ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെ
ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയവുമായി സഹകരിച്ച് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ആരോഗ്യ സേതു എന്ന പുതിയ ആപ്പ് പുറത്തിറക്കി. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കൊറോണ ട്രാക്കിങിനും ബോധവൽക്കരണത്തിനും രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ആളുകൾക്ക് സ്വയം പരിശോധിക്കാനുമായി ഈ ആപ്പ് പുറത്തിറക്കിയത്. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. കോവിഡ് -19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ആളുകളിലെത്തിക്കാനും സർക്കാർ ഈ ആപ്പ് ഉപയോഗിക്കുന്നു.

11 ഇന്ത്യൻ ഭാഷകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ലഭ്യമാണ്. കൊവിഡ്-19 പാൻഡെമിക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇന്ത്യയിലെ പതിനൊന്ന് ഭാഷകളിൽ ലഭ്യമാവുന്നതിലൂടെ സാധാരണക്കാർക്കും ഈ ആപ്പിന്റെ ഗുണഫലങ്ങൾ ലഭ്യമാവും. ഈ അപ്ലിക്കേഷന്റെ മറ്റൊരു പ്രധാന സവിശേഷത ബ്ലൂടൂത്തും ലൊക്കേഷൻ ഡാറ്റയും ഉപയോഗിച്ച് കൊറോണ വൈറസ് ബാധിച്ച വ്യക്തിയുമായി ഉപയോക്താവ് ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ സഹായിക്കുന്നുവെന്നതാണ്.
ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ആരോഗ്യ സേതു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഐഫോണുകളിൽ ആരോഗ്യ സേതു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യ സേതു ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം
ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ട്‌ഫോണിൽ ആരോഗ്യ സേതു അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. മലയാളവും ഇംഗ്ലീഷും കൂടാതെ നിലവിൽ ഹിന്ദി, ഗുജറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗ്ലാ, മറാത്തി, ഒഡിയ, പഞ്ചാബി എന്നീ ഭാഷകളും ലഭ്യമാണ്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഭാഷ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ രജിസ്റ്ററിൽ ക്ലിക്കുചെയ്യുക. ഈ ആപ്പിന് ഡിവൈസ് ലൊക്കേഷൻ (ജിപിഎസ്), ബ്ലൂടൂത്ത് അടക്കമുള്ളവയിലേക്ക് ആക്സസ് ആവശ്യമാണ്. ഈ ആപ്പ് നിങ്ങളുടെ ഡാറ്റ ഇന്ത്യാ സർക്കാരുമായി ഷെയർ ചെയ്യുന്നുമുണ്ട്. ഇവ അംഗീകരിച്ച് എഗ്രി ചെയ്യണം. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ആ മൊബൈൽ നമ്പരിലേക്ക് ഒടിപി ലഭിക്കും. ഒടിപി നൽകിയാൽ ആരോഗ്യ സേതു ആപ്പിന്റെ ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായി.

പ്രൊഫൈൽ സെറ്റ് ചെയ്യലാണ് അടുത്ത ഘട്ടം. ഇതിനായി ജൻഡർ, പേര്, പ്രായം, തൊഴിൽ, യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകണം. ഇതിനൊപ്പം ആവശ്യ സമയത്ത് നിങ്ങൾ സന്നദ്ധപ്രവർത്തനത്തിന് തയ്യാറാണോ എന്നും ഇത് ചോദിക്കും. അതിലം ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഇതിനെപ്പം നിങ്ങൾക്ക് സുഖമാണോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയും 20 സെക്കന്റ് ദൈർഘ്യമുള്ള സെൽഫ് അസസ്മെന്റ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതിലൂടെ കൊവിഡിന്റെ ലക്ഷണങ്ങളുണ്ടോ എന്ന് തിരിച്ചറിയാനാകും.

ആദ്യ ചോദ്യം രോഗലക്ഷണങ്ങളെക്കുറിച്ചാണ്. അത് നിങ്ങളുടെ ഹെൽത്ത് ഹിസ്റ്ററി ചോദിക്കും (നിങ്ങൾക്ക് പ്രമേഹം, ഹൃദയ സംബന്ധിയായ രോഗം, ശ്വാസകോശരോഗം ഉണ്ടോ എന്ന കാര്യം വെളിപ്പെടുത്തേണ്ടത് പ്രധാനമാണ്). കൊവിഡ്-19 ബാധിച്ച ഒരു വ്യക്തിയുമായി നിങ്ങൾ സംവദിച്ചിട്ടുണ്ടോ എന്നും ആപ്പ് ചോദിക്കും. നിങ്ങൾ ആരോഗ്യപ്രവർത്തകനാണെങ്കിൽ, സംരക്ഷിത സംവിധാനങ്ങളില്ലാതെ കൊവിഡ്-19 സ്ഥിരീകരിച്ച കേസ് പരിശോധിച്ചിട്ടുണ്ടോ എന്നും ഈ ആപ്പ് ചോദിക്കും.

നിങ്ങൾ നൽകുന്ന ഉത്തരങ്ങളെ ആശ്രയിച്ച് ആപ്പ് നിങ്ങളുടെ അണുബാധയ്ക്കുള്ള സാധ്യത എത്രത്തോളമാണെന്ന് കാണിച്ച് തരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളിൽ കണ്ട് തുടങ്ങിയാൽ സ്വയം വിലയിരുത്തൽ പരിശോധന വീണ്ടും നടത്താനും ആരോഗ്യ സേതു അപ്ലിക്കേഷൻ ശുപാർശ ചെയ്യുന്നു.

ആരോഗ്യ സേതു അപ്ലിക്കേഷൻ ശുപാർശകൾ
സാമൂഹിക അകലം പാലിക്കുക, സ്വയം വിലയിരുത്തൽ പരിശോധന നടത്തുക, പതിവായി ആപ്പ് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കുക എന്നീ കാര്യങ്ങളാണ് ആപ്പ് ശുപാർശ ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ അപ്ലിക്കേഷൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ, കുറഞ്ഞത് 60 ശതമാനം ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാനും നിർദ്ദേശിക്കുന്നുണ്ട്.

കൈ കഴുകാതെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടരുത്, ഉപയോഗിച്ച ടിഷ്യൂകൾ അടപ്പുള്ള വേസിറ്റ് ബിന്നിലേക്ക് എറിയുക, തുമ്മുമ്പോൾ മൂക്കും വായയും മൂടുക. ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ആരുമായും അടുത്ത ബന്ധം പുലർത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് കൊറോണയെ പ്രതിരോധിക്കാനായി ആപ്പ് ശുപർശ ചെയ്യുന്നത്. ഇന്ത്യയിലെ കൊറോണ നിയന്ത്രിക്കുന്നതിൽ ഈ ആപ്പിന് സുപ്രധാന പങ്ക് വഹിക്കാൻ കഴിയും.


Click it and Unblock the Notifications