ത്രെഡ്സ് അക്കൗണ്ട് തുടങ്ങിയവർ സൂക്ഷിക്കുക; ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാമും നഷ്ടപ്പെടും
ട്വിറ്ററിന്റെ ബദലായ മെറ്റയുടെ ത്രെഡ്സ് ആപ്പ് ആണ് ഇപ്പോൾ ടെക് ലോകത്തെ സംസാരവിഷയം. പ്ലേ സ്റ്റോറിലെത്തി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്തത്. വൻ സ്വീകാര്യതയാണ് ആപ്പിന് നിലവിൽ ലഭിക്കുന്നത്. ഇൻസ്റ്റഗ്രാം യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് ആർക്കും ത്രെഡ്സിൽ ലോഗ് ഇൻ ചെയ്യാം.
വളരെ എളുപ്പത്തിൽ തന്നെ ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതാണ്. എന്നാൽ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ അത്ര എളുപ്പം അല്ല എന്നാണ് മെറ്റയുടെ സപ്ലിമെന്റൽ പ്രൈവസി പോളിസിയിൽ പറയുന്നത്. ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്പാണ് ത്രെഡ്സ് ആയതിനാൽ തന്നെ ഈ ആപ്പുകളുടെ പ്രവർത്തനവും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്.

ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കിൽ കൂടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യേണ്ടി വരും എന്നാണ് മെറ്റയുടെ സപ്ലിമെന്റൽ പ്രൈവസി പോളിസിയിൽ പറയുന്നത്. ത്രെഡ്സ് ആപ്പ് നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ഡീ ആക്ടിവേറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. അല്ലാത്ത പക്ഷം ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചാൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും നഷ്ടപ്പെട്ടേക്കാം.
ത്രെഡ്സ് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്യാനായി ആദ്യം പ്രൊഫൈലിൽ എത്തുക. ശേഷം മുകളിൽ വലതുവശത്തുള്ള ത്രി ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. അതില്‍ അക്കൗണ്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത്, ഡീ ആക്ടിവേറ്റ് അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് കൺഫോം ചെയ്യുക. ആഴ്ചയിൽ ഒരിക്കൽ മാത്രമായിരിക്കും ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

MOST READ: ആരുടെ ഫോൺ ക്യാമറയും പൊലീസിന് ഇനി ഓൺ ചെയ്യാം; പുതിയ നിയമം ഇവിടെ പാസാക്കി
അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നത് മൂലം നിങ്ങളുടെ അക്കൗണ്ട് നഷ്ടമാകുന്നില്ല. താൽക്കാലികമായി ഇല്ലാതാകുന്നു എന്നതാണ് സംഭവിക്കുന്നത്. യൂസർ നെയിമും പാസ്വേർഡും നൽകി ലോഗ് ഇൻ ചെയ്താൽ വീണ്ടും നമ്മുക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. അതേ സമയം അക്കൗണ്ട് സജീവമാകുന്നത് വരെ ഉപയോക്താക്കളുടെ പ്രൊഫൈൽ ത്രെഡുകളും മറുപടികളും ലൈക്കുകളും കാണാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത.
ത്രെഡ്‌സ് പ്രൊഫൈൽ നിർജ്ജീവമാക്കുന്നത് മൂലം ത്രെഡ്‌സ് ഡാറ്റ ഇല്ലാതാക്കുകയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ ബാധിക്കുകയോ ചെയ്യില്ല എന്നും മെറ്റ സപ്ലിമെന്റൽ പ്രൈവസി പോളിസിയിൽ വിശദീകരിക്കുന്നുണ്ട്. അതേസമയം ട്വിറ്ററിന് കനത്ത വെല്ലുവിളിയാണ് ത്രെഡ്സ് ഉയർത്തുന്നത്. 7 മണിക്കൂറിനുള്ളിൽ പത്ത് ദശലക്ഷം ഉപഭോക്താക്കൾ ത്രെഡ്സിൽ ലോഗ് ഇൻ ചെയ്തു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ത്രെഡ്സിന്റെ സ്വീകാര്യത മൂലം ട്വിറ്റർ മുന്നോട്ടുവെച്ച പല നിയന്ത്രണങ്ങളും നീക്കി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ട്വിറ്ററിൽ ലോഗ് ഇൻ ചെയ്യാതെ ട്വീറ്റുകൾ കാണാൻ സാധിക്കില്ല എന്ന തരത്തിൽ നേരത്തെ ഒരു പരിക്ഷ്ക്കാരം ട്വിറ്റർ അവതരിപ്പിച്ചിരുന്നു എന്നാൽ ത്രെഡ്സിന്റെ വരവോടെ ഈ നിയന്ത്രണം ട്വിറ്റർ പിൻവലിക്കുകയായിരുന്നു. ഉപഭോക്താക്കളെ നിലനിൽത്താൻ ട്വിറ്റർ കൂടുതൽ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞേക്കും എന്നാണ് സൂചന.
ഇൻസ്റ്റാഗ്രാമിന്റെ ബന്ധിത ആപ്പാക്കി ത്രെഡ്സിനെ അവതരിപ്പിച്ചത് മെറ്റക്ക് കൂടുതൽ ഗുണമാണ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഭൂരിഭാഗം പേരും ത്രെഡ്സും ഉപയോഗിക്കാൻ തുടങ്ങി. സ്വതന്ത്ര ആപ്പായി ത്രെഡ്സ് വന്നിരുന്നെങ്കിൽ ആദ്യ ദിവസങ്ങൾ ഈ സ്വീകാര്യത ലഭിക്കുമോ എന്ന കാര്യം സംശയം ആണ്. കണക്കുകൾ അനുസരിച്ച് മാസത്തിൽ ശരാശരി 2 ബില്യൺ ആക്ടീവ് യൂസേഴ്സ് ഇൻസ്റ്റഗ്രാമിന് ഉണ്ട്.
ഇവരെ മുഴുവൻ ത്രെഡ്സിൽ എത്തിക്കാൻ സാധിച്ചാൽ ട്വിറ്ററിന് കനത്ത വെല്ലുവിളിയായിരിക്കും. അതിനിടെ ട്വിറ്ററിന്റെ ബൌദ്ധിക സ്വത്തവകാശം ത്രെഡ്സ് ലംഘിച്ചു എന്ന് ആരോപിച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് ട്വിറ്റർ. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇലോൺ മസ്കിന്റെ അഭിഭാഷകൻ അലക്‌സ് സ്പിറോ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചു.


Click it and Unblock the Notifications








