വാട്സ്ആപ്പ് വീഡിയോ കോളിൽ ഇനി കൂടുതൽ ആളുകളെ ചേർക്കാം
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് രണ്ട് വർഷം മുമ്പാണ് ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് സവിശേഷത അവതരിപ്പിച്ചത്. രണ്ടിൽ കൂടുതൽ ആളുകൾക്ക് ഒരുമിച്ച് വീഡിയോ/വോയിസ് കോളുകൾ ചെയ്യാൻ സാധിക്കുന്ന സവിശേഷതയാണ് ഇത്. വാട്സ്ആപ്പ് ഉപയോക്താക്കളെ ഏറെ ആകർഷിച്ച ഈ സവിശേഷതയ്ക്ക് ഉണ്ടായിരുന്ന പ്രധാന പോരായ്മ ഇതിൽ ഒരു സമയം നാല് ആളുകൾക്ക് മാത്രമേ ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിക്കുകയുള്ളു എന്നതായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം വാട്സ്ആപ്പ് നാലിലധികം ആളുകൾക്ക് ഗ്രൂപ്പ് കോളുകൾ ചെയ്യാൻ സാധിക്കുന്ന വിധത്തിൽ തങ്ങളുടെ പ്ലാറ്റ്ഫോമിലെ വീഡിയോ കോളിങ് സവിശേഷത അപ്ഡേറ്റ് ചെയ്യാനൊരുങ്ങുകയാണ്. പുതിയ അപ്ഡേറ്റിലൂടെ ഒരു ഗ്രൂപ്പിൽ തന്നെ പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണം എത്രയാക്കി ഉയർത്തുമെന്ന കാര്യം വ്യക്തമല്ല. ആറ് പേരെയോ എട്ട് പേരെയോ പങ്കെടുപ്പിക്കുന്ന വിധത്തിലായിരിക്കും പുതിയ അപ്ഡേറ്റ് എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ ആളുകളെ ഒരുമിച്ച് വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന ആപ്പുകൾക്കെല്ലാം ഈ ലോക്ക്ഡൌൺ കാലത്ത് ഉപയോക്താക്കൾ ഏറി വരികയാണ്. അതുകൊണ്ട് തന്നെ വാട്സ്ആപ്പ് ചിലപ്പോൾ പത്തോ അതിൽ കൂടുതലോ ആളുകളെ ഒരുമിച്ച് വിഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന വിധത്തിൽ തങ്ങളുടെ ആപ്പിലെ വീഡിയോ കോൾ സവിശേഷതയെ പുതുക്കാനും സാധ്യതയുണ്ട്. വീഡിയോ കോളിങ് അപ്ഡേറ്റ് ചെയ്യുന്ന കാര്യം കമ്പനി തീരുമാനിച്ച് കഴിഞ്ഞുവെന്നും പുതിയ അപ്ഡേറ്റ് പണിപ്പുരയിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസരത്തിൽ സൂം, ഗൂഗിൾ മീറ്റ് പോലുള്ള ഓൺലൈൻ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകൾക്ക് വലിയ നേട്ടാണ് ഉണ്ടായത്. ഈ പ്ലാറ്റ്ഫോമുകൾക്കെല്ലാം കൂടുതൽ ഉപയോക്താക്കളെ ലഭിക്കുകയും ഉപയോക്താക്കൾ ധാരാളം സമയം ഈ പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കുകയും ചെയ്യുന്നു.

മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടത്തുന്നത്. ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ വഴി നടത്തുന്ന അവസരത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകളാണ് കമ്പനികൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാട്സ്ആപ്പ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല. സ്വകാര്യ ആവശ്യത്തിനുപോലും വാട്സ്ആപ്പിന്റെ ഗ്രൂപ്പ് കോളുകൾ ആളുകൾക്ക് മതിയാവുന്നില്ല.

വാട്സ്ആപ്പ് കോളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താനുള്ള സവിശേഷതയുമായി കമ്പനി പുതിയ അപ്ഡേറ്റ് പറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. അധികം വൈകാതെ ടെസ്റ്റിങിനായി ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ബീറ്റ വേർഷനിലൂടെ ഈ സവിശേഷത ലഭ്യമാക്കും. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ ബീറ്റ വേർഷൻ ഡെവലപ്പ് ചെയ്യാനും ലോക്ക്ഡൌൺ കാലത്ത് ആളുകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ഇത് ലഭ്യമാക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications