ജോലി അന്വേഷിക്കുന്നവരെ സഹായിക്കാൻ ഗൂഗിൾ കോർമോ ജോബ്സ് ആപ്പ് ഇന്ത്യയിലെത്തി
ഉപയോക്താക്കളുടെ പ്രൊഫൈലിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ ജോബ് വേക്കൻസികൾ കണ്ടെത്തി നൽകാനും ജോലിക്ക് അപേക്ഷിക്കാനും സഹായിക്കുന്ന ഗൂഗിളിന്റെ കോർമോ ജോബ്സ് ആപ്പ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. ഉപയോക്താക്കളെ ഡിജിറ്റൽ സിവി ക്രിയേറ്റ് ചെയ്യാനും ജോലി കണ്ടെത്താനും സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. കോർമോ ജോബ്സ് ആപ്പ് 2018 ൽ ബംഗ്ലാദേശിലാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.

ഗൂഗിൾ നേരത്തെ തന്നെ ഇന്ത്യയിലെ സെർച്ച് എഞ്ചിനിലേക്ക് ജോബ് ലിസ്റ്റിംഗുകൾ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ വർഷം ഗൂഗിൾ പേയിൽ ഒരു ജോബ്സ് സ്പോട്ട് ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഗൂഗിൾ തങ്ങളുടെ ജോബ്സ് ലിസ്റ്റിംഗ് ആപ്ലിക്കേഷനായ കോർമോ ജോബ്‌സ് ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ബംഗ്ലാദേശിൽ ആദ്യം സേവനം ആരംഭിച്ച ഈ ആപ്പ് 2019 ൽ ഇന്തോനേഷ്യയിലും പ്രവർത്തനം ആരംഭിച്ചിരുന്നു.

കോർമോ ജോബ്‌സ് അപ്ലിക്കേഷൻ ജോലികൾ ലിസ്റ്റുചെയ്യുന്നതിനൊപ്പം ആളുകൾക്ക് അവരുടെ ഡിജിറ്റൽ കരിക്കുലം വീറ്റ (സിവി) ക്രിയേറ്റ് ചെയ്യാനും സഹായിക്കുന്നു. മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ്ഇൻ, ഇന്ത്യയിലെ ജോബ്സ് സെർച്ച് പോർട്ടലുകളായ നൌക്രി, ടൈംസ്ജോബ്സ് എന്നിവയുമായിട്ടായിരിക്കും രാജ്യത്ത് ഗൂഗിളിന്റെ കോർമോ ജോബ്സിന് മത്സരിക്കേണ്ടി വരിക. ഉപയോക്താക്കളുടെ പ്രൊഫൈലിന്റെ അടിസ്ഥാനത്തിൽ ഉള്ള ജോലി ഒഴിവുകൾ ഉപയോക്താക്കൾക്ക് കാണിച്ച് കൊടുക്കുന്നതിനൊപ്പം ലിങ്ക്ഡ്ഇൻ പ്രവർത്തിക്കുന്നതുപോലെ ജോലിക്കായി അപേക്ഷിക്കാനും ഇതിലൂടെ സാധിക്കും.

ഉപയോക്താക്കൾക്ക് കരിയർ അപ്‌ഗ്രേഡുചെയ്യുന്നതിനും പ്രൊഫൈലിലേക്ക് പുതിയ കഴിവുകളും ക്വാളിഫിക്കേഷനുകളും ചേർക്കുന്നതിനുമുള്ള സംവിധാനം ഗൂഗിൾ കോർമോയിൽ ഉണ്ട്. കഴിഞ്ഞ വർഷം ഗൂഗിൾ പേയിലെ ജോബ്സ് സ്പോട്ട് എന്ന ഫീച്ചറിലൂടെ തന്നെ ഇന്ത്യയിൽ ജോബ് സെർച്ചുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നു. ഗൂഗിൾ പേ ഇന്റഗ്രേഷനിലൂടെ ഡൺസോ, സൊമാറ്റോ ഉൾപ്പെടെയുള്ള തൊഴിലുടമകൾക്ക് 20 ലക്ഷത്തിലധികം ജോലികൾ പോസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ഗൂഗിൾ പേ വഴിയുള്ള ലിസ്റ്റിംഗുകളിൽ നിന്ന് എത്രപേർക്ക് തൊഴിൽ നേടാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. എൻട്രി ലെവൽ സ്ഥാനങ്ങൾക്കായാണ് ഗൂഗിൾ പേയിലെ ജോബ്സ് സ്പോട്ട് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കോർമോ ജോബ്‌സാകട്ടെ ലിങ്ക്ഡ്ഇൻ, നൌക്രി, ഷൈൻ.കോം, ടൈംസ്ജോബ്സ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ജോബ് പോർട്ടലുകളുമായി മത്സരിക്കാൻ വേണ്ടി തയ്യാറാക്കിയ വലിയൊരു പ്ലാറ്റ്ഫോമാണ്.

ഗൂഗിൾ കോർമോ ജോബ്‌സ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതോടെ ക്ലാസിഫൈഡ് പരസ്യ പ്ലാറ്റ്ഫോമുകളായ ക്വിക്കർ, ഒഎൽഎക്സ് എന്നിവയ്ക്കും തിരിച്ചടിയാകും. ഇന്ത്യയിലെ സെർച്ച് എഞ്ചിനിലേക്ക് ജോബ് ലിസ്റ്റിംഗുകൾ കൊണ്ടുവരുന്നതിനായി 2018 ഏപ്രിലിൽ ഗൂഗിൾ ജോബ് പോർട്ടലുകളായ ആസാൻജോബ്സ്, ഫ്രെഷെർസ്‌വേൾഡ്, ഹെഡ്‌ഹോഞ്ചോസ്, ഐബിഎം ടാലന്റ് മാനേജ്‌മെന്റ് സൊല്യൂഷൻസ്, ലിങ്ക്ഡ്ഇൻ, ക്യൂസ്, ഷൈൻ എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.


Click it and Unblock the Notifications








