എന്താണ് വെബ് 3.0; ഇത് ഇന്റർനെറ്റ് മേഖല മാറ്റിമറിക്കുമോ?
ബ്ലോക്ക് ചെയിനും ബിറ്റ്കോയിനും ശേഷം ഡിജിറ്റൽ ലോകത്തെ ചൂട് പിടിച്ച ചർച്ചാവിഷയങ്ങളിൽ ഒന്നാണ് വെബ് 3.0 (വെബ്3 എന്നും പറയാറുണ്ട് ). ഇന്റർനെറ്റിനെ പൊളിച്ചെഴുതുന്ന ഭാവിയുടെ സാങ്കേതിക വിദ്യയെന്ന് ചിലർ വെബ് 3.0 യെ വിലയിരുത്തുന്നു. അതേ സമയം വെറും ഉട്ടോപ്യൻ ആശയമെന്ന് വിമർശിക്കുന്നവരും ഏറെ. വെബ് 3.0 എന്ന പ്രയോഗം കേട്ട് പരിചയം ഇല്ലാത്തവരും നമ്മുക്ക് ഇടയിൽ ഉണ്ടാവും. ഒറ്റ വാചകത്തിൽ നെക്സ്റ്റ് ജെൻ (അടുത്ത തലമുറ) ഇന്റർനെറ്റ് എന്ന് വേണമെങ്കിൽ വെബ് 3.0യ്ക്ക് നിർവചനം നൽകാം.

ഇപ്പോൾ ഗൂഗിളും ഫേസ്ബുക്കും ആപ്പിളും പോലെയുള്ള ഏതാനും കമ്പനികളുടെ നിയന്ത്രണത്തിലാണ് (നിലവിൽ നാം ഉപയോഗിക്കുന്ന ഇന്റർനെറ്റിനെ വെബ് 2.0 എന്നാണ് വിളിക്കുന്നത്.) ഇന്റർനെറ്റ് ഉള്ളത്. ഇതിൽ നിന്നുള്ള മോചനം എന്നാണ് വെബ് 3.0 യെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. ഏതാനും ടെക്ക് ഭീമന്മാരുടെ നിയന്ത്രണത്തിൽ ഉള്ള ഡിജിറ്റൽ ലോകത്തെ വെബ് 3.0 വികേന്ദ്രീകൃതം ആക്കുമത്രേ! ഇതിനായി ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും അങ്ങനെ ഇന്റർനെറ്റിൽ യൂസേഴ്സിന് മുൻഗണന ലഭിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ വിമർശകരിൽ മുൻപന്തിയിലുള്ളത് ഇലോൺ മസ്കിനെയും ജാക് ഡോർസിയേയും പോലെയുള്ള ടെക് ലോകത്തെ അതികായന്മാരാണെന്നതും ശ്രദ്ധേയം.

വെബ് 3.0 യെ പറ്റി പറയുമ്പോൾ ഇന്റർനെറ്റിന്റെ നാൾ വഴികളെപ്പറ്റിയും പറയേണ്ടതുണ്ട്. വെബ് 1.0, വെബ് 2.0 എന്നിവയാണ് വെബ് 3.0യുടെ മുൻഗാമികൾ. 1989ൽ ടിം ബെർണേഴ്സ് ലീ അവതരിപ്പിച്ച വേൾഡ് വൈഡ് വെബാണ് വെബ് 1.0 എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് കാണുന്ന ഇന്റർനെറ്റ് ഫീച്ചറുകൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ കാലഘട്ടത്തിൽ ടെക്സ്റ്റ് കണ്ടന്റ് മാത്രമായിരുന്നു വെബിൽ കൈമാറാൻ കഴിഞ്ഞിരുന്നത്. 1991 മുതൽ 2004 വരെയുള്ള കാലഘട്ടത്തെ വെബ് 1.0 സമയമായി വിലയിരുത്തുന്നവരും ഉണ്ട്. സ്റ്റാറ്റിക് കണ്ടന്റ് ഷെയറിങിലേക്ക് വെബ് വളർന്ന സമയം ആണിത്. റീഡ് ഒൺലി വെബ് എന്നും വെബ് 1.0 വേർഷനെ വിശേഷിപ്പിക്കാവുന്നതാണ്. ഡേറ്റാബേസുകൾ ലഭ്യമല്ലാതിരുന്ന ഈ കാലഘട്ടത്തിൽ സ്റ്റാറ്റിക് ഫയൽ സിസ്റ്റം ആണ് ഉപയോഗത്തിൽ ഉണ്ടായിരുന്നത്.

വെബ് 1.0യുടെ പരിമിതികളും പോരായ്മകളും എല്ലാം പരിഹരിക്കപ്പെട്ട ഇന്നത്തെ ഇന്റർനെറ്റിനെ വെബ് 2.0 എന്ന് വിളിക്കുന്നു. കണ്ടന്റ് സൃഷ്ടിക്കാനും ലോകത്തോട് പങ്ക് വയ്ക്കാനും അതിസങ്കീർണമായ പ്രോട്ടോക്കോളുകളും വൈദഗ്ധ്യവും ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും ആപ്പുകളുടെയും സ്മാർട്ട് ഗാഡ്ജറ്റുകളുടെയും ഡിജിറ്റൽ കറൻസികളുടെയും കാലത്തെ വെബിന് സോഷ്യൽ വെബ് എന്നൊരു വിളിപ്പേരും ഉണ്ട്. വെബ് 2.0യിലെ മിക്കവാറും ഇന്റർഫേസുകളും ആർക്കും കണ്ടന്റ് സൃഷ്ടിക്കാനും ലോകത്തെ കാണിക്കാനും കഴിയുന്ന രീതിയിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. നമ്മുടെ സൃഷ്ടികൾ ലക്ഷക്കണക്കിനും കോടിക്കണക്കിനും ആളുകളുമായി പങ്ക് വയ്ക്കാം, ഫീഡ്ബാക്കുകൾ അറിയാം, മറുപടികൾ കാണുകയും റിപ്ലേ ചെയ്യുകയും ചെയ്യാം.

വെബ് 1.0യെ അപേക്ഷിച്ച് പരിമിതികളില്ലാത്ത സ്വാതന്ത്ര്യം വെബ് 2.0 നൽകുന്നുണ്ട്. ഇന്നത്തെ ഇന്റർനെറ്റ് ലോകത്തിന്റെ സാധ്യതകൾ കാണുന്നവർക്ക് ഒരു പക്ഷെ വെബ് ലോകത്തിന് കടിഞ്ഞാണുകൾ ഒന്നും തന്നെ ഇല്ലെന്ന് തോന്നാം. പക്ഷെ ഇത് അത്ര ശരിയായ വിലയിരുത്തൽ അല്ലെന്നതാണ് സത്യം. ഒന്നാമത്. വെബ് 2.0യിൽ നിന്നും പണം സമ്പാദിക്കണമെങ്കിൽ പലപ്പോഴും ഏതെങ്കിലും ടെക്ക് ഭീമന്മാരുടെ സഹായവും സേവനവും ആവശ്യമാണ്. ഗൂഗിൾ, ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ പ്രധാനപ്പെട്ട കമ്പനികളാണ് പ്രധാനമായും ഇങ്ങനെ സമ്പാദിക്കുന്നത്. കണ്ടന്റ് സൃഷ്ടിക്കുന്ന ക്രിയേറ്റർമാർക്കും പണം സമ്പാദിക്കാൻ ഇവരുടെയൊക്കെ സേവനം ആവശ്യമാണ്. നാം എത്രയൊക്കെ കണ്ടന്റുകൾ ക്രിയേറ്റ് ചെയ്താലും വരുമാനം അടക്കമുള്ള കാര്യങ്ങളിൽ ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം എപ്പോഴുമുണ്ട്.

നമ്മുടെ സ്ക്രീനുകളിൽ ചാരക്കണ്ണുകളുമായി കാത്തിരിക്കുന്ന തട്ടിപ്പുകാരും സർക്കാർ ഏജൻസികളുമൊക്കെ വെബ് 2.0യുടെ ശാപമാണ്. തട്ടിപ്പുകാർ യഥേഷ്ടം വിഹരിക്കുന്ന വെബ് ലോകത്ത് ഡേറ്റ മോഷണവും ഏജൻസികളുടെ ഡേറ്റ ചോർത്തലും എല്ലാം സർവസാധാരണയായി നടക്കുന്ന കാര്യമാണ്. വിവിധ തരം സ്കാമുകളും വിവരചോർച്ചകളും എല്ലാം നാം കണ്ടിട്ടുള്ളവയാണ്.

വെബ് 2.0യിൽ സർക്കാരുകൾക്കുള്ള നിയന്ത്രണവും നേരത്തെ പറഞ്ഞ സ്വാതന്ത്ര്യമില്ലായ്മയുടെ ഉദാഹരണമാണ്. എവിടെയും എപ്പോഴും ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുത്താൻ ഗവൺമെന്റുകൾക്കാവും. ഒപ്പം നമ്മുടെ സ്വകാര്യ വിവരങ്ങൾ യഥേഷ്ടം ആക്സസ് ചെയ്യാനും കഴിയും. വെബ് 2.0യുടെ അടിസ്ഥാന സ്വഭാവമായ കേന്ദ്രീകൃത സെർവറുകളാണ് ഇതിനൊക്കെ പ്രധാന കാരണം ആവുന്നത്. ഇത്തരം അടിസ്ഥാന വിഷയങ്ങളിൽ പരിഹാരമുണ്ടാകുമെന്നാണ് വെബ് 3.0യുടെ പ്രചാരകർ പറയുന്നത്.

വെബ് 3.0
ബ്ലോക്ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികേന്ദ്രീകൃതമായ സെർവർ സംവിധാനത്തോടെ എത്തുന്ന "ജനങ്ങളുടെ ഇന്റർനെറ്റ്" ഇങ്ങനെയാണ് വെബ് 3.0യെ വിശേഷിപ്പിക്കുന്നത്. പെർമിഷനുകളുടെ ശല്യം ഇല്ലാതെ ഒരു സെർവറിൽ നിന്ന് മാത്രമല്ലാതെയാകും ആപ്പുകൾ പ്രവർത്തിക്കുക. പിയർ ടു പിയർ നോഡുകളാവും സെർവറുകൾ ആയി വർക്ക് ചെയ്യുക. തട്ടിപ്പുകാർക്ക് കാര്യങ്ങൾ അത്ര എളുപ്പം ആകില്ല, വെബ് 3.0 യുടെ നിയന്ത്രണം ആർക്കും ലഭിക്കില്ല, ക്രിപ്റ്റോ എക്കണോമിക് പ്രോട്ടോക്കോൾ, സുരക്ഷിതമായ പേയ്മെന്റുകൾ, കമ്പനികളെ ആശ്രയിക്കാതെ ആർക്കും പണം ഉണ്ടാക്കാൻ സാധിക്കും, അവിശ്വസനീയമായ ഫീച്ചറുകൾ ഇനിയും നിരവധിയാണ്.

പുതിയ സാങ്കേതികവിദ്യകളുടെ പ്രചാരകനായി അറിയപ്പെടുന്ന ആളാണ് ടെസ്ല സിഇഒ ഇലോൺ മസ്ക്. വെബ് 3.0യുടെ സാധ്യതകളെ പക്ഷെ പൂർണമായും മസ്ക് തള്ളിക്കളയുന്നു. വെബ് 3.0 യാഥാർഥ്യമാകില്ലെന്നും ഒരു മാർക്കറ്റിങ് പ്രയോഗം മാത്രമാണെന്നും മസ്ക് വിമർശിക്കുന്നു. ട്വിറ്റർ സഹ സ്ഥാപകനും മുൻ സിഇഒയും ആയിരുന്ന ജാക് ഡോർസി കുറച്ച് കൂടി കടുപ്പമേറിയ വിമർശനങ്ങൾ നടത്തുന്നു. സാധാരണ ജനങ്ങൾക്ക് എന്തായാലും വെബിന്റെ ഉടമസ്ഥത ലഭിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. വെബ് 3.0യിൽ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുകളും അവരുടെ പങ്കാളികൾക്കും ആധിപത്യം ഉണ്ടായിരിക്കുമെന്നും ഡാർസി പറയുന്നു.


Click it and Unblock the Notifications








