സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത് മസ്കിന്റെ വിക്ഷേപണത്തറയിൽ 'ബോംബ്' ഇട്ടശേഷം! ചിത്രങ്ങൾ പുറത്ത്
ലോകം മുഴുവൻ ശ്രദ്ധയോടെ നോക്കിക്കണ്ട വിക്ഷേപണമായിരുന്നു സ്പേസ്എക്സ് സ്റ്റാർഷിപ്പിന്റേത്. ഇതുവരെ നിർമ്മിച്ചതിൽവച്ച് ഏറ്റവും ശക്തമായ റോക്കറ്റ് എന്ന വിക്ഷേപണമാണ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയെത്തിച്ചത്. സ്റ്റാര്‍ഷിപ്പ് പേടകവും സൂപ്പര്‍ഹെവി റോക്കറ്റും അടങ്ങുന്നതാണ് സ്റ്റാർഷിപ്പ്. ഈ രണ്ട് ഘടകങ്ങളും ഒന്നിച്ച്ചേർന്ന സമ്പൂർണ സ്റ്റാർഷിപ്പിന്റെ ആദ്യപരീക്ഷണമാണ് കഴിഞ്ഞയാഴ്ച നടന്നത്.
ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് ആസ്ഥാനത്തെ വിക്ഷേപണത്തറയായ സ്റ്റാർബേസിൽനിന്ന് വിക്ഷേപിച്ച് മൂന്ന് മിനിറ്റിന് പിന്നാലെയായിരുന്നു സ്റ്റാർഷിപ്പിന്റെ പൊട്ടിത്തെറി. ലോഞ്ച് പാഡിൽ നിന്ന് സ്റ്റാർഷിപ്പ് ഉയരുകയും മെക്സിക്കോ ഉൾക്കടലിന് മുകളിലൂടെ-39 കിലോമീറ്റർ ഉയരത്തിൽ കയറുകയും ചെയ്തു. എന്നാൽ മൂന്നാം മിനിറ്റിൽ റോക്കറ്റും പേടകവും വേർപിരിയുന്ന ഘട്ടം പാളിപ്പോയി.

ബൂസ്റ്റർ റോക്കറ്റിൽ നിന്ന് വേർപെടുത്താനുള്ള ഘട്ടം പരാജയപ്പെട്ടതോടെ വിക്ഷേപണംതന്നെ പരാജയപ്പെട്ടു. ഇതിനുപിന്നാലെ കൂടുതൽ നാശങ്ങൾ ഉണ്ടാകാതിരിക്കാൻ അടുത്തഘട്ടമെന്ന നിലയിൽ റോക്കറ്റ് നശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. എന്തായാലും സ്റ്റാർഷിപ്പ് വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിക്കുന്നതുമെല്ലാം ആളുകൾ വീഡിയോയിലൂടെയും മറ്റും കണ്ടിരുന്നു. എന്നാൽ അതിനപ്പുറം എന്താണ് സംഭവിച്ചത് എന്ന് അധികമാരും അറിഞ്ഞില്ല.
സ്പേസ്എക്സ്ന്റെ റോക്കറ്റ് വിക്ഷേപണത്തറയിൽ ഒരു ബോംബ് വീണാൽ എന്തുസംഭവിക്കുമോ അതുപോലെ സ്റ്റാർബേസിന് കിലോമീറ്ററുകളോളം നാശം സൃഷ്ടിച്ചുകൊണ്ടാണ് സ്റ്റാർഷിപ്പ് കുതിച്ചുയർന്നത്. എന്നാൽ ആദ്യഘട്ടത്തിൽ റോക്കറ്റ് തകർന്ന ശ്രദ്ധയിലേക്ക് എല്ലാവരും പോയതിനാൽ സ്റ്റാർബേസിന് സംഭവിച്ച നാശനഷ്ടം പുറത്തറിയാൻ വൈകുകയായിരുന്നു. ഇത്രയും ശക്തിയേറിയ റോക്കറ്റ് ഉയരുമ്പോൾ പുറന്തള്ളാവുന്ന ഊർജ്ജം കണക്കാക്കുന്നതിൽ സ്പേസ്എക്സിന് പിഴച്ചു എന്നാണ് വിലയിരുത്തൽ.

അതിന്റെ ഫലമാണ് സ്റ്റാർഷിപ്പ് കുതിച്ചുയർന്നപ്പോൾ വിക്ഷേപണത്തറയ്ക്കും ആ പ്രദേശത്തിനും ഉണ്ടായ നാശം. സ്റ്റാർഷിപ്പ് ലിഫ്റ്റ്ഓഫിന് ശേഷം സ്റ്റാർബേസിലെ പൊടിപടലങ്ങൾ അടങ്ങിയപ്പോഴാണ് നാശനഷ്ടങ്ങളുടെ യഥാർഥ ചിത്രം പുറത്തുവന്നത്. ഈ തകരാറുകൾ പരിഹരിക്കാൻ മാസങ്ങളെടുക്കുമെന്ന് കരുതുന്നു. കൂടുതൽ വിക്ഷേപണങ്ങൾ വൈകിപ്പിക്കാനും റോക്കറ്റിന്റെ വികസനം മന്ദഗതിയിലാക്കാനും ഈ തകരാറുകൾ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഉയരമുള്ളതും ശക്തവുമായ റോക്കറ്റായ സ്റ്റാർഷിപ്പിന് ലിഫ്റ്റ് ഓഫിൽ ഏകദേശം 17 ദശലക്ഷം പൗണ്ട് ത്രസ്റ്റ് സൃഷ്ടിക്കാൻ കഴിയും. ലോഞ്ച്പാഡിന് സമീപം വലിയ നാശം വരുത്താൻ ആ ശക്തി ധാരാളമായിരുന്നു. 3.5 ഏക്കർ തീപിടുത്തം ഉണ്ടായതായും സ്റ്റേറ്റ് പാർക്ക് ഭൂമി ഉൾപ്പെടെ 385 ഏക്കറിലേക്ക് അവശിഷ്ടങ്ങൾ വ്യാപിച്ചതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ലോഞ്ച് പാഡ് നശിപ്പിക്കാതെ സ്റ്റാർഷിപ്പ് വായുവിലേക്ക് ഉയരുന്നതു തന്നെ തങ്ങൾക്ക് വിജയത്തിന് തുല്യമാണ് എന്ന് സ്പേസ്എക്സ് ഉടമ ഇലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. മസ്കിന്റെ ആഗ്രഹം പോലെ തന്നെ വിക്ഷേപണത്തറയിൽനിന്ന് ഉയർന്ന് സ്റ്റാർഷിപ്പ് പ്രതീക്ഷകാത്തു. വിക്ഷേപണത്തറയിൽവച്ചുതന്നെ പൊട്ടിത്തെറി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നാശം സംഭവിക്കുമായിരുന്നു.
റോക്കറ്റിന്റെ സ്‌ഫോടന ഊർജം റീഡയറക്‌ട് ചെയ്യാനും വിക്ഷേപണ സ്ഥലത്ത് നിന്ന് ചൂടാക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഫ്ലേം ട്രെഞ്ചോ ഡൈവേർട്ടറോ ഉണ്ടായിരുന്നെങ്കിൽ ലോഞ്ച്പാഡിനുണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കാമായിരുന്നു എന്ന് വിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നു. ലിഫ്റ്റ്ഓഫ് സമയത്ത് ലോഞ്ച് സൈറ്റിന് ചുറ്റുമുള്ള ഊർജ്ജ സ്ഫോടനം കുറയ്ക്കാൻ ഒരു വാട്ടർ കൂളിങ് സംവിധാനം ഒരുക്കുന്നതിലും കമ്പനിക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂറ്റൻ സ്റ്റാർഷിപ്പിനെ വായുവിലേക്കുയർത്താൻ അത്രയേറെ ശക്തമായ ഊർജ്ജമാണ് റോക്കറ്റ് പുറം തള്ളിയത്. ഈ ഊർജത്തെത്തുടർന്നുണ്ടായ തീയിലും പുകയിലും സമീപത്തുണ്ടായിരുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് ഛിന്നഭിന്നമാകുകയും ചുറ്റും തെറിച്ചുവീഴുകയും ചെയ്തു. കോൺക്രീറ്റ് പാളികൾ വീണ് മണ്ണിൽ ചെറിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. റോക്കറ്റിന്റെ അപകട മേഖലയായി നിശ്ചയിച്ചിരുന്ന പരിധിക്കുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.
സ്പേസ്എക്സിന്റെ സ്റ്റാർബേസിൽ ഫ്ലേം ട്രെഞ്ച് ( പാഡിൽ നിന്ന് ചൂട് പുറത്തേക്ക് നയിക്കുന്ന തുരങ്കങ്ങൾ) സംവിധാനം ഉണ്ടായിരുന്നില്ല. ഇത്തരം സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പിക്കുന്നതിൽ വിക്ഷേപണത്തിന് അനുമതി നൽകിയ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും വീഴ്ചപറ്റിയിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം വിക്ഷേപണത്തെ തുടര്‍ന്ന് പൊതുമുതലിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായോ അപകടങ്ങളുണ്ടായതായോ ഉള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് എഫ്എഎ പറയുന്നത്.
എന്തായാലും ഇപ്പോൾ ഉണ്ടായ കേടുപാടുകൾ പരിഹരിച്ചും ഇപ്പോൾ നേരിട്ട തിരിച്ചടികൾ ഭാവിയിലെ വിക്ഷേപണ വിജയത്തിന് അനിവാര്യമായ വലിയ പാഠങ്ങളായി കണക്കാക്കിയും സ്റ്റാർഷിപ്പുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് സ്പേസ്എക്സ്. പൊട്ടിത്തെറിച്ചെങ്കിലും സ്റ്റാർഷിപ്പ് പരീക്ഷണത്തെ വിജയം എന്ന നിലയിൽ തന്നെയാണ് കമ്പനി വിലയിരുത്തുന്നത്. സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ഇലോൺ മസ്ക് അഭിനന്ദിച്ചിരുന്നു.
Image credit: Christopher David Twitter, Starship Gazer Twitter


Click it and Unblock the Notifications








