സൗരയൂഥത്തിന്റെ അതിരുകളിലെ സമുദ്രങ്ങൾ; നിർണായക കണ്ടെത്തലുമായി നാസ | Uranus
ഭൌമാന്തരീക്ഷത്തിന്റെ അതിർത്തികൾ മറികടന്നുള്ള മനുഷ്യ നിർമിത ഉപഗ്രഹങ്ങളുടെ സഞ്ചാര ചരിത്രത്തിൽ പ്രായമേറെയായിട്ടും വീണ് പോകാത്തൊരു പോരാളിയെ പോലെ ദൌത്യം തുടരുകയാണ് വോയേജർ പേടകങ്ങൾ. സൌരയൂഥത്തിന് പുറത്ത് ജീവന്റെ തെളിവുകളും തേടി സൂര്യന്റെ കാന്തിക മണ്ഡലത്തിന്റെ സ്വാധീന മേഖലകളും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേസിലൂടെയുള്ള യാത്രയിലാണ് ഇരു പേടകങ്ങളും.
സൌരയൂഥത്തിന്റെ വിദൂര കോണുകളിൽ വോയേജർ കണ്ട കാഴ്ചകളും കണ്ടെത്തലുകളും ഇന്നും മനുഷ്യരാശിയെ അത്ഭുതപ്പെടുത്തുന്നു. 46 വർഷം മുമ്പുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന പേടകങ്ങൾ ഭൂമിയിലേക്കയച്ച ശാസ്ത്ര വിവരങ്ങൾ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിരീക്ഷിക്കുമ്പോൾ ഇത് വരെ ശാസ്ത്രജ്ഞർ കരുതിയിരുന്നതൊക്കെ ഇന്നലെകളിലെ അയഥാർഥ്യങ്ങൾ മാത്രമായിപ്പോകുന്നു. ഒടുവിലിതാ സൗരയൂഥത്തിന്റെ അതിരുകളിലെ ആകാശ ഗോളങ്ങളിൽ സമുദ്രങ്ങൾ തന്നെയുണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

വോയേജർ 2 പേടകത്തിന്റെ നിരീക്ഷണത്തിൽ ലഭിച്ച ഡാറ്റ വീണ്ടുമൊരിക്കൽ കൂടി പഠന വിധേയമാക്കിയതോടെയാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തപ്പെട്ടത്. യുറാനസിന്റെ (Uranus) വലിയ നാല് ഉപഗ്രഹങ്ങളിൽ ജലമുണ്ടാകുമെന്നാണ് കമ്പ്യൂട്ടർ മോഡലിങിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനം തെളിയിക്കുന്നത്. ഉപഗ്രഹങ്ങളുടെ അകക്കാമ്പിനും ഉപരിതലത്തിലെ ഐസ് പാളികൾക്കുമിടയിൽ സമുദ്രമുണ്ടാകുമെന്നാണ് വോയേജർ ഡാറ്റ സൂചിപ്പിക്കുന്നത്. 1980 -കളിൽ യുറാനസിന് അരികിലൂടെ പറന്ന വോയേജർ 2 (Voyager-2) പേടകത്തിൽ നിന്നുള്ള ഡാറ്റയാണ് ശാസ്ത്രജ്ഞർ വീണ്ടും വിശകലനം ചെയ്തത്.
ഏറ്റവും കുറഞ്ഞത് 27 ഉപഗ്രഹങ്ങൾ യുറാനസിനുണ്ട്. 1,580 കിലോമീറ്റർ വ്യാസമുള്ള ടൈറ്റാനിയയാണ് കൂട്ടത്തിലെ ഏറ്റവും വലിയ ഉപഗ്രഹം. ടൈറ്റാനിയ, ഒബറോൺ, മിറാൻഡ, ഏരിയൽ, അംബ്രിയൽ എന്നീ അഞ്ച് ഉപഗ്രഹങ്ങളുടെ ബാഹ്യ-ആന്തരിക ഘടനകളെക്കുറിച്ച് നടത്തിയ വിശദമായ പഠനത്തിന് ഒടുവിലാണ് ശാസ്ത്രജ്ഞർ പുതിയ നിഗമനത്തിലെത്തിയത്. വോയേജർ 2 ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റയും നാസയുടെ തന്നെ ഗലീലിയോ, കാസിനി, ഡോൺ, ന്യൂ ഹൊറൈസൺസ് പേടകങ്ങളിൽ നിന്നുള്ള ഡാറ്റയും ഉൾപ്പെടുത്തിയാണ് കമ്പ്യൂട്ടർ മോഡലുകൾ നിർമിച്ചത്.

വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് യുറേനിയൻ ഉപഗ്രഹങ്ങളുടെ പ്രതലത്തിന്റെ സുഷിരങ്ങൾ നിറഞ്ഞ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രജ്ഞർ വിശകലനം ചെയ്തു. ഒരു സമുദ്രത്തെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള ആന്തരിക താപം നിലനിർത്താൻ മുകളിൽ പറഞ്ഞ ഉപഗ്രഹങ്ങളുടെ ഉപരിതലങ്ങൾക്ക് ശേഷിയുണ്ട്. ഉപരിതലങ്ങൾക്ക് അടിയിലുള്ള പാറക്കെട്ടുകളിൽ നിന്നുള്ള ചൂടുള്ള ദ്രാവകം സമുദ്രങ്ങളിലെ അന്തരീക്ഷം ചൂടുള്ളതായി നിലനിർത്തുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
യുറാനസിന്റെ ഉപഗ്രഹങ്ങളിൽ, ഗ്രഹത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന മിറാൻഡയുടെ ഉപരിതലത്തിൽ, അടുത്ത കാലത്തുണ്ടായത് പോലെയുള്ള സവിശേഷമായ സ്ട്രക്ചറുകൾ ഏതെങ്കിലും ഘട്ടത്തിൽ ഒരു സമുദ്രം നിലനിർത്താൻ ആവശ്യമായ താപം മിറാൻഡ നിലനിർത്തിയിരിക്കാമെന്നതിനുള്ള സൂചനയാണ്. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹങ്ങളുടെ സമുദ്രങ്ങളിൽ ക്ലോറൈഡുകളും അമോണിയയും ധാരാളമായി ഉണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു.

കുള്ളൻ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും പോലെയുള്ള ചെറിയ സെലസ്റ്റിയൽ ബോഡികളിൽ സമുദ്രങ്ങൾക്കുള്ള സാധ്യതകളും തെളിവുകളും നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഡ്വാർഫ് പ്ലാനറ്റുകളായ സെറസ്, പ്ലൂട്ടോ, ശനിയുടെ ഉപഗ്രഹമായ മിമാസ് എന്നിവയുൾപ്പെടെ സാധ്യതയില്ലാത്ത നിരവധി സ്ഥലങ്ങളിൽ സമുദ്രങ്ങളുടെ തെളിവുകൾ ഗ്രഹ ശാസ്ത്രജ്ഞർ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയധികം പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഗ്രഹങ്ങൾക്കുള്ളിൽ നിലനിൽക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ഇനിയും വേണ്ട വിധത്തിൽ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം.
Voyager 2 : 1977 -ൽ വിക്ഷേപിച്ച വോയേജർ 2 പേടകം ഇന്നും യാത്ര തുടരുകയാണ്. വെറും നാല് വർഷം ആയുസ് നിശ്ചയിച്ചിരുന്ന വോയേജർ പേടകങ്ങൾ 46 വർഷം കഴിഞ്ഞിട്ടും അജ്ഞാതമായ ലോകങ്ങളിലേക്കുള്ള പ്രയാണം തുടർന്ന് കൊണ്ടേയിരിക്കുന്നു. 55,092 കിലോമീറ്റർ വേഗത്തിലാണ് ഭൂമിയിൽ നിന്നും അകന്ന് പൊയ്ക്കോണ്ടിരിക്കുന്ന വോയേജർ പേടകം ഭൂമിയിൽ നിന്നും എതാണ്ട് 20 ബില്യൺ കിലോമീറ്റർ ദൂരത്താണുള്ളത്.


Click it and Unblock the Notifications