'ഫുൾ ടാങ്ക്' ഇന്ധനമടിച്ചാൽ ചന്ദ്രനിൽപ്പോയിട്ട് വരാം! 'റോക്കറ്റ് രാജ'യുടെ ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് 17 ന്
ഇതുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും കരുത്തൻ റോക്കറ്റ് എന്ന് വിലയിരുത്തപ്പെടുന്ന സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് 17 ന് നടക്കും. വിക്ഷേപണത്തിനായി എല്ലാ ഘടകങ്ങളും കൂട്ടിയോജിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റ്, ടെക്‌സാസിലെ ബോക്ക ചീക്കയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തിലെ ലോഞ്ച്പാഡിൽ സജ്ജമാക്കി നിർത്തിയിട്ട് പത്ത് ദിവസത്തോളമായി.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(FAA) അംഗീകാരം ലഭിക്കാൻ വൈകിയതോടെ വിക്ഷേപണ തീയതി പ്രഖ്യാപിക്കുന്നതും വൈകുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ സ്റ്റാർഷിപ്പ് പുറത്തിറക്കാൻ സ്‌പേസ് എക്‌സിന് എഫ്എഎ ലൈസൻസ് അനുവദിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 17 ന് തന്നെ ലോഞ്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്പേസ്എക്സും ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ചൊവ്വയും ചന്ദ്രനും കേന്ദ്രീകരിച്ച് വരുനാളുകളിൽ നടക്കാൻ പോകുന്ന ദൗത്യങ്ങളുടെയും ബഹിരാകാശത്തെ മറ്റ് ദൗത്യങ്ങളുടെയും കേന്ദ്ര സ്ഥാനത്ത് സ്റ്റാർഷിപ്പ് ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. സ്റ്റാർഷിപ്പ് ബഹിരാകാശ പേടകവും സൂപ്പർ ഹെവി റോക്കറ്റും ചേരുന്ന വിക്ഷേപണ സംവിധാനത്തെയാണ് സ്റ്റാർഷിപ്പ് എന്ന് വിളിക്കുന്നത്. ബിഗ് ഫാൽക്കൺ റോക്കറ്റ്(BFR) എന്നായിരുന്നു ആദ്യം പേരിട്ടതെങ്കിലും പിന്നീട് സ്റ്റാർഷിപ്പ് എന്നാക്കി മാറ്റുകയായിരുന്നു.
സ്പേസ് എക്സ് സിഇഒ ആയ ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് ചൊവ്വയിൽ മനുഷ്യകോളനി സ്ഥാപിക്കുക എന്നത്. അസാധ്യലക്ഷ്യങ്ങളിലേക്ക് യാത്ര നടത്താൻ ഇഷ്ടപ്പെടുന്ന മസ്ക് തന്റെ ചൊവ്വാ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുകൂടിയാണ് സ്റ്റാർഷിപ്പ് വിക്ഷേപണ സംവിധാനം തയാറാക്കിയിരിക്കുന്നത്. തുടക്കത്തിൽ തിരിച്ചടികൾ നേരിട്ടാലും ഭാവിയിൽ ലക്ഷ്യം നിറവേറുകതന്നെ ചെയ്യും എന്നാണ് മസ്ക് പറയുന്നത്.
പൂർണ്ണ സജ്ജമാക്കിയ സ്റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണമാണ് ഏപ്രിൽ 17 ന് നടക്കുന്നത്. പരീക്ഷണം വിജയിച്ച് ദൗത്യങ്ങൾക്കുള്ള കരുത്ത് തെളിയിച്ചാൽ മനുഷ്യൻ ഇന്നുവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിക്ഷേപണ സംവിധാനമായി സ്റ്റാർഷിപ്പ് മാറും. 394 അടിയാണ് സ്റ്റാര്‍ഷിപ്പിന്റെ ഉയരം. ഇന്ധനം നിറച്ചു കഴിയുമ്പോള്‍ ഈ റോക്കറ്റിന് ഏതാണ്ട് 50 ലക്ഷം കിലോഗ്രാം ഭാരം ഉണ്ടാവും.
ഫുളി റീയൂസബിൾ(ully-reusable) മോഡിൽ 150 മെട്രിക് ടൺ വരെ പേലോഡും എക്‌പെൻഡബിൾ മോഡിൽ(expendable mode) 250 മെട്രിക് ടണ്ണും വഹിക്കാനുള്ള ശേഷി സ്റ്റാർഷിപ്പിന് ഉണ്ടെന്നാണ് സ്പേസ്എക്സ് വ്യക്തമാക്കുന്നത്. പ്രധാനമായും രണ്ട് ഘടകങ്ങൾ അടങ്ങുന്നതാണ് സ്റ്റാർഷിപ്പ്. സൂപ്പർ ഹെവി ബൂസ്റ്റർ ആണ് ആദ്യഘടകം. സ്റ്റാർഷിപ്പ് പേടകം ആണ് രണ്ടാമത്തെ ഘടകം.

ഫുളി റീയൂസബിൾ(ully-reusable) മോഡിൽ 150 മെട്രിക് ടൺ വരെ പേലോഡും എക്‌പെൻഡബിൾ മോഡിൽ(expendable mode) 250 മെട്രിക് ടണ്ണും വഹിക്കാനുള്ള ശേഷി സ്റ്റാർഷിപ്പിന് ഉണ്ടെന്നാണ് സ്പേസ്എക്സ് വ്യക്തമാക്കുന്നത്. സൂപ്പർ ഹെവി എന്ന് പേരിട്ടിരിക്കുന്ന ഒന്നാം ഘട്ട റോക്കറ്റ് ബൂസ്റ്ററും, ആറ് എഞ്ചിൻ ബഹിരാകാശ പേടകവും അടങ്ങുന്നതാണ് സ്റ്റാർഷിപ്പ്.
7,600 ടൺ ത്രസ്റ്റ് പ്രദാനം ചെയ്യുന്ന 33 റാപ്‌റ്റർ എഞ്ചിനുകളാണ് സൂപ്പർ ഹെവിക്ക് കരുത്ത് പകരുന്നത്. ഏകദേശം 69 മീറ്റർ ഉയരവും 9 മീറ്റർ വീതിയും 3,400 ടൺ പ്രൊപ്പല്ലന്റ് വഹിക്കാനുള്ള ശേഷിയും സൂപ്പർ ഹെവി ബൂസ്റ്ററിന് ഉണ്ടായിരിക്കും. പൂർണ്ണമായും പുനരുപയോഗിക്കാൻ സാധിക്കും വിധത്തിലാണ് സ്റ്റാർഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.
മനുഷ്യനെയും ചരക്കിനെയും സൗരയൂഥത്തിലെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സംയോജിത പേലോഡ് വിഭാഗമാണ് സ്റ്റാർഷിപ്പ് പേടകം. ഏകദേശം 50 മീറ്റർ ഉയരവും 9 മീറ്റർ വീതിയുമുമുണ്ട്. മൂന്ന് സാധാരണ റാപ്‌റ്റർ എഞ്ചിനുകളും ബഹിരാകാശത്ത് ഉപയോഗിക്കുന്നതിനായി പ്രത്യേകം പരിഷ്‌കരിച്ച മൂന്ന് റാപ്‌റ്റർ എഞ്ചിനുകളുമാണ് ഇതിന് കരുത്ത് പകരുന്നത്.

സ്റ്റാർഷിപ്പിലെ രണ്ട് പ്രധാന ഘടകങ്ങളുടെയും പ്രത്യേകം പ്രത്യേകം പരീക്ഷണങ്ങൾ സ്പേസ്എക്സ് നടത്തിയിട്ടുണ്ട്. അവയെല്ലാം വിജയവുമായിരുന്നു. പേടകവും സൂപ്പർ ഹെവി റോക്കറ്റ് ബൂസ്റ്ററും ഒന്നിച്ച് ചേർന്നുള്ള പൂർണ്ണ സജ്ജമായ സ്റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണമാണ് 17 ന് നടക്കുന്നത്. എങ്കിലും പരീക്ഷണപ്പറക്കലിൽ സ്റ്റാർഷിപ്പ് ഭൂമിയെ പൂർണമായി വലം വച്ചേക്കില്ല.
1 1/2 മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന പരീക്ഷണപ്പറക്കിൽ, ആദ്യ മൂന്ന് മിനിറ്റ് പറക്കലിന് ശേഷം ബൂസ്റ്റർ വേർപിരിഞ്ഞ് മെക്സിക്കോ ഉൾക്കടലിൽ പതിക്കും. ബഹിരാകാശ പേടകം കിഴക്കോട്ട് യാത്ര തുടർന്ന് അറ്റ്ലാന്റിക്, ഇന്ത്യൻ, പസഫിക് സമുദ്രങ്ങൾ കടന്ന് ഹവായിക്ക് സമീപം ഇറങ്ങും എന്നാണ് വിവരം.
സ്റ്റാർഷിപ്പിന്റെ ആദ്യ പരീഷണപ്പറക്കൽ വിജയമായാൽ മസ്കിന്റെ സ്പേസ്എക്സിന് മാത്രമല്ല, നാസയടക്കമുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾക്കും അത് ഏറെ പ്രയോജനം ചെയ്യും. മനുഷ്യന്റെ ചൊവ്വാ, ചാന്ദ്ര ദൗത്യങ്ങളുടെ മുഖമായി സ്റ്റാർഷിപ്പ് മാറും. ഒരേ സമയം ഒരു ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയുമാണ് സ്റ്റാർഷിപ്പ് എന്ന് അൽപ്പം അതിശയോക്തിപരമായി പറയാം.
മനുഷ്യനെ സഞ്ചാരിയായി ചന്ദ്രനിൽ എത്തിക്കുന്നതിന് പുറമെ, ബഹിരാകാശത്തേക്ക് സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്ന ഒരു ചരക്ക് നീക്ക വാഹനമായും ഉപയോഗിക്കാം എന്നതാണ് സ്റ്റാർഷിപ്പിനെ ഒരേസമയം ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയുമാക്കി മാറ്റുന്നത്. 'ഫുൾ ടാങ്ക്' ഇന്ധനം നിറച്ചാൽ ചന്ദ്രനിലേക്കു പോയിവരാൻ സ്റ്റാർഷിപ്പിനു ശേഷിയുണ്ട്. 240 ടൺ മീഥെയ്നും 860 ടൺ ദ്രവീകൃത ഓക്സിജനും സ്റ്റാർഷിപ്പിന്റെ ഇന്ധനടാങ്കിൽ സംഭരിക്കാം.


Click it and Unblock the Notifications