വാട്സ്ആപ്പ് വോയിസ് മെസേജുകൾ അയക്കുന്നതിന് മുമ്പ് കേട്ട് നോക്കാം, പുതിയ ഫീച്ചർ എത്തി
ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ വോയ്‌സ് മെസേജുകൾ എല്ലാവരും ഉപയോഗിക്കുന്ന മികച്ചൊരു ഫീച്ചറാണ്. ടൈപ്പ് ചെയ്യുന്നതിന് പകരം വോയിസ് റെക്കോർഡ് ചെയ്ത് അയക്കുന്ന സംവിധാനമാണ് ഇതിൽ ഉള്ളത്. മെസഞ്ചറിൽ നിന്ന് വ്യത്യസ്തമായി ഈ ആപ്പിൽ വോയ്‌സ് മെസേജുകൾക്ക് സമയ നിയന്ത്രണമില്ല എന്നതും ശ്രദ്ധേയമാണ്. അയച്ചുകഴിഞ്ഞാൽ വോയിസ് മെസേജ് സ്വീകരിക്കുന്ന ആൾ അത് എപ്പോഴാണ് കേട്ടത് എന്ന് നമുക്ക് കാണാനാകും. ഈ വോയ്‌സ് മെസേജുകളുടെ പ്ലേബാക്ക് വേഗത ക്രമീകരിക്കാനുള്ള സംവിധാനവും അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുതിയൊരു ഫീച്ചർ കൂടി വോയിസ് മെസേജിൽ ചേർത്തിരിക്കുകയാണ് വാട്സ്ആപ്പ്.

വോയ്‌സ് മെസേജുകളുടെ പ്രിവ്യൂ
നമുക്കെല്ലാം വോയിസ് അയച്ച് കഴിഞ്ഞ ശേഷം അത് കേട്ടുനോക്കുന്ന പതിവ് ഉണ്ടായിരിക്കും. വോയിൽ പറഞ്ഞ കാര്യങ്ങളിൽ തിരുന്ന് വേണമെന്നോ ശബ്ദം ശരിയായില്ല എന്നോ തോന്നുന്ന ആളുകളും ധാരാളം ഉണ്ടായിരിക്കും. ഇത്തരം ആളുകൾക്കായി വാട്സ്ആപ്പ് പുതിയൊരു ഫീച്ചർ അവതരിപ്പിക്കുകയാണ്. വോയിസ് മെസേജ് പ്രിവ്യു എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഈ പുതിയ ഫീച്ചർ ഒരു വോയിസ് മെസേജ് കോൺടാക്റ്റുകളിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് വോയ്‌സ് മെസേജുകൾ കേൾക്കാൻ സഹായിക്കുന്നതാണ് എന്ന് ഔദ്യോഗിക വാട്ട്‌സ്ആപ്പ് ട്വിറ്റർ ഹാൻഡിൽ വെളിപ്പെടുത്തി. ടെസ്റ്റിങിന് ശേഷം വാട്സ്ആപ്പ് എല്ലാ ഉപയോക്താക്കൾക്കുമായി 'വോയ്‌സ് മെസേജ് പ്രിവ്യൂ' ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്.

പുതിയ മെസേജ് പ്രിവ്യൂ ഫീച്ചർ ആഗോളതലത്തിൽ തന്നെ എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാക്കിയിട്ടുണ്ട്. പതിവുപോലെ ഈ അപ്‌ഡേറ്റ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ കുറച്ച് ദിവസമെടുത്തേക്കും. നിങ്ങൾക്ക് ഈ ഫീച്ചർ ലഭിച്ചിട്ടില്ലെങ്കിൽ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. വാട്സ്ആപ്പിൽ വോയിസ് മെസേുകൾ അയക്കുന്നതിന് മുമ്പ് അവ കേട്ട് നോക്കുന്നത് എങ്ങനെയെന്ന് ഘട്ടം ഘട്ടമായി നോക്കാം.

വാട്സ്ആപ്പ് വോയിസ് മെസേജ് പ്രിവ്യൂ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ
• വാട്സ്ആപ്പ് തുറന്ന് നിങ്ങൾക്ക് വോയ്‌സ് മെസേജ് അയയ്‌ക്കേണ്ട ഏതെങ്കിലും വ്യക്തിയുടെ ചാറ്റോ ഗ്രൂപ്പ് ചാറ്റോ തുറക്കുക
• നിങ്ങളുടെ ശബ്ദം ഹാൻഡ്‌സ് ഫ്രീ ആയി റെക്കോർഡ് ചെയ്യാം മൈക്രോഫോൺ ഐക്കണിൽ ടാപ്പുചെയ്‌ത് മുകളിലേക്ക് സ്ലൈഡ് ചെയ്യുക.
• വോയിസ് മെസേജ് റെക്കോർഡുചെയ്‌ത് സ്റ്റോപ്പ് അമർത്തുക.
• വോയ്‌സ് സന്ദേശം കേൾക്കാൻ പ്ലേയിൽ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുക്കുന്ന സമയം മുതൽ മെസേജ് പ്ലേ ചെയ്യാൻ നിങ്ങൾക്ക് റെക്കോർഡിങിന്റെ ഏത് ഭാഗത്തും ക്ലിക്ക് ചെയ്യാം.
• നിങ്ങൾക്ക് ഒന്നുകിൽ ട്രാഷ് തിരഞ്ഞെടുത്ത് മെസേജ് കളയാം അല്ലെങ്കിൽ അയയ്‌ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.

വാട്സ്ആപ്പ് വോയിസ് മെസേജ് പ്രിവ്യൂ ഫീച്ചർ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. മെറ്റയുടെ കീഴിലുള്ള മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജ്, മെസഞ്ചർ എന്നിവയിൽ വോയിസ് മെസേജ് പ്രിവ്യൂ ചെയ്യാനുള്ള ഈ സവിശേഷത ലഭിച്ചിട്ടില്ല എന്നതാണ് രസകരമായ കാര്യം. നിലവിൽ ഈ ആപ്പുകൾ വോയിസ് മെസേജ് റെക്കോർഡ് ചെയ്യുമ്പോൾ മൈക്രോഫോൺ പിടിച്ച് ലോക്ക് ചെയ്യാൻ മാത്രമേ അനുവദിക്കുന്നുള്ളു. അതുകൊണ്ട് തന്നെ വാട്സആപ്പിൽ ചെയ്യുന്നത് പോലെ മൈക്ക് ഐക്കൺ ടച്ച് ചെയ്ത് സ്വൈപ്പ് അപ്പ് ചെയ്താൽ വോയിസ് റെക്കോർഡ് ചെയ്യാൻ സാധിക്കില്ല.

വാട്സ്ആപ്പ് വോയിസ് മെസേജിലെ മറ്റ് ഫീച്ചറുകൾ
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് സ്പീഡ് നിയന്ത്രിക്കുന്ന സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ മൂന്ന് പ്ലേബാക്ക് സ്പീഡ് ഓപ്‌ഷനുകളാണ് ആപ്പ് നൽകുന്നത്. 1x സാധാരണ വേഗത, 1.5x, 2x വേഗതകൾ എന്നിങ്ങനെയാണ് പ്ലേ ചെയ്യുന്ന വോയിസിന്റെ വേഗത നിയന്ത്രിക്കാൻ സാധിക്കുന്നത്. എല്ലാ വാട്സ്ആപ്പ് വോയ്‌സ് മെസേജുകളുടെയും ഡിഫോൾട്ട് പ്ലേബാക്ക് വേഗത 1x ആണ്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇത് മാറ്റാനാകും.


Click it and Unblock the Notifications








