ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഇനി ഐഫോണിലും, ഐഒഎസിനുള്ള ഗെയിം റിലീസ് ചെയ്തു
ഐഫോൺ ഗെയിമർമാരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഒടുവിൽ ഐഒഎസിലും ലഭ്യമായി. ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള പതിപ്പ് ലോഞ്ച് ചെയ്ത് ദീർഘനാൾ കഴിഞ്ഞാണ് ഈ ഗെയിമിന്റെ ഐഒഎസ് പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ഗെയിം നിർമ്മാതാവായ ക്രാഫ്റ്റൺ ഇന്നാണ് ആപ്പിൾ ആപ്പ് സ്റ്റോറിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന് വിളിക്കുന്ന പബ്ജി മൊബൈൽ ഗെയിമിന്റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കിയത്. ഈ ഗെയിം നിങ്ങളുടെ ഐഫോണിൽ ഇപ്പോൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം ഐഫോണിലോ ഐപാഡിയോ സൌജന്യമായി ഡൌൺലോഡ് ചെയ്യാം എങ്കിലും റോയൽ പാസ് പോലുള്ള കാര്യങ്ങൾക്കായി ഗെയിമിൽ പർച്ചേസുകൾ നടത്തേണ്ടി വരും. ആപ്പിൾ ആപ്പ് സ്റ്റോറിലെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ആപ്പ് വിവരണത്തിൽ പറഞ്ഞിരിക്കുന്നത് ഐഫോണിൽ ഗെയിം കളിക്കുന്ന എല്ലാ ഗെയിമർമാർക്കും ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇവന്റുകളിൽ പങ്കെടുക്കാൻ കഴിയുമെന്നാണ്. ഏറ്റവും പുതിയ 50എം ഡൗൺലോഡ് റിവാർഡ് ഉൾപ്പെടെയുള്ള ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഈ കാലയളവിൽ ലഭിക്കുന്ന എല്ലാ റിവാർഡുകളും ഐഫോൺ ഗെയിമർമാർക്കും ലഭിക്കും.

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ഐഒഎസ് പതിപ്പിന്റെ സൈസ് 1.9GB ആണ്. ക്രാഫ്റ്റൺ ഈ ഗെയിം ആപ്പ് സ്റ്റോറിലെ 17+ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗെയിമിന്റെ നയം അനുസരിച്ച് പ്രായപൂർത്തിയാകാത്ത ഗെയിമർമാർ (18 വയസ്സ് തികയാത്തവർ) അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതത്തോടെ വേണം ഈ ഗെയിം കളിക്കാൻ. ഇതിനായി മൊബൈൽ ഓതന്റിക്കേഷൻ സംവിധാനം വഴി മാതാപിതാക്കളുടെ സമ്മതം നേടിയെടുക്കണം. ആൻഡ്രോയിഡിൽ ഇതിനായി മികച്ചൊരു സംവിധാനം ഇല്ല എന്നതാണ് ശ്രദ്ധേയം. ആർക്ക് വേണമെങ്കിലും തങ്ങൾ 18 വയസ് പൂർത്തിയായ ആളുകളാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗെയിം കളിക്കാം. ഐഒഎസിൽ ഇതിന് കൂടുതൽ കർശനയമായ നിയന്ത്രണം ഉണ്ടാകും.

ആപ്പിൾ ഡെവലപ്പർമാർക്ക് ആപ്പിന്റെ സ്വകാര്യതാ വിവരങ്ങൾ ലിസ്റ്റ് ചെയ്യണം എന്നുള്ളതിനാൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിന്റെ സ്വകാര്യതയെയും ഡാറ്റയെയും സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാം ഇതിൽ നൽകിയിട്ടുണ്ട്. ഇതിൽ ആദ്യത്തേത് നിങ്ങളെ ട്രാക്ക് ചെയ്യാൻ ഉപയോഗിച്ച ഡാറ്റ എന്ന വിഭാഗത്തിന് കീഴിൽ ഗെയിം കാണിക്കുന്നത് "യൂസർ കണ്ടന്റ്" മാത്രമേ ട്രാക്കിങിനായി ഉപയോഗിക്കൂ എന്നും മറ്റൊന്നും ഉപയോഗിക്കില്ല എന്നുമാണ്. അതായത് നിങ്ങളെ ട്രാക്ക് ചെയ്യുന്നതിന് ക്രാഫ്റ്റൺ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കും.

പ്രൈവസിയുമായി ബന്ധപ്പെട്ട അടുത്ത വിഭാഗം നിങ്ങൾക്ക് "ഡാറ്റ ലിങ്ക്ഡ് ടു യു" എന്നതാണ്. ഇതിന് കീഴിൽ ക്രാഫ്റ്റൺ "യൂസർ കണ്ടന്റ്", "ഐഡന്റിഫയറുകൾ" എന്നിവയാണ് നൽകിയിട്ടുള്ളത്. "ഡാറ്റ നോട്ട് ലിങ്ക്ഡ് ടു യു" വിഭാഗത്തിൽ, "യൂസേജ് ഡാറ്റ", "ഡയഗ്നോസ്റ്റിക്സ്" എന്നിവയാണ് ഉള്ളത്. അതായത് നിങ്ങളുടെ ഡാറ്റ ക്രാഫ്റ്റണിന്റെ സെർവറുകളിലേക്ക് പോകുന്നുണ്ട്. ഇതിന് നിങ്ങളെ തിരിച്ചറിയാൻ കഴിയില്ല. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ അടിസ്ഥാനപരമാണ്.

നിങ്ങൾ ഐഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഡൗൺലോഡ് ചെയ്യാം. ഐഒഎസ് 11.0 വേർഷനിലോ അതിനെക്കാൾ പുതിയതോ ആയ ഏതെങ്കിലും ഐഫോണിലോ ഐപാഡ് ഒസ് 11.0, അതിനെക്കാൾ പുതിയ ഐപാഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഐപാഡിലോ ഗെയിം സപ്പോർട്ട് ചെയ്യും. ഐഒഎസ് 11.0 അല്ലെങ്കിൽ അതിനെക്കാൾ പുതിയ ഐപോഡ് ടച്ചിൽ നിങ്ങൾക്ക് ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പ് സ്റ്റോർ ലിസ്റ്റിങ് അനുസരിച്ച് ഗെയിമിലെ ഇൻ-ആപ്പ് പർച്ചേസുകൾക്ക് 89 മുതൽ 8,500 രൂപ വരെയാണ് വില.


Click it and Unblock the Notifications








