ചിന്തയിലൂടെ മൊബൈൽ പ്രവർത്തിപ്പിക്കാം, യന്ത്രമനുഷ്യൻ നിജമാകുന്നു! ആദ്യമായി മനുഷ്യ തലച്ചോറിൽ ചിപ് ഘടിപ്പിച്ചു
മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി വിജയകരമായി ചിപ് ഘടിപ്പിച്ചതായി ന്യൂറലിങ്ക് സഹസ്ഥാപകൻ ഇലോൺ മസ്ക്. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും പരീക്ഷണത്തിന് വിധേയനായ ആൾ സുഖംപ്രാപിച്ചുവരുന്നതായും ട്വിറ്ററിലൂടെ (ഇപ്പോൾ എക്സ്) മസ്ക് അറിയിച്ചു. മസ്ക് സഹസ്ഥാപകനായിട്ടുള്ള ന്യൂറോ ടെക്നോളജി സ്റ്റാർട്ടപ്പായ ന്യൂറലിങ്ക് ആണ് ഈ നിർണായക പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പ്രാരംഭ ഫലങ്ങൾ ഭാവിയിലേക്ക് ഏറെ പ്രതീക്ഷ പകരുന്നുണ്ടെന്ന് മസ്ക് പ്രതികരിച്ചു. ചിന്തിക്കുന്നതിലൂടെ തങ്ങളുടെ ഫോണിൻ്റെയോ കമ്പ്യൂട്ടറിൻ്റെയോ നിയന്ത്രണം സാധ്യമാക്കാൻ ഈ സാങ്കേതികവിദ്യ ആളുകളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പലവിധ അവശതകൾ മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്നതാണ് ന്യൂറലിങ്കിന്റെ ലക്ഷ്യം.

മനുഷ്യൻ്റെ കഴിവുകൾ വർദ്ധിപ്പിക്കുക, ALS അല്ലെങ്കിൽ പാർക്കിൻസൺസ് പോലുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് പരിഹരിക്കുക, ഏറ്റവുമൊടുവിൽ മനുഷ്യരും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും തമ്മിൽ ഒരു ബന്ധം സൃഷ്ടിക്കുക എന്നിങ്ങനെ പോകുന്നു ന്യൂറലിങ്കിന്റെ ലക്ഷ്യങ്ങളുടെ പട്ടിക. മസ്തിഷ്ക ഇംപ്ലാൻ്റുകൾ ഉപയോഗിച്ച് മനുഷ്യരിൽ പരീക്ഷണങ്ങൾ ആരംഭിക്കാനുള്ള അനുമതി കഴിഞ്ഞ വർഷമാണ് യുഎസ് റെഗുലേറ്റർമാരിൽ നിന്ന് ന്യൂറലിങ്ക് നേടിയെടുത്തത്.
മനുഷ്യനിൽ ആദ്യമായി ചിപ്ഘടിപ്പിക്കാൻ സാധിച്ചതോടെ ന്യൂറലിങ്കിന്റെ വളർച്ചയിലെ നിർണായക നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ പാതകൾ സ്ഥാപിക്കുക എന്ന ദൗത്യവുമായി 2016 ൽ ആണ് മസ്‌ക് ന്യൂറലിങ്ക് സ്ഥാപിച്ചത്. മനുഷ്യൻ്റെ കഴിവുകൾ ഗണ്യമായി മെച്ചപ്പെടുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

ആദ്യമായി മനുഷ്യനിൽ ചിപ് ഘടിപ്പിക്കാൻ സാധിച്ചെങ്കിലും മസ്തിഷ്കവും കമ്പ്യൂട്ടറും തമ്മിൽ ആശയവിനിമയം സാധ്യമാക്കാനുള്ള ന്യൂറലിങ്കിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂറലിങ്കിൻ്റെ സാങ്കേതികവിദ്യ "ലിങ്ക്" എന്നറിയപ്പെടുന്ന ഒരു ഇംപ്ലാൻ്റിനെ ആശ്രയിച്ചിരിക്കുന്നു, ഏകദേശം അഞ്ച് സഞ്ചിത നാണയങ്ങളുടെ വലുപ്പമുള്ള ഈ ഉപകരണം മനുഷ്യ മസ്തിഷ്കത്തിനുള്ളിൽ സ്ഥാപിക്കുന്നതിന് സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമാണ്.
മുടിനാരിഴയേക്കാൾ നേർത്ത 64 ചെറുനാരുകളാണ് ഈ ചിപ്പിലുള്ളത്. ഇതിലെ 1024 ഇലക്ട്രോഡുകളാണ് വിവരങ്ങൾ ഒപ്പിയെടുക്കുന്നത്. വയർലെസായി ചാർജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്. കീബോർഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ, ചിന്തിക്കുമ്പോൾ തന്നെ അതിനനുസരിച്ചു പ്രവർത്തിക്കുന്ന കംപ്യൂട്ടറും മൊബൈൽ ഫോണും യാഥാർഥ്യമാക്കാൻ ഈ ചിപ്പിന് കഴിയുമെന്ന് കരുതപ്പെടുന്നു.
മനുഷ്യരും ടെക്നോളജിയും തമ്മിലുള്ള ബന്ധത്തിൽ നിർണായക മാറ്റങ്ങളും മുന്നേറ്റങ്ങളും കൊണ്ടുവരാൻ മസ്കിന്റെ ന്യൂറലിങ്കിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ കഴിയുന്ന വിധത്തിലുള്ള പരീക്ഷണങ്ങൾ ന്യൂറലിങ്ക് നടത്തിവരികയാണ്. ഇപ്പോൾ ആദ്യമായി മനുഷ്യനിൽ ന്യൂറലിങ്ക് ചിപ് സ്ഥാപിച്ചതോടെ ഇതിന്റെ റിസൾട്ട് എന്താകും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.

ചിപ്പ് തലച്ചോറിൽ ഘടിപ്പിക്കാനായി റോബോട്ടിക് സർജറി രീതിയ ന്യൂറലിങ്ക് വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ മനസിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. തലച്ചോറിൽ ചിപ് ഘടിപ്പിക്കാൻ ശ്രമിക്കുന്ന ആദ്യ കമ്പനിയോ ഏക കമ്പനിയോ അല്ല ന്യൂറലിങ്ക്. സിൻക്രൺ (Synchron) പോലുള്ള കമ്പനികളും ഇംപ്ലാന്റ് പതിപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്.
സിൻക്രണിൻ്റെ ഇംപ്ലാൻ്റിന് ഇൻസ്റ്റാളേഷനായി തലയോട്ടി മുറിക്കേണ്ട ആവശ്യമില്ല. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള കമ്പനി 2022 ജൂലൈയിൽ യുഎസിലെ ഒരു രോഗിയിൽ ആദ്യത്തെ ഉപകരണം ഘടിപ്പിച്ചുകൊണ്ട് പുതിയ നാഴികക്കല്ല് സ്ഥാപിച്ചിരുന്നു. പക്ഷേ തലച്ചോറിൽ ചിപ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നത് ഇലോൺ മസ്കും അദ്ദേഹത്തിന്റെ ന്യൂറലിങ്കും ആണെന്നുമാത്രം.
പല മസ്തിഷ്ക രോഗങ്ങളെയും നേരിടാൻ ഈ ന്യൂറലിങ്ക് ചിപ്പിന് കഴിഞ്ഞേക്കും. ഉദാഹരണത്തിന് തലച്ചോറിലെ വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് അപസ്മാരത്തിന്റെ കാരണം. അപസ്മാരമുള്ള ഒരു വ്യക്തിയുടെ തലച്ചോറിൽ ഇത്തരമൊരു ചിപ്പ് ഉണ്ടെങ്കിൽ വൈദ്യുതതരംഗങ്ങളിലുണ്ടാകുന്ന വ്യത്യാസം നിരീക്ഷിക്കാനും ന്യൂറോണുകളെ നിയന്ത്രിക്കാനും കഴിഞ്ഞേക്കും എന്ന് ശാസ്ത്രലോകം കണക്കുകൂട്ടുന്നു.
തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. എഐ ടെക്നോളജിയും മറ്റും ശക്തിപ്രാപിക്കുന്നതോടുകൂടി ഇക്കാര്യത്തിൽ കൂടുതൽ മുന്നേറ്റം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് കരുതപ്പെടുന്നത്. ചിന്തയിലൂടെ മനുഷ്യൻ യന്ത്രങ്ങളെ നിയന്ത്രിക്കുന്ന കാലം വരും എന്ന് ഉറപ്പാണ്. അതിലേക്ക് ഇനി എത്രദൂരമുണ്ട് എന്നാണ് അറിയാനുള്ളത്.


Click it and Unblock the Notifications








