പെൺചരിത്രം പിറക്കും! സ്വപ്നം പൂവണിയിക്കാൻ കറുത്തവംശജനും; ആർട്ടിമിസ് ക്രൂവിനെ പ്രഖ്യാപിച്ച് നാസ
ചന്ദ്രനിൽ മനുഷ്യൻ ചരിത്രം രചിച്ച അപ്പോളോ ദൗത്യങ്ങൾ അവസാനിച്ച് അൻപത് വർഷം പിന്നിടുമ്പോൾ, വീണ്ടും ചാന്ദ്രദൗത്യത്തിനൊരുങ്ങുന്ന നാസ തങ്ങളുടെ ആർട്ടിമിസ് II ദൗത്യത്തിലുള്ള സംഘാംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചു. ഒരു സ്ത്രീയും ഒരു കറുത്തവംശജനും ഉൾപ്പെടെ നാലംഗ സംഘത്തെയാണ് ചാന്ദ്ര ദൗത്യത്തിനായി നാസ തെരഞ്ഞെടുത്തിരിക്കുന്നത്.
ചന്ദ്രനിൽ ആദ്യം കാൽ കുത്തുന്ന മനുഷ്യൻ എന്ന ചരിത്രനേട്ടം നീൽ ആംസ്ട്രോങ് സ്വന്തമാക്കി. അതിനുശേഷവും വിവിധ അപ്പോളോ ദൗത്യങ്ങളിലായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടുണ്ട്. എന്നാൽ ഒരു വനിതയുടെ കാൽ ചന്ദ്രനിൽ പതിഞ്ഞിട്ടില്ല. ആ കുറവ് 2025ൽ ആർട്ടിമിസ് 3ൽ നാസ പരിഹരിക്കും എന്നാണ് കരുതപ്പെടുന്നത്.

ആർട്ടിമിസ് -3 ദൗത്യത്തിലൂടെ 2025 ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അതിനുമുന്നോടിയായി നടക്കുന്ന പഠനങ്ങളുടെ ഭാഗമാണ് 2024 നവംബറോടെ നടക്കുന്ന ആർട്ടിമിസ് 2 ദൗത്യം. 2.3 ദശലക്ഷം കിലോമീറ്റർ ദൂരമുള്ള,10 ദിവസം നീണ്ടുനിൽക്കുന്ന ആർട്ടെമിസ് II ദൗത്യം ചന്ദ്രനെ ചുറ്റി തിരിച്ചുവരും.
ജെറമി ഹാൻസെൻ, റീഡ് വൈസ്മാൻ, ക്രിസ്റ്റീന ഹമ്മോക്ക് കോച്ച്, വിക്ടർ ഗ്ലോവർ എന്നിവരുടെ പേരുകളാണ് ആർട്ടിമിസ് II ദൗത്യത്തിനായി നാസ പ്രഖ്യാപിച്ചിരിക്കുന്നത്. അൻപത് വർഷങ്ങൾക്കിപ്പുറം വീണ്ടും ചന്ദ്രനിൽ കാലുകുത്താനുള്ള നാസയുടെ ദൗത്യത്തിന്റെ പേരാണ് ആർട്ടിമിസ്. ഒരു ചാന്ദ്രദൗത്യ സംഘത്തിൽ ഇതാദ്യമായി ഒരു വനിതയും ഒരു കറുത്ത വംശജനും ഇടംപിടിച്ചിരിക്കുന്നു എന്ന പ്രത്യേകതയാണ് ക്രൂ ലിസ്റ്റിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
41 സജീവ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിൽനിന്നാണ് നാസ തങ്ങളുടെ ആർട്ടിമിസ് II ക്രൂവിന്റെ ആദ്യ പട്ടിക തയാറാക്കിയിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ആദ്യ വനിത എന്ന നേട്ടമാണ് പട്ടികയിൽ ഇടംപിടിച്ച ക്രിസ്റ്റീന ഹമ്മോക്ക് കോച്ചിനെ കാത്തിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്തുനിന്നുള്ളയാൾ നാസയുടെ ചാന്ദ്ര ദൗത്യത്തിൽ ആദ്യമായി ഇടം പിടിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ക്രൂ ലിസ്റ്റിനുണ്ട്.

''ചാന്ദ്രദൗത്യത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ പ്രതിനിധികളാണ് ആർട്ടിമിസ് II ക്രൂ സംഘാഗങ്ങൾ. ഇത് അവരുടെ ക്രൂ ആണ്, നമ്മളുടെ ക്രൂ ആണ്, മുഴുവൻ മനുഷ്യരാശിയുടെയും ക്രൂ ആണ്'' എന്ന് നാല് ബഹിരാകാശ സഞ്ചാരികളെ ലോകത്തിന് പരിചയപ്പെടുത്തവേ നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
ക്രിസ്റ്റീന കോച്ച്: 43 വയസുകാരിയായ ക്രിസ്റ്റീനയിലൂടെ നാസ ചന്ദ്രനിൽ പുതിയൊരു ചരിത്രമാണ് എഴുതാൻ ഒരുങ്ങിയിരിക്കുന്നത്. 2013-ൽ ആണ് ക്രിസ്റ്റീന നാസയിൽ ചേർന്നത്. പര്യവേഷണം 59, 60, 61 എന്നിവയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഫ്ലൈറ്റ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ ഏതാനും റെക്കോഡുകളും ക്രിസ്റ്റീന സ്ഥാപിച്ചു.
ആദ്യമായി വനിതകൾ ബഹിരാകാശ നടത്തം നടത്തി ചരിത്രം രചിച്ചപ്പോൾ അതിൽ ക്രിസ്റ്റീനയും ഉണ്ടായിരുന്നു. ഇതുൾപ്പെടെ ഏതാണ്ട് ആറുതവണയായി മൊത്തം 42 മണിക്കൂറും 15 മിനിറ്റും ക്രിസ്റ്റീന ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. 2019ലും 2020ലുമായി ആകെ 328 ദിവസം ക്രിസ്റ്റീന ബഹിരാകാശത്ത് ചെലവഴിച്ചു. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോഡും ക്രിസ്റ്റീനയുടെ പേരിലാണ്.

മിഷിഗണിലെ ഗ്രാന്റ് റാപിഡ്‌സ് സ്വദേശിനിയാണ് ക്രിസ്റ്റീന. ചരിത്രം പിറക്കുന്ന ആർട്ടിമിസ് ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ക്രിസ്റ്റീനയ്ക്ക് സഹായകമായത് ബഹിരാകാശ യാത്രകളിലെ മികച്ച ട്രാക്ക് റെക്കോഡാണ്. നാസയുടെ അഭിമാന പദ്ധതിയായ ആർട്ടിമിസ് ദൗത്യത്തിന്റെ ക്രൂ മെംബറായി തിരഞ്ഞെടുക്കപ്പെട്ടതോടെ തന്നെ ക്രിസ്റ്റീന ചരിത്രത്തിൽ ഇടം പിടിച്ചുകഴിഞ്ഞു.
വിക്ടർ ഗ്ലോവർ: നാസയുടെ ചാന്ദ്രദൗത്യത്തിൽ ഉൾപ്പെടുന്ന ആദ്യ കറുത്ത വംശജൻ എന്ന ചരിത്രമാണ് വിക്ടർ ഗ്ലോവർ സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. നാസയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേസ് എക്‌സ് ക്രൂ-1 ദൗത്യത്തിൽ പൈലറ്റായി ഗ്ലോവർ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഐഎസ്എസിൽ ശാസ്ത്രീയ അന്വേഷണങ്ങൾക്കും സാങ്കേതിക പ്രദർശനങ്ങൾക്കും സംഭാവന നൽകിയിട്ടുള്ള ഗ്ലോവർ നാല് ബഹിരാകാശ നടത്തങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ജെറമി ഹാൻസെൻ: ആർട്ടിമിസ് ദൗത്യത്തിൽ നാസയുമായി സഹകരിക്കുന്ന കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ പ്രതിനിധിയായാണ് ജെറമി ഹാൻസെൻ ക്രൂ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജെറമി ബഹിരാകാശയാത്ര നടത്തുന്നത്. കനേഡിയൻ സായുധ സേനയിലെ കേണലും മുൻ യുദ്ധവിമാന പൈലറ്റുമാണ് ഹാൻസെൻ. റോയൽ മിലിട്ടറി കോളേജിൽനിന്ന് ബഹിരാകാശ ശാസ്ത്രത്തിൽ ബിരുദവും ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് സയൻസും നേടിയിട്ടുണ്ട്.
റീഡ് വൈസ്മാൻ: ആർട്ടെമിസ്-II ദൗത്യത്തിന്റെ കമാൻഡറാണ് റീഡ് വൈസ്മാൻ. 50 വർഷത്തിന് മുമ്പ് അവസാനമായി നടന്ന ചാന്ദ്ര ദൗത്യം നയിച്ചത് ബഹിരാകാശ സഞ്ചാരി യൂജിൻ സെർനാൻ ആയിരുന്നു. അദ്ദേഹത്തിനുശേഷം ചന്ദ്രനിലേക്കുള്ള ക്രൂവിനെ നയിക്കുക എന്ന ചരിത്ര ദൗത്യമാണ് റീഡ് വൈസ്മാൻ നിർവഹിക്കുക.


Click it and Unblock the Notifications