ബലേ ഭേഷ്! പിഎസ്എൽവി സി55 വിക്ഷേപണ വിജയം: ഇസ്രോയെ അഭിനന്ദിച്ച് ഇലോൺ മസ്ക്
ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇതിനോടകം വിശ്വാസ്യത തെളിയിച്ച് ഏറ്റവും ചെലവുകുറച്ച് വാണിജ്യവിക്ഷേപണം നടത്തുന്നതിൽ പേരെടുത്ത ഐഎസ്ആർഒയ്ക്ക് അഭിനന്ദനവുമായി സ്പേസ്എക്സ് ഉടമകൂടിയായ ഇലോൺ മസ്ക്. ശനിയാഴ്ച സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച പിഎസ്എൽവി സി55 ദൗത്യത്തെ അഭിനന്ദിച്ച് ട്വിറ്ററിലൂടെയാണ് മസ്ക് രംഗത്തെത്തിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുയർന്ന ഇന്ത്യയുടെ വിശ്വസ്തനായ പിഎസ്എൽവി റോക്കറ്റ് സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങളായ ടെലിയോസ്- 2, ലൂമിലൈറ്റ്- 4 എന്നിവയെ 586 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ച് ഒരിക്കൽ കൂടി കരുത്ത് തെളിയിച്ചപ്പോൾ അത് രാജ്യത്തിനും അഭിമാന മുഹൂർത്തം സമ്മാനിച്ചു.

വാണിജ്യ വിക്ഷേപണങ്ങൾ കൂടുതലായി നടത്താനുള്ള ഇസ്രോയുടെ തയാറെടുപ്പുകളും ഈ ദൗത്യത്തിന്റെ കൂടെ വിജയകരമായി നടത്താൻ ഐഎസ്ആർഒയ്ക്ക് സാധിച്ചു. പിഎസ്എൽവി റോക്കറ്റുകൾ വേഗം ലോഞ്ചിന് തയാറാക്കാനായി ആരംഭിച്ച പിഐഎഫ് (പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി) അസംബ്ലിങ് കേന്ദ്രത്തിൽ തയാറാക്കിയ ആദ്യ പിഎസ്എൽവി റോക്കറ്റ് ആണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചത്.
ഈ ദൗത്യം വിജയിച്ചതിനു പിന്നാലെയാണ് വാണിജ്യ വിക്ഷേപണ രംഗത്ത് പ്രവർത്തിക്കുന്ന സ്പേസ്എക്സിന്റെ ഉടമകൂടിയായ ഇലോൺ മസ്ക് ഇസ്രോയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ലോകത്തെ ഏറ്റവും കരുത്തൻ റോക്കറ്റ് എന്ന വിശേഷണത്തോടെ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് കഴിഞ്ഞ ദിവസം ആദ്യ പരീക്ഷണത്തിൽ വിക്ഷേപിച്ച് നാലുമിനിറ്റിനുള്ളിൽ പൊട്ടിത്തെറിച്ചിരുന്നു.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങളുടെ സാരഥിയാകുമെന്ന് കരുതിയ സമ്പൂർണ സ്റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണത്തെ ഏറെ ആകാംക്ഷയോടെയാണ് ലോകമാകെ ഉറ്റുനോക്കിയത്. വിക്ഷേപണത്തറയിൽനിന്ന് കുതിച്ച സ്റ്റാർഷിപ്പിലെ ക്യാപ്സ്യൂൾ മൂന്നാം മിനിറ്റിൽ ബൂസ്റ്ററിൽനിന്നു വിട്ടുപോരേണ്ടതായിരുന്നു. എന്നാൽ ഈ ഘട്ടം പരാജയപ്പെട്ടതോടെ സ്റ്റാർഷിപ്പ് ഒന്നാകെ കത്തിയമർന്നു. എങ്കിലും പരീക്ഷണം ഒരു പരിധിവരെ വിജയമാണ് എന്നാണ് മസ്ക് പ്രതികരിച്ചത്.
സ്റ്റാർഷിപ്പ് പരീക്ഷണം പരാജയപ്പെട്ടതിന് ദുഃഖത്തിനിടെയാണ് മസ്ക് ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ്. ബഹിരാകാശ രംഗത്ത് പല രാജ്യങ്ങൾക്കും കൈവരിക്കാൻ സാധിക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സ്വകാര്യ ഏജൻസി എന്നനിലയിൽ ലോകം അംഗീകരിച്ചിട്ടുള്ള സ്ഥാപനം കൂടിയാണ് ഇലോൺ മസ്കിന്റെ സ്പേസ്എക്സ്.
സ്റ്റാർഷിപ്പിന്റെ പരാജയത്തെ ഒരു നഷ്ടം എന്ന നിലയിൽ മസ്ക് കാണുന്നില്ല. ആദ്യ ദൗത്യം പരാജയപ്പെട്ടേക്കാം എന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ മസ്ക് പ്രവചിക്കുകയും ചെയ്തിരുന്നു. എങ്കിലും ഒരുനാൾ വിജയം കൈവരിക്കുമെന്നും മനുഷ്യനെ ടൂറിസ്റ്റായി ചന്ദ്രനിൽ കൊണ്ടുപോകുമെന്ന തന്റെ സ്വപ്നം സാധിക്കുമെന്നും മസ്ക് ഉറച്ച് വിശ്വസിക്കുന്നു.
സ്റ്റാർഷിപ്പ് പരാജയപ്പെട്ടെങ്കിലും അത് പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണന്ന് സ്പേസ്എക്സിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് മസ്ക് ട്വീറ്റ് ചെയ്തു. പിഴവുകൾ പരിഹരിച്ച് അധികം വൈകാതെ വീണ്ടും സ്റ്റാർഷിപ്പ് പരീക്ഷിക്കുമെന്നും മസ്ക് പ്രതികരിച്ചു. സ്വന്തം റോക്കറ്റ് പരാജയപ്പെട്ട ചർച്ചകൾ സജീവമായി നടക്കുമ്പോഴും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ അഭിനന്ദിച്ച് രംഗത്തെത്താൻ മസ്കിനെ പ്രചോദിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല.

ഇത്തവണത്തെ പിഎസ്എൽവി ദൗത്യത്തിന് ഇസ്രോ തയാറെടുത്തത് പതിവ് രീതികളിൽനിന്ന് വ്യത്യസ്തമായിട്ടായിരുന്നു. സാധാരണയായി വിക്ഷേപണത്തറിയിൽവച്ച് ആണ് റോക്കറ്റുകൾ അസംബിൾ ചെയ്യുക. പിഎസ്‌എൽവി, ജിഎസ്‌എൽവി പോലുള്ള വലിയ റോക്കറ്റുകൾ വിക്ഷേപണത്തിന് സജ്ജമാക്കാൻ നൂറുകണക്കിന് ജീവനക്കാർ 30 മുതൽ 60 ദിവസം വരെ കഷ്ടപ്പെടേണ്ടിവരും. ഇത്രയും ദിവസം റോക്കറ്റ് ലോഞ്ച്പാഡിൽ വച്ച് തയാറാക്കുമ്പോൾ മറ്റ് വിക്ഷേപണങ്ങൾ നടത്താൻ സാധിക്കില്ല.
വിക്ഷേപണങ്ങൾക്കിടയിലെ ഈ കാലതാമസം പരിഹരിക്കാനാണ് പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി കേന്ദ്രം ഇസ്രോ തയാറാക്കിയത്. നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി റോക്കറ്റിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ ഇവിടെവച്ച് സംയോജിപ്പിക്കാൻ കഴിയും. അതോടെ ലോഞ്ച്പാഡിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പുതന്നെ പകുതി റോക്കറ്റ് തയാറാകും. മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും ഉപഗ്രഹങ്ങളും മാത്രമേ ലോഞ്ച്പാഡിൽ സംയോജിപ്പിക്കേണ്ടതുള്ളൂ. ഇതിലൂടെ ഏറെ സമയം ലാഭിക്കാം.
തുടർച്ചയായി വാണിജ്യവിക്ഷേപണങ്ങൾ നടത്തുന്നതിന് ഈ സംവിധാനം ഏറെ ഉപകരിക്കും. കാരണം ലോഞ്ച്പാഡിൽ റോക്കറ്റ് തയാറാക്കാൻ എടുക്കുന്ന സമയം ഇതുവഴി ലാഭിക്കാം. ഒരു റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുമ്പോൾത്തന്നെ മറ്റൊരു റോക്കറ്റിനെ അസംബിൾ ചെയ്യാൻ കഴിയും. വിക്ഷേപണത്തിനുള്ള കാലതാമസം ഏറെ കുറയും എന്നതാണ് പിഐഎഫ് കൊണ്ടുള്ള നേട്ടം.


Click it and Unblock the Notifications