കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ചൈനീസ് ഗെയിമാണോ? അറിയേണ്ടതെല്ലാം
സ്വകാര്യതയും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം ധാരാളം ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിന് കീഴിലാണ്. ജനപ്രിയ ഗെയിമായ പബ്ജി മൊബൈലും ഇത്തരത്തിൽ നിരീക്ഷണത്തിലുള്ള 250ലധികം ആപ്പുകളുടെ പട്ടികയിൽ ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. പബ്ജി നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടതോടെ പബ്ജിക്ക് സമാനമായ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ഗെയിമും ചൈനീസ് ആണോ എന്ന സംശയം ഓൺലൈനിൽ വ്യാപകമാവുകയാണ്.

ദശലക്ഷക്കണക്കിന് കളിക്കാർ ഒരുമിച്ച് ലോഗിൻ ചെയ്യുകയും മണിക്കൂറുകളോളം കളിക്കുകയും ചെയ്യുന്ന കോൾ ഓഫ് ഡ്യൂട്ടി മെബൈൽ ഗെയിം പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒന്നാണ്. നമ്മൾ എല്ലാ ദിവസവും കളിക്കുന്ന ഗെയിമുകളാണെങ്കിലും ഈ ഗെയിമുകളിൽ പലതിന്റെയും സ്ഥാപകരോ ഡവലപ്പർമാരോ അത് ഉണ്ടാക്കിയ രാജ്യമോ ഏതെന്ന് നമ്മൾ ആലോചിക്കാറില്ല. ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ആരംഭിച്ചതോടെ കോൾ ഓഫ് ഡ്യൂട്ടി ചൈനീസ് ഗെയിം ആണോ എന്ന ചോദ്യം ഓൺലൈനിൽ വ്യാപകമാവുകയാണ്.

കോൾ ഓഫ് ഡ്യൂട്ടി ചൈനീസ് ആപ്പാണോ?
കോൾ ഓഫ് ഡ്യൂട്ടി ഗെയിമിംഗ് പ്ലാറ്റ്ഫോം ഒരു ചൈനീസ് അപ്ലിക്കേഷനല്ല. യുഎസ്, സിംഗപ്പൂർ ആസ്ഥാനമായുള്ള ആക്ടിവിഷൻ ആന്റ് ഗരേനയാണ് ഈ ഗെയിം പബ്ലിഷ് ചെയ്തത്. അതേസമയം, ചൈനീസ് കമ്പനിയായ ടെൻസെന്റ് ഹോൾഡിംഗിന്റെ ഉപവിഭാഗമായ ടിമി സ്റ്റുഡിയോയാണ് ഗെയിം വികസിപ്പിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ ഗെയിമിന് ചൈനീസ് കമ്പനിയുമായി ബന്ധമുണ്ടെന്നും പറയാം.

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ഏത് രാജ്യമാണ് നിർമ്മിക്കുന്നത്?
ആപ്പിലെ കോഡിൽ നിന്നുള്ള വരുമാനം ഗെയിമിന്റെ പബ്ലിഷർമാർക്കാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ടിമിയോ ടെൻസെന്റോ ഇതിന്റെ ഉടമസ്ഥർ. കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ അപ്ലിക്കേഷന്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ ഈ ജനപ്രിയ ഗെയിമിന്റെ മൊബൈൽ പതിപ്പ് വികസിപ്പിക്കുന്നതിൽ ടിമി സ്റ്റുഡിയോ മുൻപന്തിയിലുണ്ടായിരുന്നതായി നേരത്തെ പുറത്ത് വന്ന ഗെയിമിനെ സംബന്ധിച്ച റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നു. അതേസമയം, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിഷനിൽ നിന്നാണ് ഈ ഗെയിം ഡെവലപ്പ് ചെയ്യാനുള്ള ധനസഹായം ലഭിച്ചത്.

കോൾ ഓഫ് ഡ്യൂട്ടി ഇന്ത്യയിൽ നിരോധിക്കുമോ?
ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം സ്വകാര്യതയും സുരക്ഷാ ആശങ്കകളുമാണ്. ചൈനയിൽ നിന്നും ഉണ്ടാക്കുന്ന, ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകൾ ഇന്ത്യയിലടക്കം ഉപയോഗിക്കുമ്പോൾ യൂസർ ഡാറ്റ ചൈനീസ് സർക്കാരുമായി ഷെയർ ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് ടിക് ടോക്ക് അടക്കമുള്ള ജനപ്രീയ ആപ്പുകൾ ഉൾപ്പെടെ വിവിധ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതിനുള്ള കാരണമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയ കാര്യം കൂടിയാണ്.

കോൾ ഓഫ് ഡ്യൂട്ടി മെബൈൽ ഗെയിമിന്റെ വിവരങ്ങളിലേക്ക് തിരിച്ചുവന്നാൽ, മുഴുവൻ കോൾ ഓഫ് ഡ്യൂട്ടി ഫ്രാഞ്ചൈസിയും യുഎസിലെ ആക്ടിവിഷന്റെ മാത്രം ഉടമസ്ഥതയിലാണ്. കോൾ ഓഫ് ഡ്യൂട്ടിയുടെ മൊബൈൽ പതിപ്പിനായി ടിമി സ്റ്റുഡിയോ കരാറിലേർപ്പെട്ടിരുന്നുവെങ്കിലും ടിമി സ്റ്റുഡിയോയ്ക്ക് ഉടമസ്ഥാവകാശം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഈ ഗെയിം ഇപ്പോഴും അമേരിക്കൻ കമ്പനിയുടേതാണ്, അതിനർത്ഥം കോൾ ഓഫ് ഡ്യൂട്ടി ഇന്ത്യയിൽ നിരോധിക്കാൻ യാതൊരു വിധ സാധ്യതയും ഇല്ല എന്നതാണ്.


Click it and Unblock the Notifications