വെടക്കാക്കി തനിക്കാക്കുക! എഐ പേടിയിൽ മസ്ക് ഒഴുക്കിയത് മുതലക്കണ്ണീരോ?
അയ്യോ... ആരും അതു വാങ്ങല്ലേ, കൊള്ളില്ല കാശ് പോകും എന്ന് പറഞ്ഞ് ഒരു സാധനം വാങ്ങുന്നതിൽനിന്ന് എല്ലാവരെയും പിന്തിരിപ്പിച്ചശേഷം രഹസ്യമായി അത് വാങ്ങിയെടുക്കുന്ന ആളെ എന്ത് പേര് വിളിക്കണം. അങ്ങനെയൊരു പരിപാടി കാണിക്കാൻ തയാറുള്ളവർക്ക് എന്ത് പേര് വിളിച്ചാലും കുഴപ്പമുണ്ടാകാൻ സാധ്യതയില്ല.
എല്ലാ നല്ലതും തനിക്ക് വേണം മറ്റാർക്കും അതിന്റെ ഗുണം ഉണ്ടാകാൻ പാടില്ല എന്ന് കരുതുന്ന ചില ആളുകൾ ലോകത്തുണ്ട്. നമ്മുടെ നാട്ടിലും ഉണ്ടാകാം. സിനിമകളിലും മറ്റും അത്തരം കഥാപാത്രങ്ങളെ നാം കണ്ടിട്ടുണ്ട്. യാഥാർഥ ജീവിതത്തിൽ അത്തരം ആളുകളെ പരിചയമുള്ളവരും ചിലപ്പോൾ ഉണ്ടാകാം.

ഇത്തരം ആളുകളെ എന്ത് പേരാണ് വിളിക്കുക എന്നതിൽ വല്യ ധാരണയൊന്നുമില്ലെങ്കിലും അവർ പ്രയോഗിക്കുന്ന ആ തന്ത്രത്തിനെ 'വെടക്കാക്കി തനിക്കാക്കുക' എന്നാണ് ഉത്തരമലബാറുകാർ വിളിക്കുക. മലയാളികൾക്കാകെ ഈ പ്രയോഗം പരിചിതവുമാണ്. ലോകം മുഴുവൻ വൈറലായ എഐയുടെ കാര്യത്തൽ ഒരു വെടക്കാക്കി തനിക്കാക്കൽ ശ്രമം നടന്നിട്ടുണ്ടോ എന്ന ചിന്തയിലാണ് ഇപ്പോൾ ടെക് ലോകം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യക്ക് മനുഷ്യജീവിതത്തിൽ സൃഷ്ടിക്കാൻ സാധിക്കുന്ന നിർണായക സ്വാധീനത്തെക്കുറിച്ച് വ്യക്തമായതിന് പിന്നാലെ ലോകത്തെ വൻകിട ടെക് കമ്പനികൾ എല്ലാംതന്നെ എഐ ലാബുകൾ ആരംഭിക്കുകയും പരീക്ഷണങ്ങൾ സജീവമാക്കുകയും ചെയ്തു. ഓപ്പൺഎഐ കമ്പനിയുടെ ചാറ്റ്ജിപിടി വൈറലായതോടുകൂടി എഐ പരീക്ഷണങ്ങളിൽ സുനാമിത്തിരപോലെ ഒരു കുതിച്ചുചാട്ടം ഉണ്ടായി.
ഗൂഗിൾ സെർച്ചിന് വെല്ലുവിളി ഉയർത്താൻ ചാറ്റ്ജിപിടി എഐയുടെ പിന്തുണയുള്ള പുതിയ ബിങ് അവതരിപ്പിച്ച് മൈക്രോസോഫ്ട് രംഗത്തെത്തി. പിന്നാലെ ചാറ്റ്ജിപിടിക്ക് മുന്നിൽ കീഴടങ്ങില്ല എന്ന് വ്യക്തമാക്കാനെന്നവണ്ണം ബാർഡ് എഐയുമായി ഗൂഗിളും രംഗത്തെത്തി. സാം എന്ന എഐ മോഡൽ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ തയാറെടുക്കുകയാണ് എന്ന് മെറ്റയും വെളിപ്പെടുത്തി.

ദിവസവും പുത്തൻ രൂപത്തിലും ഭാവത്തിലുമൊക്കെ എഐ രംഗത്തെത്താൻ തുടങ്ങുകയും വൻ കമ്പനികൾ എല്ലാംതന്നെ ഭാവിയുടെ ടെക്നോളജിയായി കണ്ട് വിലയിരുത്തി എഐയിൽ മുതൽമുടക്കാൻ രംഗത്ത് വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് എഐ മനുഷ്യന് അപകടഭീഷണി ഉയർത്തുമെന്നും എഐ പരീക്ഷണങ്ങൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കണം എന്നുമുള്ള ആവശ്യം ഉയർന്നത്.
ടെക്നോളജി മേഖലയിലെ ആയിരത്തോളം വിദഗ്ധർ ആണ് ഈ ആവശ്യമുന്നയിക്കുന്ന കത്തിൽ ഒപ്പിട്ടത്. അതിൽ ഏറ്റവും പ്രമുഖൻ ടെസ്ല, സ്പേസ്എക്സ്, ട്വിറ്റർ തുടങ്ങിയവയുടെ സിഇഒ ആയ ഇലോൺ മസ്ക് ആയിരുന്നു. ട്വിറ്ററിൽ വരുത്തിയ ചില നടപടികൾ മസ്കിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ ഇടിവുകൾ വരുത്തിയിട്ടുണ്ട് എങ്കിലും മസ്കിന്റെ ശാസ്ത്രബോധം ലോകം അംഗീകരിച്ചിട്ടുള്ളതാണ്.
ടെക്നോളജി മേഖലയിലും ബഹിരാകാശ ഗവേഷണരംഗത്തും നിർണായക സംഭാവനകൾ നൽകാൻ മസ്ക് നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണമാണ് സ്പേസ്എക്സ്. ടെക്നോളജി രംഗത്തുള്ള മസ്കിന്റെ ഈ പ്രാധാന്യം അറിയാവുന്ന ലോകം എഐക്ക് എതിരായ മസ്കിന്റെ വാദങ്ങൾക്ക് ചെവികൊടുത്തു. അതുവരെ എഐയുടെ അപകടത്തെപ്പറ്റി പലരും ശബ്ദമുയർത്തിയെങ്കിലും അതൊന്നും മുഖ്യധാരയിലേക്ക് എത്തിയില്ല.
എന്നാൽ മസ്ക് എഐക്ക് എതിരേ രംഗത്ത് എത്തിയതോടെ കഥമാറിയെന്നു പറയാം. എഐക്ക് എതിരായ മസ്കിന്റെയും സംഘത്തിന്റെയും കത്തിന് പിന്നാലെ പല ലോകരാജ്യങ്ങളും വിഷയം ഗൗരവമായി പരിഗണിക്കുകയും അമേരിക്ക ഉൾപ്പെടെ വിഷയം പഠിക്കാൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബിസിനസ് ഇൻസൈഡർ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു വാർത്ത ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ട്വിറ്ററിൽ എഐ പ്രോജക്ട് നടപ്പാക്കുന്നതിനായി ഇലോൺ മസ്ക് ഏകദേശം 10,000 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ(GPU) അടുത്തിടെ വാങ്ങി എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ മൊഴിയെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ കമ്പ്യൂട്ടേഷണൽ ജോലിഭാരം കണക്കിലെടുത്ത് വലിയ എഐ മോഡലുകൾ കൈകാര്യം ചെയ്യാനാണ് ടെക് കമ്പനികൾ സാധാരണയായി ജിപിയുകൾ ഉപയോഗിക്കുന്നത്.
എഐ പരീക്ഷണങ്ങളെ എതിർത്ത മസ്ക് തന്നെയാണ് ട്വിറ്ററിലേക്ക് 10,000 ജിപിയുകൾ വാങ്ങിയിരിക്കുന്നത് എന്നത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. എന്താണ് മസ്ക് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. മസ്കിന്റെ എഐ വിരുദ്ധ വാദങ്ങൾ പൊള്ളയായിരുന്നോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ട്വിറ്റർ വാങ്ങിയ ജിപിയുകളുടെ പ്രത്യേകതകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഏതാണ്ട് 10,000 ഡോളറിലധികം ചെലവഴിച്ച് മസ്ക് ജിപിയുകൾ വാങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ട്വിറ്ററിന്റെ ശേഷിക്കുന്ന രണ്ട് ഡാറ്റാ സെന്ററുകളിലൊന്നായ അറ്റ്ലാന്റയിൽ ഈ ജിപിയുകൾ വിന്യസിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്വിറ്ററിലെ മസ്കിന്റെ എഐ പ്രോജക്റ്റിൽ ഒരു വലിയ എൽഎൽഎം ഉൾപ്പെടുന്നു.
ഒരു എൽഎൽഎമ്മിനെ പരിശീലിപ്പിക്കാൻ കഴിയുന്ന വലിയ അളവിലുള്ള ഡാറ്റ ട്വിറ്ററിലുണ്ട്. ഓപ്പൺഎഐ പോലും ചാറ്റ്ജിപിടിയുടെ പരിശീലനത്തിനായി ട്വിറ്ററിലെ ഡാറ്റയിൽ ആക്സസ് നേടിയിരുന്നു. എന്നാൽ ഡിസംബറിൽ ഈ ആക്സസ് നിർത്തലാക്കിയതായി മസ്ക് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിൽ എഐ പ്രോജക്ട് നടപ്പിലാക്കാൻ മസ്ക് നേരത്തെ തന്നെ തീരുമാനിച്ചതിന്റെ സൂചനകളും പുറത്തുവന്നു.
ആൽഫബെറ്റിന്റെ എഐ ഗവേഷണ ഉപസ്ഥാപനമായ ഡീപ്മൈൻഡിൽനിന്ന് ഇഗോർ ബാബുഷ്കിൻ, മാനുവൽ ക്രോയിസ് എന്നീ എൻജിനീയർമാരെ മാർച്ചിൽ മസ്ക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ചാറ്റ്ജിപിടിയ്‌ക്ക് എതിരാളിയായി സ്വന്തം എഐ കൊണ്ടുവരാനായി ബാബുഷ്‌കിൻ ഉൾപ്പെടെയുള്ള എഐ രംഗത്തെ പ്രമുഖരെ മസ്‌ക് സമീപിച്ചിരുന്നതായി ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തു.
ട്വിറ്ററിൽ എഐ സാങ്കേതികവിദ്യ എന്തിനായാണ് മസ്ക് ഉപയോഗപ്പെടുത്തുക എന്നത് വ്യക്തമല്ല. സെർച്ചിങ് മെച്ചപ്പെടുത്താനാകാം എന്നതാണ് ഒരു സാധ്യത. പരസ്യമേഖലയിൽ ഉപയോഗിക്കാനാകാം എന്നാതാണ് മറ്റൊരു ഉപയോഗ സാധ്യത. വിഷയത്തിൽ വ്യക്തതതേടി ട്വിറ്ററിന് മെയിൽ അയച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല എന്നും മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഇപ്പോൾ എഐയെ എതിർക്കുന്ന മസ്ക്, ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐയുടെ സ്ഥാപകരിൽ ഒരാളായിരുന്നു എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. അതേസമയം മസ്ക് എഐ പരീക്ഷണങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും എഐയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തണം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതായും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ട്വിറ്ററിൽ വരുന്ന വ്യാജ കമന്റുകൾ കണ്ടെത്താനും മറ്റ് കൃത്രിമങ്ങൾ തടയാനും വരും മാസങ്ങളിൽ എഐ ഉപയോഗിക്കും എന്ന് മാർച്ച് 18 ലെ ട്വീറ്റിൽ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ മസ്കിന്റെ കത്തിനെയും ജിപിയു വാങ്ങിയ തീരുമാനത്തെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ല എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.


Click it and Unblock the Notifications