യാത്രയ്ക്കിടയിൽ എത്ര ടോൾ നൽകേണ്ടി വരുമെന്ന് ഇനി ഗൂഗിൾ മാപ്സിൽ കാണിക്കും
യാത്ര ചെയ്യുമ്പോൾ നമ്മളിന്ന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു ആപ്പാണ് ഗൂഗിൾ മാപ്സ്. വഴികൾ വളരെ കൃത്യമായി കാണിച്ച് തരുന്ന ഈ നാവിഗേഷൻ ആപ്പ് പല ഫീച്ചറുകളും നൽകുന്നുണ്ട്. ടോളുകൾ ഇല്ലാത്ത റോഡുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നേരത്തെ തന്നെ ഗൂഗിൾ മാപ്സ് നൽകിയിരുന്നു. ഇപ്പോഴിതാ നമ്മൾ യാത്ര ചെയ്യുമ്പോൾ എത്ര ടോൾ പ്ലാസകൾ കടന്നുപോകുമെന്നും അതിൽ എത്ര രൂപ ടോളായി നൽകേണ്ടി വരുമെന്നും കൃത്യമായി കാണിക്കുന്ന ഒരു ഫീച്ചർ കൂടി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ മാപ്സ്.

ഉപയോക്താക്കൾക്ക് അവരുടെ യാത്രകൾ നന്നായി ആസൂത്രണം ചെയ്യാൻ ഏത് റോഡുകളിൽ ടോൾ ഗേറ്റുകളുണ്ടെന്നും ടോൾ നികുതിയായി നിങ്ങൾ എത്ര നൽകേണ്ടിവരുമെന്നും അറിയാൻ സാധിക്കുന്ന പുതിയ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ടോൾ ഗേറ്റുകളുള്ള റോഡിലൂടെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനും ഓരോ റൂട്ടിലും എത്ര ടോൾ ഗേറ്റുകൾ ഉണ്ടായിരിക്കുമെന്ന് അറിയാനും പുതിയ സംവിധാനം സഹായിക്കും. ഈ ഫീച്ചർ എല്ലാ രാജ്യങ്ങളിലും ലഭ്യമാകുമോ എന്ന കാര്യം വ്യക്തമല്ല.

വരാനിരിക്കുന്ന ഗൂഗിൾ മാപ്സിലെ ടോൾ ഫീച്ചർ ഉപയോക്താക്കൾക്ക് വളരെ പ്രയോജനകരമായിരിക്കും എന്ന് ഉറപ്പാണ്. നമ്മൾ ഒരു യാത്ര പുറപ്പെടുമ്പോൾ വഴിയിൽ ധാരാളം ടോൾ ഗേറ്റുകൾ ഉണ്ടായിരിക്കും. ഈ ടോൾ ഗേറ്റുകളിൽ എത്ര രൂപ നൽകേണ്ടി വരുമെന്ന് നേരത്തെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഫാസ്റ്റ് ടാഗ് സംവിധാനം വന്നിരിക്കുന്നതിനാൽ തന്നെ ഒരു യാത്രയിൽ ടോളായി നൽകേണ്ടി വരുന്ന തുക മുൻകൂട്ടി അറിഞ്ഞാൽ അതിന് അനുസരിച്ച് ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യാൻ സാധിക്കും. ഇത് പെട്ടെന്ന് ഫാസ്റ്റ് ടാഗ് അക്കൌണ്ടിലെ ബാലൻസ് തീർന്നുപോകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നു.

പുറത്തിറങ്ങാനിരിക്കുന്ന ഫീച്ചറിനെക്കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കുള്ള ടോളുകൾക്കുള്ള വിലകൾ കാണിക്കുന്ന ഫീച്ചറിനെക്കുറിച്ച് ഗൂഗിൾ മാപ്സ് പ്രിവ്യൂ പ്രോഗ്രാം മെമ്പർമാർക്ക് മെസേജ് അയച്ചതായി ആൻഡ്രോയ്ഡ് പോലീസ് എന്ന വെബ്സൈറ്റ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നാവിഗേഷൻ റൂട്ടിലേക്ക് മൊത്തം ടോൾ വിലകൾ കാണിക്കുന്ന ഒരു ഫീച്ചർ കൂടി ചേർക്കുന്നുവെന്ന് ഗൂഗിൾ മാപ്സ് പ്രിവ്യൂ പ്രോഗ്രാമിലെ അംഗങ്ങളിൽ ഒരാൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഉപയോക്താവ് റൂട്ട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ ഇത് ഉപയോക്താക്കൾക്ക് കാണിക്കും.

2013ൽ സ്വന്തമാക്കിയ ഗൂഗിൾ വാങ്ങിയ വേസ് എന്ന മാപ്പിങ് ആപ്പിൽ നിന്നാണ് ടോളുകൾ കാണിക്കുന്ന ഫീച്ചറിനുള്ള ഐഡിയ ഗൂഗിൾ മാപ്സിന് ലഭിക്കുന്നത്. ഗൂഗിൾ ഈ ആപ്പ് പരീക്ഷിക്കാൻ തുടങ്ങുന്നതിന് മൂന്ന് വർഷം മുമ്പ് വേസ് ആപ്പ് ടോളുകൾ കണക്കാക്കി കണിക്കാൻ തുടങ്ങിയിരുന്നു. ഓസ്‌ട്രേലിയ, കാനഡ, ചിലി, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇസ്രായേൽ, ലാത്വിയ, ന്യൂസിലാന്റ്, പെറു, പോളണ്ട്, പ്യൂർട്ടോ റിക്കോ, സ്ലൊവേനിയ, സ്പെയിൻ, ഉറുഗ്വേ, യുഎസ് എന്നിവിടങ്ങളിൽ മാത്രമേ വേസ് മാപ്പിങ് ലഭ്യമാകൂ.

വേസ് ആപ്പിലെ എഫ്എക്യു പേജിൽ ആപ്പിൽ നൽകിയിട്ടുള്ള ടോൾ നിരക്കുകൾ എകദേശമാണ് എന്നും ഇതിൽ നിന്നും വ്യത്യസ്തമായ ടോൾ തുകകൾ ഉണ്ടായിരിക്കാം എന്നും പറയുന്നു. പുതിയ ടോൾ നിരക്ക് കാണിക്കുന്ന ഫീച്ചർ എങ്ങനെയാണ് ഗൂഗിൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. യുഎസിൽ മാത്രം ഗൂഗിൾ ഈ ഫീച്ചർ പരീക്ഷിക്കുമോ അതോ ഇന്ത്യയിലും ഈ ഫീച്ചർ അവതരിപ്പിക്കാൻ കമ്പനിക്ക് സാധിക്കുമോ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നില്ല.


Click it and Unblock the Notifications








