ചരിത്രകുതിപ്പിന് സാക്ഷിയാകാൻ പോയാലോ! ചന്ദ്രയാൻ 3 വിക്ഷേപണം കാണാൻ പൗരന്മാരെ ക്ഷണിച്ച് ഐഎസ്ആർഒ!
ഇന്ത്യയുടെ ചാന്ദ്ര സ്വപ്നങ്ങളും പേറി ചന്ദ്രയാൻ 3 ജൂലൈ 14 ന് പുറപ്പെടുന്ന അസുലഭ കാഴ്ച കാണാൻ പൗരന്മാരെ ക്ഷണിച്ച് ഐഎസ്ആർഒ. വിക്ഷേപണ വാഹനത്തിന്റെ (എൽവിഎം-3) എല്ലാ ഇലക്ട്രിക്കൽ ടെസ്റ്റുകളും പൂർത്തിയാക്കിയതായും മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണത്തിലേക്ക് നീങ്ങുകയാണെന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആർഒ) അറിയിച്ചു.
ഇതോടൊപ്പം "ശ്രീഹരിക്കോട്ടയിലെ SDSC-SHAR-ലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് വിക്ഷേപണം കാണാൻ പൗരന്മാരെ ക്ഷണിക്കുന്നതായി ഐഎസ്ആർഒ ട്വീറ്റിലൂടെ അറിയിച്ചു. അതിനായി രജിസ്ട്രേഷൻ ലിങ്കും ( https://lvg.shar.gov.in/VSCREGISTRATION ) ഐഎസ്ആർഒയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. താൽപര്യമുള്ള പൗരന്മാർ ഈ ലിങ്കിൽക്കയറി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾ ഇതിനകം ഐഎസ്ആർഒ പൂർത്തിയാക്കിക്കഴിഞ്ഞു. ലോഞ്ച് വെഹിക്കിൾ ലോഞ്ച് പാഡിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ -3 ജൂലൈ 14 ന് ഉച്ചകഴിഞ്ഞ് 2.35 ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിക്കുന്നത്.
ലോഞ്ചിങ് തീയതി സംബന്ധിച്ച സ്ഥിരീകരണം ഐഎസ്ആർഒ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. എല്ലാം ശരിയായാൽ ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ 3യിലെ ലാൻഡർ ചന്ദ്രനിൽ ഇറങ്ങുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ചന്ദ്രന്റെയും ഭൂമിയുടെയും അകലം ഏറ്റവും കുറഞ്ഞ സമയത്ത് ലാൻഡർ ചന്ദ്രനിലിറങ്ങുന്നതാണ് കൂടുതൽ സുരക്ഷിതമെന്നാണ് വിലയിരുത്തൽ.
ആ നിലയ്ക്ക് ചന്ദ്രയാൻ -3 യുടെ ലാൻഡർ ഓഗസ്റ്റ് 23 അല്ലെങ്കിൽ 24 ന് ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതമായി ചന്ദ്രയാൻ 3 ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതാണ് ഐഎസ്ആർഒയുടെ പ്രധാന ലക്ഷ്യമെന്ന് സോമനാഥ് പറഞ്ഞു.
ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുന്നതിനുള്ള ലാൻഡറും റോവറും ഉൾപ്പെട്ടതാണ് ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ. ''എല്ലാ ഉപകരണങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുകയും സോഫ്റ്റ് ലാൻഡിംഗ് സാധ്യമാകുകയും ചെയ്താൽ എല്ലാം ശരിയാകും. ചന്ദ്രയാൻ 3 യിലെ ലാൻഡിങ് സംവിധാനത്തിൽ നല്ല പ്രതീക്ഷയുണ്ട്. ലാൻഡിങ് വിജയമായാൽ അതിന് ശേഷം റോവർ പുറത്തുവരും''.
''റോവറിന് 6 ചക്രങ്ങളുണ്ട്, റോവർ ചന്ദ്രനിൽ 14 ദിവസം പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. റോവറിലെ ഒന്നിലധികം ക്യാമറകളുടെ പിന്തുണയോടെ, ചിത്രങ്ങൾ ലഭിക്കും. റോവറിൽ ഒരു സോളാർ പാനൽ ഉണ്ട്. ഇത് ഞങ്ങൾ ഇതിനകം പരീക്ഷിച്ചതാണ്. നല്ല റിസൾട്ടാണ് ലഭിച്ചത് '' എന്ന് ചന്ദ്രയാൻ 3 വിക്ഷേപണത്തെക്കുറിച്ച് വിവരിക്കവേ ചെയർമാൻ സോമനാഥ് വ്യക്തമാക്കി.

വിക്ഷേപണ വേളയിൽ നേരിടേണ്ടിവരുന്ന കഠിനമായ പ്രകമ്പനത്തെ നേരിടാനുള്ള പേടകത്തിന്റെ ശക്തി ഉറപ്പുവരുത്താനുള്ള പരീക്ഷണങ്ങൾ ഐഎസ്ആർഒ ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറിനെയും റോവറിനേയും 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കൊണ്ടുവരും, തുടർന്ന് ക്രാഫ്റ്റിൽ നിന്ന് വേർപെടുത്തും. ചന്ദ്രന്റെ തെക്കേ ധ്രുവത്തിനു സമീപം ആണ് ലാൻഡർ ഇറക്കുക.
കമ്മ്യൂണിക്കേഷൻസ് റിലേ ഉപഗ്രഹം കൂടിയായ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്നെ തുടരും. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് 615 കോടി രൂപ ചെലവുള്ള ചാന്ദ്രയാൻ 3 ദൗത്യം കൊണ്ട് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








