ഉപഗ്രഹം വിക്ഷേപിക്കാം, "ഓട്ടോചാർജ്" തന്നാൽ മതി; ബഹിരാകാശ വിപണി കീഴടക്കാൻ ഐഎസ്ആർഒ

ചരിത്രം തിരുത്തിയെഴുതുന്നത് ഒരു തമാശ പോലെ കാണുന്ന സ്ഥാപനമാണ് നമ്മുടെ ഐഎസ്ആർഒ. പഴയ പശു, സൈക്കിൾ സംഭവങ്ങളൊന്നും പറയാൻ നിൽക്കുന്നില്ല, നേരിട്ട് കാര്യത്തിലേക്ക് വരാം. ജിഎസ്എൽവി, പിഎസ്എൽവി കുടുംബത്തിലേക്ക് പരീക്ഷകളെല്ലാം പാസായി ഒരു കുഞ്ഞ് അനിയൻ കൂടി എത്തിയിരിക്കുകയാണ്. പേര് സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവി (SSLV). രണ്ടാമത്തെ പരീക്ഷണ വിക്ഷേപണത്തിൽ മൂന്ന് ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് കരുത്ത് തെളിയിച്ച ശേഷമാണ് എസ്എൽവി ഫാമിലിയിൽ ഈ കുഞ്ഞൻ റോക്കറ്റ് തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ - SSLV-D2/EOS-07

ആർക്കും തോന്നാം പേരെടുത്ത ഏട്ടനും അതിലും പ്രശസ്തനായ വല്ല്യേട്ടനും കുത്തിയിരിക്കണടത്തേക്ക് എന്തിനാണീ കൊച്ച് ചെറുക്കനെ കൊണ്ടിരുത്തുന്നതെന്ന്. എസ്എസ്എൽവി ആള് കുഞ്ഞനാണെങ്കിലും കഴിവിലും സാധ്യതകളിലും വല്ല്യേട്ടനാണ്. ബഹിരാകാശ വിപണി പിടിച്ചടക്കുക എന്നൊരു ലക്ഷ്യം വച്ചാണ് ഐഎസ്ആർഒ എസ്എസ്എൽവി തയ്യാറാക്കിയതെന്ന് വേണമെങ്കിൽ പറയാം. നിലവിൽ ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞതും ( വെറും 56 കോടി രൂപ ) നിർമിക്കാനും വിക്ഷേപിക്കാനും ഏറ്റവും കുറച്ച് സമയം മാത്രം വേണ്ടതുമായ റോക്കറ്റാണ് എസ്എസ്എൽവി.
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ പറയുന്നത് അനുസരിച്ച് ഉപഗ്രഹ വിക്ഷേപണത്തിനുള്ള ഓർഡർ കിട്ടിയാൽ വെറും 15 ദിവസം കൊണ്ട് എസ്എസ്എൽവി അസംബ്ലി ചെയ്ത് ലോഞ്ച് ചെയ്യാൻ കഴിയും. ലോഞ്ച് പാഡിൽ വെറും രണ്ട് ദിവസത്തെ തയ്യാറെടുപ്പുകൾ മാത്രമാണ് വിക്ഷേപണത്തിനായി വേണ്ടത്. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിനുള്ള കാലയളവ് വച്ച് നോക്കുമ്പോൾ 15 ദിവസമൊക്കെ ഒരു ചായ കുടിക്കാൻ ഏടുക്കുന്ന സമയം മാത്രമാണ്. ഏജൻസിയുടെ ഏറ്റവും വിശ്വാസ്യതയുള്ള പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾക്ക് ഏറെ സമയവും തയ്യാറെടുപ്പുകളും ഒപ്പം ഉയർന്ന ചെലവും വരും.
ഒരു റോക്കറ്റ് ഉപയോഗിച്ച് ഒരുപാട് കുഞ്ഞൻ റോക്കറ്റുകൾ വിക്ഷേപിക്കുന്ന സങ്കീർണത, ശേഷിയിലും കുറഞ്ഞ ദൂരത്തേക്ക് വിക്ഷേപണം നടത്തേണ്ടി വരുമ്പോൾ വിഭവങ്ങളുടെ അധിക ഉപയോഗം ഇങ്ങനെയുള്ള പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് എസ്എസ്എൽവി. 500 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കാൻ കഴിയുന്ന മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ( 500 കിലോ വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ) എസ്എസ്എൽവി പര്യാപ്തമാണ്. ഒന്നിൽ കൂടുതൽ ഉപഗ്രഹങ്ങൾ വഹിക്കാനും എസ്എസ്എൽവിക്ക് ശേഷിയുണ്ട്, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൌകര്യങ്ങളും അത്രയധികം വേണ്ടി വരുന്നില്ലെന്നതും ഈ റോക്കറ്റിന്റെ പ്രത്യേകതയാണ്. ഇത് ചിലവ്, തയ്യാറെടുപ്പ്, സമയം എന്നിങ്ങനെ വലിയ ലാഭം ഐഎസ്ആർഒയ്ക്ക് നേടിക്കൊടുക്കും. ഇവിടെയാണ് എസ്എസ്എൽവിയുടെ വലിയ വിപണി സാധ്യതകൾ ഐഎസ്ആർഒ കാണുന്നതും.
ബഹിരാകാശ വിപണി

ആഗോള ബഹിരാകാശ വിപണിയിൽ ഇപ്പോൾ തന്നെ വലിയ സക്സസ് റേറ്റ് ഉള്ള എജൻസിയാണ് ഐഎസ്ആർഒ. ചെലവ് കുറഞ്ഞ വിക്ഷേപണങ്ങൾക്കും ദൌത്യങ്ങൾക്കും ഐഎസ്ആർഒ പേരെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പല രാജ്യങ്ങളും ഏജൻസികളും ഒക്കെ ഉപഗ്രഹവിക്ഷേപണത്തിനായി ഐഎസ്ആർഒയെ സമീപിക്കുന്നത്. കുഞ്ഞൻ സാറ്റലൈറ്റുകൾ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഭ്രമണപഥങ്ങളിലെത്തിക്കാൻ സഹായിക്കുന്ന എസ്എസ്എൽവിയുടെ സാന്നിധ്യം ഈ വിപണിയിൽ ഐഎസ്ആർഒയുടെ സ്വീകാര്യത കൂട്ടും.
ഉപയോഗിക്കുന്നത് ഖര ഇന്ധനം
3 സ്റ്റേജ് ലോഞ്ച് വെഹിക്കിളായ എസ്എസ്എൽവിയിൽ മൂന്ന് സോളിഡ് പ്രൊപ്പൽഷൻ ( ഖര ഇന്ധനം ) ഘട്ടങ്ങളാണുള്ളത്. വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ ( ഉപഗ്രഹത്തെ നിർദിഷ്ട ഭ്രമണപഥത്തിൽ എത്തിക്കുന്ന ഘട്ടം ) മാത്രമാണ് ലിക്വിഡ് പ്രൊപ്പൽഷൻ ( ദ്രവ ഇന്ധനം ) ഉപയോഗിച്ചിരിക്കുന്നത്. ഖര ഇന്ധനം ( ഹൈഡ്രോക്സിൽ ടെർമിനേറ്റഡ് പോളിബ്യൂട്ടാഡൈൻ ) ഉപയോഗിക്കുന്നതാണ് എസ്എസ്എൽവി വിക്ഷേപണത്തിനുള്ള ചിലവ് ഇത്രയധികം കുറയ്ക്കുന്നത്. ലോ എർത്ത് ഓർബിറ്റിലേക്കുള്ള വിക്ഷേപണങ്ങൾക്ക് ലിക്വിഡ് എഞ്ചിന്റെ ആവശ്യമില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നുണ്ട്.
ജിഎസ്എൽവിയുമായോ പിഎസ്എൽവിയുമായോ എസ്എസ്എൽവിയെ ഒരു തരത്തിലും താരതമ്യം ചെയ്യാൻ മുതിരരുത്. 2000 കിലോ വരെയുള്ള ഭാരം വഹിച്ച് 900 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള റോക്കറ്റാണ് പിഎസ്എൽവി. തറവാട്ടിലെ വല്ല്യേട്ടനായ ജിഎസ്എൽവിക്ക് 5000 കിലോ ഭാരം വഹിച്ച് 36,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. നമ്മുടെ എസ്എസ്എൽവിയ്ക്ക് 500 കിലോ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റർ വരെയുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കാൻ മാത്രമാണ് സാധിക്കുക. ആകെ 34 മീറ്റർ ഉയരം, രണ്ട് മീറ്റർ വ്യാസം, 120 ടൺ ഭാരം വരുന്ന എസ്എസ്എൽവി റോക്കറ്റിന് 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുണ്ട്.
വിക്ഷേപണം

ശ്രീഹരിക്കോട്ടയിൽ നിന്നും രാവിലെ 9.18നാണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് വിക്ഷേപിച്ചത്. 13 മിനിറ്റിനുള്ളിൽ 156.3 കിലോ ഭാരമുള്ള ഇഒഎസ്-07 ഭ്രമണപഥത്തിൽ എത്തിച്ചു. പിന്നാലെ ( 1.6 മിനിറ്റിന് ശേഷം ) ജാനസ്-1 ആസാദിസാറ്റ്-2 ഉപഗ്രഹങ്ങളെയും ഭ്രമണപഥങ്ങളിൽ വിന്യസിച്ചു. 750 പെൺകുട്ടികളുടെ പങ്കാളിത്തത്തോടെയാണ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദിസാറ്റ് നിർമിച്ചത്.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന വിക്ഷേപണത്തിൽ എസ്എസ്എൽവി പരാജയപ്പെട്ടിരുന്നു.


Click it and Unblock the Notifications








