022 ഒക്ടോബറിലാണ് എൽവിഎം ത്രീ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള ഈ റോക്കറ്റിന്‌റെ വിക്ഷേപണസമയത്തെ ഭാരം 640 ടണ്ണാണ്. ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4000 കിലോയും ലോവർ എർത് ഓർബിറ്റിലേക്ക് 8000 കിലോയുമെത്തിക്കാൻ എൽവിഎം ത്രീയ്ക്ക് ശേഷിയുണ്ട്.
എല്ലാ ഉപകരണങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുകയും സോഫ്റ്റ് ലാൻഡിംഗ് സാധ്യമാകുകയും ചെയ്താൽ ചന്ദ്രനിൽ ഇന്ത്യ ചരിത്രം രചിക്കും. ലാൻഡിങ്ങിനാണ് ഇത്തവണ കൂടുതൽ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. അതിനായി കഴിഞ്ഞ തവണത്തെ ലാൻഡറിൽ കാര്യമായ നവീകരണം നടത്തിയിട്ടുണ്ട്. റോവറിന് 6 ചക്രങ്ങളാണുള്ളത്. ചന്ദ്രനിൽ 14 ദിവസം പ്രവർത്തിക്കാൻ റോവറിന് സാധിക്കുമെന്ന് ഐഎസ്ആർഒ കണക്കുകൂട്ടുന്നു.
ലാൻഡിങ് വിജയമായാൽ അതിന് ശേഷം റോവർ പുറത്തുവരും. ആൽഫ പാർട്ടിക്കിൾ എക്സ്‌റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്‍എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നിങ്ങനെ രണ്ട് ഉപകരണങ്ങൾ റോവറിൽ ഉണ്ടാകും. ലാൻഡ് ചെയ്യുന്ന മേഖലയിലെ തന്മാത്രാ ഘടനയും മറ്റും പരിശോധിക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. റോവറിലെ ഒന്നിലധികം ക്യാമറകളുടെ പിന്തുണയോടെ ചിത്രങ്ങളും ലഭിക്കും.

ചന്ദ്രയാൻ 3യിലെ മറ്റൊരു പ്രധാന ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ കമ്മ്യൂണിക്കേഷൻസ് റിലേ ഉപഗ്രഹം കൂടിയാണ്. ഭൂമിയുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്നെ തുടരും. സ്പെക്ട്രോ പോളിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത് അഥവാ ഷെയ്പ് എന്നൊരു ഉപകരണമാണ് ഇതിനുള്ളിലുള്ളത്.
എല്ലാം ശരിയായാൽ ഓഗസ്റ്റ് 23 അല്ലെങ്കിൽ 24-ന് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങും. ദൗത്യം വിജയമായാൽ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചരിത്രത്തിലേക്ക് കുതിക്കാൻ ഒരുങ്ങുന്ന ചന്ദ്രയാൻ 3യുടെ വിക്ഷേപണം ഐഎസ്ആർഒയുടെ വെബ്സൈറ്റിലും(https://www.isro.gov.in/) ഫെയ്സ്ബുക്ക് പേജിലും(https://www.facebook.com/ISRO ) തത്സമയം കാണാം.


Click it and Unblock the Notifications








