വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!

|
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം

ഭൂമുഖത്തുനിന്ന് പലവിധ കാരണങ്ങളാൽ മൺമറഞ്ഞുപോയ ജീവിവർഗങ്ങൾ ധാരാളമുണ്ട്. വംശനാശം വന്ന ജീവികളുടെ പട്ടികയെടുത്താൽ അ‌തിൽ ആദ്യം കാണുന്ന പേരുകൾ ഡോഡോ(Dodo), മാമോത്ത് (mammoths), ടാസ്മാനിയൻ കടുവ(Tasmanian tiger), ദിനോസറുകൾ എന്നിവരുടേതാകും. ഇന്ന് മനുഷ്യർ ഭൂമിയിൽ ജീവിക്കുന്നതുപോലെ തന്നെ ഒരു കാലത്ത് ഈ മൃഗങ്ങളും ഇവിടെ ജീവിച്ചിരുന്നു. എന്നാൽ മനുഷ്യന്റെ ​ വേട്ടയും ആക്രമണവും ഇവയിൽ ചിലതിനെ ഭൂമുഖത്തുനിന്ന് എന്നെ​ന്നേക്കുമായി തുടച്ചുനീക്കി. പ്രകൃതിയിൽ വന്ന മാറ്റങ്ങളോ​ട് പിടിച്ചു നിൽക്കാൻ കഴിയാതെ കാലയവനികയിൽ മറഞ്ഞവയും ഏറെയുണ്ട്. എന്നാൽ ഇവയെ ഒക്കെ പുനർജീവിപ്പിക്കാൻ സാധിക്കുമോ. ആ വഴിക്കുള്ള ഗവേഷണങ്ങൾ വർഷങ്ങളായി പലരും പലവഴിക്കും നടത്തുന്നുണ്ട്. ഇപ്പോൾ അ‌ത്തരത്തിൽ ഒരു നിർണായക നീക്കത്തിന് തയാറെടുത്തിരിക്കുകയാണ് ഓസ്റ്റിൻ ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ് എന്ന ഗവേഷണ സ്ഥാപനം.

ഡീഎക്സ്റ്റിങ്ഷൻ

വംശനാശം സം​ഭവിച്ച ജീവിവർഗത്തിലെ പേരുകാരിൽ ആദ്യസ്ഥാനത്തുള്ള ഡോഡോകളെയാണ് ഈ ശാസ്ത്രജ്ഞർ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ പുനർജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത്. വംശനാശം സംഭവിച്ച ജീവികളെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനെ ''ഡീഎക്സ്റ്റിങ്ഷൻ' (de-extinction) എന്നാണറിയപ്പെടുന്നത്. നിലവിൽ ഭൂമുഖത്തുള്ള ആനകളിൽ പരീക്ഷണം നടത്തി 'കമ്പിളി പുതച്ച' വൂളി മാമോത്തുകളെ( woolly mammoth) യും ടാസ്മാനിയൻ കടുവയെയും ജീനോം എഞ്ചിനീയറിങ് ഉപയോഗിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം

പറക്കാനാകാത്ത പക്ഷി

ഇന്ത്യൻ സമുദ്രത്തിലെ മൌറീഷ്യസ് ദ്വീപുകളിൽ ജീവിച്ചിരുന്ന ഒരു പക്ഷി വർഗമായിരുന്നു ഡോഡോ. പ്രാവു വർഗ്ഗത്തിൽപ്പെട്ട ഇവയ്ക്ക് 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവും ഉണ്ടായിരുന്നു. ഈ ഭാരക്കൂടുതൽ കാരണമാകാം, പറക്കാൻ കഴിയാത്ത പക്ഷികളുടെ കൂട്ടത്തിലാണ് ((Raphus cucullatus) ഡോഡോകളും ഉൾപ്പെടുന്നത്. മരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവർഗ്ഗങ്ങളായിരുന്നു ഇവയുടെ ഭക്ഷണം. കൊളുംബിഫോമെസ് ഗോത്രത്തിലെ റാഫിഡെ പക്ഷി കുടുംബത്തിൽപ്പെടുന്ന ഡോഡോകൾ പ്രധാനമായും മനുഷ്യന്റെ ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്. പോർച്ചുഗീസ് നാവികർ നേരിട്ടും നിരവധി വേട്ടക്കാരെ കൊണ്ടുവന്നും നടത്തിയ വേട്ടയാടൽ ഡോഡോകളെ വംശനാശത്തിലേക്ക് നയിക്കുകയായിരുന്നു.

പുനർജന്മത്തിലേക്കുള്ള പാത...

ഇവയെ ഇപ്പോൾ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് കൊളോസൽ ബയോസയൻസസിലെ ഗവേഷകർ ശ്രമം ആരംഭിച്ചിരിക്കുന്നത്. എംഐടി ടെക്‌നോളജി റിവ്യൂ പ്രകാരം ഡിഎൻഎ സീക്വൻസിംഗ്, ജീൻ എഡിറ്റിംഗ് ടെക്നോളജി, സിന്തറ്റിക് ബയോളജി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ആണ് ഇതിനായി ഉപയോഗിക്കുക. ഈ പ്രോജക്റ്റിലെ ഒരു സുപ്രധാന ഘട്ടം ഇതിനോടകം പൂർത്തിയാക്കിയതായി കൊളോസൽ ബയോസയൻസസിലെ ലീഡ് പാലിയന്റോളജിസ്റ്റ് ബെത്ത് ഷാപ്പിറോ പറയുന്നു. ഡെന്മാർക്കിൽനിന്ന് ലഭിച്ച ഡോഡോയുടെ ഡിഎൻഎ അവശിഷ്ടങ്ങളിൽനിന്ന് അ‌വയുടെ ജീനോമിന്റെ പൂർണ്ണമായ ക്രമം വേർതിച്ചെടുത്തതിലൂടെയാണ് ഇത് സാധ്യമായത്.

നിക്കോബാർ പ്രാവ്

ഡോഡോയുടെ ജനിതക വിവരങ്ങൾ പ്രാവുകളുടെ വംശത്തിൽപ്പെട്ട പക്ഷികളുടെ ജനിതക വിവരങ്ങളുമായി താരതമ്യം ചെയ്യുക എന്നതാണ് അ‌ടുത്ത ഘട്ടം. നിലവിലുള്ള നിക്കോബാർ പ്രാവും വംശനാശം സംഭവിച്ച റോഡ്രിഗസ് സോളിറ്റയറിനെയും ആണ് ഇതിനായി പരിഗണിക്കുന്നത്. മൗറീഷ്യസിനടുത്തുള്ള ഒരു ദ്വീപിൽ താമസിച്ചിരുന്ന ഒരു ഭീമാകാരമായ പറക്കാനാവാത്ത പക്ഷിയാണ് റോഡ്രിഗസ് സോളിറ്റയർ. ഇങ്ങനെ ലഭിക്കുന്ന ജനിതക വിവരങ്ങൾ ഉപയോഗിച്ച് നിക്കോബാർ പ്രാവിനെ ഒരു ഡോഡോയിലേക്ക് പടിപടിയായി മാറ്റിയെടുക്കാനാണ് ഗവേഷകർ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഇത് എത്രകണ്ട് പ്രായോഗികമായി വിജയിപ്പിക്കാൻ സാധിക്കും എന്നതിൽ ഇതുവരെ വ്യക്തതയായിട്ടില്ല. പരീക്ഷണത്തിൽ ഗവേഷകർ വിജയിച്ചാൽപ്പോലും ഒറിജിനൽ ഡോഡോയ്ക്ക് പകരമാകാൻ പുതിയതായി സൃഷ്ടിക്കപ്പെടുന്ന ഡോഡോയ്ക്ക് ഒരിക്കലും സാധിക്കില്ല. ഗവഷേകർ ശ്രമിക്കുന്നതും ഡോഡോയുടെ തനിപ്പകർപ്പ് സൃഷ്ടിക്കാനല്ല, മറിച്ച് ഒറിജിനലുമായി നിരവധി സാമ്യതകളുള്ള, ഡോഡോയുടെ ഒരു ഹൈബ്രിഡ് പതിപ്പ് സൃഷ്ടിക്കുക എന്നതിനാണ്.

വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം

എവിടെ ജീവിക്കും?

ഡോഡോയുടെ പുനർജീവിതം സംബന്ധിച്ച ചോദ്യങ്ങൾ അ‌ന്തമില്ലാത്തതാണ്. മുന്നൂറിലധികം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന പക്ഷികയാണ് ഡോഡോ. ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നാലും അ‌ത് എവിടെ ജീവിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. മുന്നൂറ് വർഷമുണ്ടായിരുന്ന പരിസ്ഥിതിയോ ജീവിത സാഹചര്യങ്ങളോ അ‌ല്ല ഇന്ന് ലോ​കത്ത് ഒരിടത്തും നിലനിൽക്കുന്നത്. പുതിയ സാഹചര്യത്തിൽ ഡോഡോ എങ്ങനെ അ‌തിജീവിക്കും എന്നാണ് ഉയരുന്ന ചോദ്യം.

ഡോഡോ എങ്ങനെ ഡോഡോ ആകും?

സയന്റിഫിക് അമേരിക്കയുടെ അഭിപ്രായത്തിൽ, മിക്ക മൃഗങ്ങൾക്കും സഹജമായ പെരുമാറ്റ രീതികൾ ഉണ്ട്. അത് ജനിതകപരമായും ജീവിത പരിതസ്ഥിതികളുമായും ബന്ധപ്പെട്ട് ലഭിക്കുന്നതാണ്. മാതാപിതാക്കളിൽനിന്നോ, സഹജീവികളുമൊത്തുള്ള ജീവിതത്തിൽനിന്നോ ഒക്കെയാണ് മൃഗങ്ങളുടെ ഈ പെരുമാറ്റരീതി രൂപപ്പെടുന്നത്. വംശനാശം സംഭവിച്ച ജീവികളെ പുനർജീവിപ്പിക്കുമ്പോൾ അ‌വയുടെ പെരുമാറ്റവും പുനർനിർമ്മിക്കാൻ സാധ്യമല്ല. ഈ ആശയക്കുഴപ്പത്തെ കോപ്പൻഹേഗൻ സർവകലാശാലയിലെ പാലിയോജെനോമിക്സിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായ മിക്കെൽ സിന്ഡിംഗ് വളരെ വ്യക്തമായ ഭാഷയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. "ഡോഡോയെ എങ്ങനെ ഒരു ഡോഡോ ആകണമെന്ന് പഠിപ്പിക്കാൻ ആരും ഇല്ല,"എന്നായിരുന്നു അ‌ദ്ദേഹത്തിന്റെ പ്രതികരണം.

Best Mobiles in India

Read more about:
English summary
The dodo was a species of bird that lived on the islands of Mauritius. Researchers are preparing to bring back the extinct dodo. Advanced technologies such as DNA sequencing, gene editing technology, and synthetic biology are used for this purpose. Researchers at Colossal Biosciences say they have already completed an important step in this project.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X