റിയല്‍മീ 3 റിവ്യൂ: റെഡ്മീ നോട്ട് 7-ന് വെല്ലുവിളി ഉയര്‍ത്താന്‍ റിയല്‍മീ 3-ന് കഴിയുമോ?


റിയല്‍മീ 1 സ്മാര്‍ട്ട്‌ഫോണുമായി 2018 മെയ് മാസത്തിലാണ് റിയല്‍മീ ഇന്ത്യന്‍ വിപണിയിലെത്തിയത്. ചുരുങ്ങിയ കാലത്തിനുള്ള ജനശ്രദ്ധ നേടാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ രാജാക്കന്മാരായി വാഴുന്ന ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താനും റിയല്‍മീക്ക് കഴിഞ്ഞു.

Advertisement

റേറ്റിംഗ്: 4.0/5

ഗുണങ്ങള്‍

മനോഹരമായ രൂപകല്‍പ്പന

മികച്ച ചിത്രങ്ങള്‍ നല്‍കുന്ന ഡ്യുവല്‍ ക്യാമറ

അത്യുഗ്രന്‍ പ്രകടനം

ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി

ദോഷങ്ങള്‍

HD+ റെസല്യൂഷന്‍ ഡിസ്‌പ്ലേ

കാലഹരണപ്പെട്ട യുഎസ്ബി പോര്‍ട്ട്

ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യത്തിന്റെ അഭാവം

ഓപ്പോയുടെ മുന്‍ സബ്‌സിഡയറി ആയിരുന്ന റിയല്‍മീ പുതിയൊരു മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു, റിയല്‍മീ 3. റിയല്‍മീ 2-ന്റെ പിന്‍ഗാമിയായ ഫോണിന്റെ സവിശേഷതകള്‍ വലിയ ഡിസ്‌പ്ലേ, ടിയര്‍ഡ്രോപ് നോച്, ശക്തമായ മീഡിയടെക് P70 ചിപ്‌സെറ്റ്, ഇരട്ട ക്യാമറകള്‍ മുതലായവയാണ്. വില 8999 രൂപ. വില പതിനായിരം രൂപയില്‍ താഴെയായതിനാല്‍ റിയല്‍മീ 3 നേരിട്ട് മത്സരിക്കുന്നത് ഷവോമി റെഡ്മി നോട്ട് 7-നുമായാണ്.

Advertisement
ഗ്രേഡിയന്റ് യൂണിബോഡി; വിരലടയാളങ്ങള്‍ തെളിഞ്ഞുകാണുന്നു

രൂപകല്‍പ്പനയുടെ കാര്യത്തില്‍ മുന്‍ റിയല്‍മീ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് റിയല്‍മീ 3. ഡയമണ്ട് കട്ട് ഡിസൈനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട നിറങ്ങളോട് കൂടിയ ഗ്രേഡിയന്റ് പാറ്റേണ്‍ പിന്നിലെ പാനല്‍ മനോഹരമാക്കുന്നു. റൗണ്ട് ചെയ്ത മൂലകളും പിന്‍ പാനലിലെ കര്‍വ്ഡ് അരികുകളും ഫോണിന്റെ ഉപയോഗം അനായാസമാക്കുന്നു.

ഫൈബര്‍ ഗ്ലാസിനാല്‍ നിര്‍മ്മിതമായ പിന്നിലെ പാനല്‍ മനസിന് കുളിരേകുമെങ്കിലും വിരലടയാളം തെളിഞ്ഞുകാണാമെന്നത് ഒരു പോരായ്മയാണ്. ഫോണിനൊപ്പം കമ്പനി നല്‍കുന്ന ട്രാന്‍സ്പാരന്റ് സിലിക്കണ്‍ കെയ്‌സ് ഉപയോഗിച്ച് ഈ പ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കാം. കെയ്‌സില്ലാതെ ഉപയോഗിച്ചാല്‍ ഫോണ്‍ കൈയില്‍ നിന്ന് വഴുതി വീഴാനുള്ള സാധ്യതയും കൂടും. ഇരട്ട നിറങ്ങള്‍ക്ക് പുറമെ പേള്‍ പൗഡര്‍ കൂടി ചേരുന്നതോടെ റിയല്‍മീ 3 അതിസുന്ദരിയാകുന്നു.

പ്രൈമറി ക്യാമറ ഇടതുമൂലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ലെന്‍സുകളുടെ ഇടയ്ക്കാണ് എല്‍ഇഡി ഫ്‌ളാഷിന്റെ സ്ഥാനം. പിന്‍ പാനലിന്റെ മധ്യഭാഗത്തായി വളരെ സൗകര്യപ്രദമായ സ്ഥലത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സജ്ജീകരിച്ചിരിക്കുന്നു. ഫിംഗര്‍പ്രിന്റ് സെറ്റ്അപ്പ് ചെയ്യുന്നതും അതുപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത് അനായാസമാണ്. പിന്നില്‍ താഴ്ഭാഗത്ത് ഇടതുവശത്തായി റിയല്‍മീ ലോഗോ കൊത്തിവച്ചിട്ടുണ്ട്.

ഫോണിന്റെ ഇടതുവശത്ത് മൂന്ന് സ്ലോട്ട് സിം കാര്‍ഡ് ട്രേ വോള്യം കീകള്‍ക്ക് സമീപത്തായി കാണാം. വലതുവശത്താണ് പവര്‍ കീ. ഇത് ഗൂഗിള്‍ അസിസ്റ്റന്റായും ഉപയോഗിക്കാം. ഇതിനായി കുറച്ചുനേരം പവര്‍കീയില്‍ അമര്‍ത്തിപ്പിടിക്കണം. ഫോണിന്റെ താഴ്ഭാഗത്തായി 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക്, സ്പീക്കര്‍ ഗ്രില്ലുകള്‍, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ സ്ഥാപിച്ചിരിക്കുന്നു.

ടിയര്‍ഡ്രോപ് നോചോട് കൂടിയ വലിയ ഡിസ്‌പ്ലേയാണ് റിയല്‍മീ 3-ന്റെ ഏറ്റവും വലിയ ആകര്‍ഷണം. രൂപകല്‍പ്പനയുടെ കാര്യത്തില്‍ പ്രീമിയം ലുക്ക് തന്നെയാണ് ഫോണിനുള്ളത്. വഴുതി വീഴാനുള്ള സാധ്യതയും വരിലടയാളം എടുത്തുകാണിക്കുന്ന പിന്‍ പാനലും പോരായ്മകളായി പറയാം. എന്നാല്‍ കെയ്‌സ് ഉപയോഗിച്ച് ഇത് മറികടക്കാന്‍ കഴിയും.

വ്യക്തതയും തിളക്കവുമുണ്ട്; HD+ റെസല്യൂഷന്‍ നിരാശപ്പെടുത്തുന്നു

6.22 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് റിയല്‍മീ 3-ല്‍ ഉള്ളത്. 720X1520 പിക്‌സല്‍സ് റെസല്യൂഷന്‍. ടിയര്‍ഡ്രോപ് നോച് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബെസെല്‍ പേരിന് മാത്രമേയുള്ളൂ. ഫോണിന്റെ സ്‌ക്രീന്‍- ബോഡി അനുപാതം 88.3 ശതമാനമാണ്. പിക്‌സല്‍ സാന്ദ്രത 302 dpi ആണ്. 1080X2340 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ FHD+ ഡിസ്‌പ്ലേയുടെ മികവുമായി അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി നോട്ട് 7-നുമായി താരതമ്യം ചെയ്താല്‍ ഇത് നിങ്ങളെ തികച്ചും നിരാശപ്പെടുത്തും. 1080p വീഡിയോകള്‍ റിയല്‍മീ3-ല്‍ സ്ട്രീം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട.

എന്നുകരുതി ഡിസ്‌പ്ലേ തീരെ മോശമാണെന്ന് കരുതരുത്. നിറങ്ങളും ബ്രൈറ്റ്‌നസ്സും മികച്ചതാണ്. നേരിട്ട് സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോള്‍ ഈ മികവ് പുലര്‍ത്താന്‍ ഫോണിന് കഴിയുന്നില്ല. പതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് ലഭിക്കുന്ന മികച്ച ഡിസ്‌പ്ലേ നോക്കുന്നവര്‍ റെഡ്മി നോട്ട് 7 വാങ്ങുക.

വിശദാംശങ്ങള്‍ വിട്ടുകളയാത്ത ഇരട്ട ക്യാമറകള്‍

1.12um പിക്‌സല്‍ സൈസോട് കൂടിയ 13MP പ്രൈമറി സെന്‍സറും f/1.8 അപെര്‍ച്ചറോട് കൂടിയ 2MP സെക്കന്ററി സെന്‍സറുമാണ് റിയല്‍മീ 3-ന്റെ പിന്‍ഭാഗത്തുള്ളത്. ക്യാമറ വിഭാഗം മോശമല്ല. വിശദാംശങ്ങള്‍ വിട്ടുപോകാതെ മികച്ച ചിത്രങ്ങളെടുക്കാന്‍ ക്യാമറകള്‍ക്ക് കഴിയുന്നുണ്ട്. ബൊക്കേ ഷോട്ടുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

അനായാസം ഉപയോഗിക്കാന്‍ കഴിയുന്നതാണ് ക്യാമറ UI. വീഡിയോ, ഫോട്ടോ, പോട്രെയ്റ്റ് മോഡ് മുതലായവ എളുപ്പത്തില്‍ എടുക്കാനാകും. നൈറ്റ്‌സ്‌കേപ്, പനോരമ, എക്‌സ്‌പെര്‍ട്ട്, ടൈം ലാപ്‌സ്, സ്ലോ മോഷന്‍ എന്നീ മോഡുകളും ഫോണിലുണ്ട്. 90fps@720p സ്ലോ മോഷന്‍ വീഡിയോകള്‍ എടുക്കാനുള്ള സൗകര്യവും റിയല്‍മീ 3 നല്‍കുന്നു. ഇവയെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ക്രോമാ ബൂസ്റ്റ് മോഡിനെ കുറിച്ച് പ്രത്യേകം പറയേണ്ടതാണ്. ഇത് പ്രവര്‍ത്തനസജ്ജമാക്കി കഴിഞ്ഞാല്‍ മെച്ചപ്പെട്ട കോണ്‍ട്രാസ്റ്റ്, എക്‌സ്‌പോഷര്‍ എന്നിവയോടെ ഫോട്ടോകള്‍ പകര്‍ത്താന്‍ സാധിക്കും.

മുന്നില്‍ 13MP സെല്‍ഫി ക്യാമറയാണുള്ളത്. 5P ലെന്‍സ്, f/2.0 അപെര്‍ച്ചര്‍, 1.12um പിക്‌സല്‍ സൈസ് എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍. എഐ ബ്യൂട്ടിഫൈ, പോട്രെയ്റ്റ്, എച്ച്ഡിആര്‍, നൈറ്റ് പോട്രെയ്റ്റ്, എആര്‍ സ്റ്റിക്കറുകള്‍ മുതലായ മോഡുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുന്ദരമായ സെല്‍ഫികള്‍ എടുക്കാന്‍ ക്യാമറയ്ക്ക് കഴിയുന്നുണ്ട്. നൈറ്റ് ഫോട്ടോഗ്രാഫിയില്‍ ക്യാമറയുടെ പ്രകടനം ശരാശരി മാത്രമാണ്.

പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ നെറ്റ് സ്‌കേപ് മോഡില്‍ എടുത്ത ഫോട്ടോകള്‍ താരതമ്യേന മെച്ചമാണ്. എന്നിരുന്നാലും അവ മികവ് പുലര്‍ത്തുന്നുവെന്ന് പറയുക സാധ്യമല്ല. റിയല്‍മീയുടെ സെല്‍ഫി പ്രോയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മികച്ച സെല്‍ഫികള്‍ നല്‍കാന്‍ റിയല്‍മീ 3-ന് കഴിയുന്നുണ്ട്. ഗ്രൂപ്പ് സെല്‍ഫി ഫീച്ചറും മികച്ചതാണ്.

മീഡിയടെക് ഹെലിയോ P70 SoC-യും 4GB റാമും

12nm FinFET പ്രോസസ്സ് അടിസ്ഥാന ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P70 പ്രോസസ്സറിലാണ് റിയല്‍മീ 3 പ്രവര്‍ത്തിക്കുന്നത്. വിവോ V15, ഓപ്പോ F11 പ്രോ എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്നതും ഇതേ പ്രോസസ്സറാണ്. 4GB റാം, 64GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും.

ശക്തമായ പ്രോസസ്സറുള്ളതിനാല്‍ മള്‍ട്ടി ടാസ്‌കിംഗിലും ഗെയിമിംഗിലും ഫോണ്‍ ഒരുപോലെ മികവ് പുലര്‍ത്തുന്നു. ഗ്രാഫിക്‌സുകളാല്‍ സമ്പന്നമായ Asphalt9, PUBG തുടങ്ങിയ ഗെയിമുകള്‍ പോലും ഇതില്‍ ആസ്വദിച്ച് കളിക്കാനാകും. ദീര്‍ഘനേരം കളിക്കുമ്പോള്‍ ഫോണ്‍ ചൂടാകുമെന്നത് ഒഴിച്ചാല്‍ മറ്റൊരു പ്രശ്‌നവുമില്ല. ഇതിന് നന്ദി പറയേണ്ടത് Mali-G72 MP3 GPU-വിനാണ്.

ആന്‍ഡ്രോയ്ഡ് പൈ സ്റ്റോക്ക് യുഐ

കളര്‍ ഒഎസ് 6.0 ഓവര്‍ലേ അടിസ്ഥാന ആന്‍ഡ്രോയ്ഡ് പൈയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് യുഐ ഇത് വാഗ്ദാനം ചെയ്യുന്നു. ഹോംസ്‌ക്രീനില്‍ മുകളിലേക്ക് സൈ്വപ് ചെയ്താല്‍ വൃത്തിയായി രൂപകല്‍പ്പന ചെയ്ത ആപ്പ് ഡ്രായര്‍ ലഭിക്കും. സ്റ്റോക്ക് ആന്‍ഡ്രോയ്ഡില്‍ നിന്ന് പ്രതീക്ഷിക്കുന്നത് യുഐ നല്‍കുന്നു.

ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി

4230 mAh ബാറ്ററിയാണ് റിയല്‍മീ 3-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമില്ലെന്ന് സങ്കടത്തോടെ പറഞ്ഞുകൊള്ളട്ടെ. ഫോണിനൊപ്പം ലഭിക്കുന്ന 5V ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി 50 ശതമാനത്തില്‍ നിന്ന് നൂറിലെത്താല്‍ ഏകദേശം ഒരു മണിക്കൂര്‍ വേണം. മിതമായ രീതിയില്‍ ഉപയോഗിച്ചാല്‍ ബാറ്ററി ചാര്‍ജ് ഒരു ദിവസം പൂര്‍ണ്ണമായും നില്‍ക്കും. ഉപയോഗം കൂടിയാല്‍ ഇടയ്ക്ക് ചാര്‍ജ് ചെയ്യേണ്ടിവരും.

 

 

പ്രധാന ആകര്‍ഷണങ്ങള്‍

പ്രകടനം, മികച്ച ബാറ്ററി, ആകര്‍ഷകമായ ക്യാമറകള്‍ എന്നിവയാണ് റിയല്‍മീ 3-ന്റെ പ്രധാന ആകര്‍ഷണങ്ങള്‍. എന്നാല്‍ റെഡ്മി നോട്ട് 7 പല കാര്യങ്ങളിലും ഇതിനെക്കാള്‍ വളരെ മുന്നിലാണ്. റിയല്‍മീ 3 വിപണിയില്‍ കടുത്ത മത്സരം നേരിടാന്‍ പോകുന്നത് റെഡ്മി നോട്ട് 7-ല്‍ നിന്നായിരിക്കും.

 

Best Mobiles in India

English Summary

Realme 3 review: Can it outshine Redmi Note 7?