ഇൻസ്റ്റഗ്രാം ഫോർ കിഡ്സ്: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മാത്രം ഇൻസ്റ്റാഗ്രാം ആപ്പ്
13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമായുള്ള ഇൻസ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഫേസ്ബുക്ക്. ഫോട്ടോ ഷെയറിങ് ആപ്പ് അതിന്റെ ഫിച്ചറുകളിൽ കൌമാരപ്രായക്കാർക്ക് മുതിർന്ന ഫോളോ ചെയ്യാത്ത ആളുകൾ മെസേജ് അയക്കുന്നത് തടയാനുള്ള സംവിധാനം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമായി ഒരു ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഇൻസ്റ്റാഗ്രാം ആപ്പിന്റെ ട്രിം-ഡൌൺ പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇൻസ്റ്റാഗ്രാം എന്ന് ബസ്സ്ഫീഡ് ന്യൂസ് റിപ്പോർട്ട് ചെയ്തു. രണ്ട് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി പ്രൊഡക്റ്റ് ഗ്രൂപ്പിനുള്ളിൽ തന്നെ യൂത്ത് പില്ലർ നിർമ്മിക്കുമെന്നും ഇതിൽ ആദ്യത്തേത് കൌമാരക്കാർക്ക് സുരക്ഷിതമായ ഇൻസ്റ്റഗ്രാം ഉപയോഗത്തിന് സമഗ്രതയും സ്വകാര്യത പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുമെന്നും രണ്ടാമതായി 13 വയസ്സിന് താഴെയുള്ളവർക്ക് മാത്രമായി ഇൻസ്റ്റാഗ്രാം പതിപ്പ് ഉണ്ടാകുമെന്നും ഇൻസ്റ്റാഗ്രാമിന്റെ പ്രൊഡക്ട് വൈസ് പ്രസിഡന്റ് വിശാൽ ഷാ പറഞ്ഞു.

നിലവിൽ 13 വയസ്സിനു മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇൻസ്റ്റാഗ്രാമിൽ സ്വയം ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. ഫോട്ടോ ഷെയറിങ് ആപ്പിൽ ഒരു അക്കൌണ്ട് ഉണ്ടാക്കുന്നതിനായി വിശദാംശങ്ങൾ പൂരിപ്പിക്കുമ്പോൾ കുട്ടികൾ വയസ്സ് അധികം നൽകാറാണ് പതിവ്. എന്നാൽ ഇപ്പോൾ ഉപയോക്താവിൻറെ ശരിയായ പ്രായം നിർണ്ണയിക്കാൻ ഇൻസ്റ്റാഗ്രാമം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു എന്ന് ഇൻസ്റ്റാഗ്രാം അടുത്തിടെ പുറത്തുവിട്ട ബ്ലോഗിൽ വ്യക്തമാക്കിയിരുന്നു.

കുട്ടികൾക്കായി ഒരു പ്രത്യേക ആപ്പ് ഉണ്ടാക്കാനുള്ള പദ്ധതിയെക്കുറിച്ച് ഇൻസ്റ്റാഗ്രാം ബ്ലോഗിൽ ഒന്നും പരാമർശിച്ചില്ലെങ്കിലും ആപ്പ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് 13 വയസ്സെങ്കിലും ആയിരിക്കണം എന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവിലെ നയമനുസരിച്ച്, 13 വയസ്സ് തികയാത്ത ഒരു ഉപയോക്താവ് ഉണ്ടെങ്കിൽ, അക്കൗണ്ട് നിയന്ത്രിക്കുന്നത് രക്ഷകർത്താവോ അതല്ലെങ്കിൽ അക്കൌണ്ട് കൈകാര്യം ചെയ്യാൻ പ്രായമുള്ള ആരെങ്കിലും ആയിരിക്കണം എന്ന് ബയോയിൽ വെളിപ്പെടുത്തണം.

പ്രായപൂർത്തിയായ ഒരു ഉപയോക്താവ് 13 വയസ്സിന് താഴെയുള്ള കുട്ടിയുടെ അക്കൌണ്ട് ഉണ്ടാക്കി ആൾമാറാട്ടം നടത്തുകയാണെങ്കിൽ വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനുള്ള നടപടിക്രമവും ആപ്പിൽ ഉണ്ട്. പുതിയ ആപ്പ് ഉപയോഗിച്ച്, ഫോട്ടോ ഷെയറിങ് ആപ്പിനോടുള്ള കുട്ടികളുടെ കൗതുകം തൃപ്തിപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്. കുട്ടികളുടെ ഇൻസ്റ്റഗ്രാം ഉപയോഗത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളിൽ വലിയ ആശങ്കകളാണ് ഉള്ളത്. ഇത് പരിഹരിക്കാൻ പുതിയ ആപ്പിന് സാധിച്ചേക്കും.


Click it and Unblock the Notifications








