കാഴ്ചയിൽ ഐപാഡ് പ്രോയുടെ ചന്തം, വില 12,999 രൂപ മാത്രം; ഐടെൽ പാഡ് വൺ ചില്ലറക്കാരനല്ല!
ഐപാഡ് ഉപയോഗിക്കാൻ ആഗ്രഹം ഉണ്ടായിട്ടും അതിന്റെ ഉയർന്ന വിലമൂലം വാങ്ങാൻ കഴിയാത്ത ആളുകൾക്ക് ആശ്വാസമായി പുതിയ ഐടെൽ പാഡ് വൺ വിപണിയിലെത്തി. ഒരു ബജറ്റ് സ്മാർട്ട്ഫോണിന്റെ വിലയിൽ ഐപാഡിന്റേതിന് സമാനമായ ഡിസൈനുമായി എത്തിയിരിക്കുന്ന പുത്തൻ ടാബ്ലറ്റ് ആണ് ഐടെൽ പാഡ് വൺ.
ബജറ്റ് വിലയിൽ ചെറിയ ഡിസ്പ്ലേയുള്ള പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെപ്പോലും ആകർഷിക്കുകയും വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിലയും വലിയ ഡിസ്പ്ലേയും ഈ ഐടെൽ പാഡ് വണ്ണിന്റെ പ്രത്യേകതയാണ്. താങ്ങാനാവുന്ന വിലയിലുള്ള ഫീച്ചർ ഫോണുകൾ മാത്രം പുറത്തിറക്കിയിട്ടുള്ള ഐടെല്ലിന്റെ ആദ്യ ടാബ്ലറ്റ് എന്ന പ്രത്യേകതയും പാഡ് വണ്ണിനുണ്ട്.

ഐടെല്ലിന്റെ ആദ്യ ടാബ്ലറ്റ്
ഇപ്പോൾ ടിവി, ടാബ്ലറ്റ് നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയ ഐടെൽ ഏറെ മികവോടെയാണ് തങ്ങളുടെ ആദ്യ ടാബ്ലറ്റ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ക്യാമറ, 4ജി കോളിങ് പിന്തുണ എന്നിവയും ഈ ടാബ്ലറ്റിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. ഇന്ത്യൻ വിപണി കീഴടക്കാനെത്തിയിരിക്കുന്ന ഐടെൽ പാഡ് വണ്ണിനെ വിശദമായി പരിചയപ്പടാം.
ഇളം നീലയും ഡീപ് ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളുടെ അഴകിലാണ് ഐടെൽ ടാബ് എത്തുന്നത്. 1280x800 പിക്സൽ റെസലൂഷൻ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഐടെൽ പാഡ് വണ്ണിന്റെ ഏറ്റവും പ്രധാന സവിശേഷത. ആൻഡ്രോയിഡ് 12 ( ഗോ എഡിഷൻ ) ലാണ് ടാബ്‌ലെറ്റ് പ്രവർത്തിക്കുന്നത്.

ഒക്ടാ-കോർ ചിപ്സെറ്റ്
ഒക്ടാ-കോർ SC9863A1 ചിപ്സെറ്റ് ആണ് ഈ ടാബിന്റെ കരുത്തിന്റെ സ്രോതസ്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഒപ്പം എത്തിയിരിക്കുന്നതോടെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ഐടെൽ പാഡ് വണ്ണിന് സാധിക്കും എന്നാണ് കമ്പനി പറയുന്നത്. സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാനും സൗകര്യമുണ്ട്.
രണ്ട് ക്യാമറകൾ
രണ്ട് ക്യാമറകളാണ് ഐടെൽ ഈ ടാബിൽ നൽകിയിരിക്കുന്നത്. 80-ഡിഗ്രി വൈഡ് ആംഗിൾ ലെൻസുള്ള 8-മെഗാപിക്‌സൽ പിൻ ക്യാമറയും ഫ്ലാഷോടുകൂടിയ 5-മെഗാപിക്‌സൽ AF സെൽഫി ക്യാമറയും ആണ് അവ. ദീർഘനേരം ഉപയോഗിക്കാൻ സാധിക്കും വിധത്തിൽ 10W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000എംഎഎച്ച് ബാറ്ററിയും കമ്പനി നൽകിയിരിക്കുന്നു.

4ജി പിന്തുണ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡ്യുവൽ സ്പീക്കറുകൾ, 3.5 എംഎം ഓഡിയോ ജാക്ക്, വൈഫൈ, ബ്ലൂടൂത്ത്, മറ്റ് ഉപകരണങ്ങളുമായി കണ്ക്ട് ചെയ്യാനുള്ള സൗകര്യത്തിനായി ഒടിജി പിന്തുണ എന്നിവയും ഈ ഐടെൽ പാഡ് വണ്ണിലുണ്ട്. ഇത് അതിവേഗ ഡാറ്റാ ട്രാൻസ്ഫർ ഉറപ്പാക്കുന്നു.
ഇന്ത്യയിലെ വില
ഐടെൽ പാഡ് വൺ ടാബ്‌ലെറ്റിന്റെ 4 ജിബി + 128 ജിബി മോഡലിന് 12,999 രൂപയാണ് വില. ഒരു ബജറ്റ് സ്മാർട്ട്ഫോണിന്റെ വിലയിൽ മികച്ച ഫീച്ചറുകളോടെ വലിയ ഡിസ്പ്ലേയുള്ള, 4ജി കോളിങ് പിന്തുണയുള്ള ഐടെൽ പാഡ് വൺ ഇന്ത്യൻ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആവശ്യമായ എല്ലാ ചേരുവകളുമായാണ് വരുന്നത്.
ടാബ്ലറ്റ് മാത്രമല്ല!
റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈനിലും ഓഫ്‌ലൈനായും ഐടെൽ പാഡ് വൺ വാങ്ങാം. ചൈനീസ് കമ്പനിയായ ഐടെൽ L3265, L4365 മോഡലുകൾ ഉൾപ്പെടുന്ന സ്മാർട്ട് ടിവികൾ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ഉൽപ്പന്ന ശ്രേണിയും വിപുലീകരിച്ചിട്ടുണ്ട്. മികച്ച കാഴ്ചാനുഭവം നൽകുന്ന ഫ്രെയിംലെസ് ഡിസൈനുകളുമായാണ് ഈ ടിവികൾ വരുന്നത്, രണ്ട് മോഡലുകളും പ്രീ-ഇൻസ്റ്റാൾ ചെയ്ത ഒടിടി ആപ്ലിക്കേഷനുകളും ബിൽറ്റ്-ഇൻ ക്രോംകാസ്റ്റുമായാണ് വരുന്നത്.


Click it and Unblock the Notifications








