രണ്ട് കൈകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ എഐ യന്ത്രക്കൈ വാങ്ങാൻ തയാറായിക്കോ!
പണിയെടുത്ത് നടുവൊടിഞ്ഞാലും വിശ്രമിക്കാൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഒരു രണ്ട് കൈകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുള്ളവർ ഉണ്ടാകും. ആഗ്രഹിക്കുന്നതെല്ലാം നേടാൻ ശാസ്ത്രവും എഐയും കൂടെയുള്ള ഇക്കാലത്ത് കൈയത്തും ദൂരത്തിനപ്പുറത്തുള്ളതും മനുഷ്യൻ എത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കൽ അസാധ്യമെന്നും സാങ്കൽപ്പികമെന്നുമൊക്കെ നാം കരുതിയിരുന്ന പലതും ഇന്ന് ടെക്നോളജി നമുക്കുമുന്നിൽ എത്തിച്ചിട്ടുണ്ട്.
അതേപോലെ തന്നെ രണ്ട് കൈ എക്സ്ട്രാ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിൽ അതും നടക്കും. കാരണം അതിനുള്ള പരീക്ഷണങ്ങൾ ഏതാണ്ട് വിജയം കണ്ടിരിക്കുന്നു എന്ന് പറയാം. മനുഷ്യനും സാങ്കേതികവിദ്യയുമായുള്ള കൂട്ടുകെട്ട് നമുക്ക് മുന്നിൽ ഒരുക്കിയിരിക്കുന്ന അദ്ഭുതങ്ങൾക്ക് കൈയ്യും കണക്കുമില്ല.

പരിമിതികളെ മറികടക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിച്ച ഒരു സംഘം ഗവേഷകർ ഇപ്പോൾ അതിശയിപ്പിക്കുന്ന ഒരു നേട്ടം സ്വന്തമാക്കുന്നതിന്റെ വക്കിൽ എത്തി നിൽക്കുകയാണ്. എഐ പിന്തുണയുള്ള റോബോട്ടിക് കൈകളാണ് ഈ അതിശയ കണ്ടുപിടുത്തം. മനുഷ്യശരീരത്തോട് ചേർത്ത് ഘടിപ്പിക്കാം എന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സമർഥമായി ഉപയോഗിക്കാം എന്നതുമാണ് ഈ റോബോട്ടിക് കൈകളുടെ പ്രത്യേകത.
എഐ പിന്തുണയുള്ള റോബോട്ടിക് കൈകൾ തയാറാക്കാൻ ജിസായ് ആംസ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി ഒരു ജാപ്പനീസ് റോബോട്ടിക്‌സ് സ്ഥാപനം ആണ് മുന്നോട്ടുവന്നത്. മനുഷ്യശരീരത്തോട് ചേർന്ന് ഘടിപ്പിക്കാവുന്ന ഈ കൈകൾ നമ്മുടെ ചിന്തകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കും വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സയൻസ് ഫിക്ഷൻ സിനിമകളിലും മറ്റും നാം കണ്ടിരുന്ന പലതും പിൽക്കാലത്ത് യാഥാർഥ്യമാക്കുന്നതുപോലെ യന്ത്രക്കൈകളും യാഥാർഥ്യമായിരിക്കുകയാണ്. എഐ പിന്തുണയോടെ ആഗ്രഹിക്കുന്ന വിധത്തിൽ ചലിപ്പിക്കാം എന്നതാണ് ഈ യന്ത്രക്കൈകളുടെ ഏറ്റവും വലിയ പ്രത്യേകത. യന്ത്രക്കൈകൾ ഘടിപ്പിക്കുന്ന ആളുടെ സ്വന്തം കൈ ചലനങ്ങൾ സെൻസറി ഇൻപുട്ടുകളായി ഉപയോഗിച്ചാണ് നിലവിൽ ഇവ നിയന്ത്രിക്കാനാകുക.
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ആറ് ടെർമിനലുകളും വേർപെടുത്താവുന്ന റോബോട്ട് കൈകളുമുള്ള ധരിക്കാവുന്ന അടിസ്ഥാന യൂണിറ്റ് അടങ്ങുന്ന സൂപ്പർ ന്യൂമററി റോബോട്ടിക് അവയവ സംവിധാനമാണ് ജിസായ് ആംസ്. പതിറ്റാണ്ടുകളായി നടന്നുവരുന്ന സൈബോർഗ് ഗവേഷണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ജിസായ് ആംസ്. സൈബോർഗ് എന്ന ആശയത്തിന്റെ ചുവട് പിടിച്ചാണ് ഈ യന്തക്കൈ സംവിധാനം തയാറാക്കിയിരിക്കുന്നത്.
സൈബോർഗ്: അമേരിക്കൻ ചിത്രകഥയിലെ ഒരു സൂപ്പർ ഹീറോയാണ് സൈബോർഗ്. പാതി മൃഗവും പാതി മനുഷ്യനും ചേർന്ന ഒരു സൂപ്പർ ഹീറോ. ഡിസി കോമിക്സിനു വേണ്ടി മാർവ് വോൾഫ്മാൻ എന്ന കഥാകൃത്താണ് സൈബോർഗ് സൂപ്പർ ഹീറോയെ സൃഷ്ടിച്ചത്. പാതി യന്ത്രവും മറുപാതി ജീവനുള്ളതുമായ രൂപങ്ങളെ സൂചിപ്പിക്കാൻ ഇപ്പോൾ സൈബോർഗ് എന്നാണ് ഉപയോഗിക്കുന്നത്.
ഇവിടെ എഐ യന്ത്രക്കൈ സാധ്യമാക്കിയ കമ്പനിയും തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങളെ സോഷ്യൽ ഡിജിറ്റൽ സൈബോർഗ്സ് എന്നാണ് വിളിക്കുന്നത്. വിവിധ ഉപയോക്താക്കൾക്കിടയിൽ ഈ കൈകളെ പരിചയപ്പെടുത്താനുള്ള തയാറെടുപ്പിലാണ് കമ്പനി. എഐ പിന്തുണയുള്ള ഈ യന്ത്രക്കൈ സംവിധാനത്തിന്റെ സാധ്യതകൾ നിരവധിയാണ്. എങ്കിലും അംഗവൈകല്യം സംഭവിച്ച ആളുകളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നതാണ് പ്രധാന നേട്ടം.

വിവിധ ജോലികൾ നിർവഹിക്കാനും മറ്റുള്ള ആവശ്യങ്ങൾക്കായും ഈ യന്ത്രക്കൈകൾ ഭാവിയിൽ ഉപയോഗിച്ച് തുടങ്ങിയേക്കും. ഗുണപരമായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ ഏറെ മികച്ച ഒരു ശാസ്ത്ര മുന്നേറ്റമായി ജിസായ് ആംസ് മാറും. അസാധ്യമെന്ന് കരുതുന്ന ജോലികൾ ഏറ്റെടുക്കാൻ കൈകൾ മുറിഞ്ഞുപോയവർക്കും വൈകല്യമുള്ള ആളുകൾക്കും ജിസായ് ആംസ് കരുത്തുപകരും.
എന്നാൽ, നിലവിൽ ഈ റോബോട്ടിക് എഐ കൈകൾ വിപണിയിൽ ലഭ്യമല്ല. പരീക്ഷണങ്ങളിലൂടെ മെച്ചപ്പെടുത്തലുകൾ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ എപ്പോളാണ് ഈ എഐ യന്ത്രക്കൈ സംവിധാനം ലഭ്യമാകുക എന്നതിനെപ്പറ്റി കമ്പനി വ്യക്തമാക്കിയിട്ടില്ല. പരീക്ഷണം വിജയമായതിനാൽ ഭാവിയിൽ ഈ യന്ത്രക്കൈയുമായി സൈബോർഗ് സൂപ്പർ ഹീറോകൾ രംഗത്തെത്തുമെന്ന് കരുതാം.
Images and details credit: Jizai Arms


Click it and Unblock the Notifications








