കൊവിഡ് കാലത്ത് ഫോൺപേ ഉപയോക്താക്കളുടെ എണ്ണം വൻതോതിൽ വർധിച്ചു
ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ കൊറോണ കാലത്ത് ഉണ്ടാക്കിയത് വലിയ നേട്ടം. പ്രതിമാസം 45 ദശലക്ഷം ഉപയോക്താക്കളെ ഫോൺപേയ്ക്ക് കൂട്ടിച്ചേർക്കാൻ സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. 2016ൽ നോട്ട് നിരോധന കാലത്തിന് ശേഷം ഉണ്ടായ ഡിജിറ്റലൈസേഷൻ ഫോൺ പേയുടെ ഭാവി തന്നെ നിർണയിച്ച അവസരമായിരുന്നു. ഇതിന് ശേഷം കൊറോ വ്യാപനം ഇന്ത്യയിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഫോൺപേ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

2021ൽ 300 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 125 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുമാണ് ഫോൺപേയ്ക്ക് ഉള്ളതെന്ന് കമ്പനി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ ഒരു ബില്ല്യൺ യുപിഐ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്ന ആദ്യത്തെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി ഫോൺപേ മാറിയെന്നും ഓരോ മാസവും ഒരു ബില്ല്യൺ യുപിഐ ഇടപാടുകൾ ഫോൺ പേ പ്ലാറ്റ്‌ഫോമിൽ നടക്കുന്നുണ്ടെന്നും കമ്പനി മാർച്ചിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം പ്രതിമാസം 45 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളെയാണ് ഫോൺപേ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ചേർത്തത്. പല മാസങ്ങളിലും ലോക്ക്ഡൌൺ ആയിരുന്നു. ടയർ 2, 3 നഗരങ്ങളിൽ വളരെ വേഗം തന്നെ കമ്പനി വളർച്ച നേടി. ഡിജിറ്റൽ വാലറ്റുകൾ കൂടുതൽ സജീവമാകുന്ന കാലമാണ് ഇത്. പണം കൈമാറുന്നതിന് പുറമേ മൊബൈൽ റീചാർജ് ചെയ്യാനും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനും ഓൺലൈൻ ഷോപ്പിംഗ് നടത്താനും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഫോൺപേ ഉപയോക്താക്കളെ സഹായിക്കുന്നു.
ഓൺലൈൻ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് വ്യാപാരികൾക്കും ബിസിനസുകൾക്കും ഇത് സൊല്യൂഷൻസ് നൽകുന്നു. 11,000 പട്ടണങ്ങളിലും താലൂക്കുകളിലുമായി 20 ദശലക്ഷം ഓഫ്‌ലൈൻ വ്യാപാരികൾ ഫോൺപേ ഉപയോഗിക്കാൻ ആരംഭിച്ചതായി കമ്പനി പറയുന്നു. ഭാവിയിൽ ആപ്പിൽ കൂടുതൽ ഉപയോഗപ്രദമായ സംവിധാനങ്ങൾ ചേർക്കാനും ഓഫ്‌ലൈൻ സ്റ്റോറുകളിലും കിരാനകളിലും പ്രൈവസി വർദ്ധിപ്പിക്കാനും ധനകാര്യ സേവന ഓഫറുകൾ വർദ്ധിപ്പിക്കാനും ഫോൺപേ പദ്ധതിയിടുന്നു.
ടെക് ആർക്ക് ചീഫ് അനലിസ്റ്റ് ഫൈസൽ കാവൂസ പറയുന്നത് അനുസരിച്ച് കൊവിഡിന് ശേഷം ഡിജിറ്റൽ പേയ്‌മെന്റുകൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് എന്നാണ്. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നതിൽ ആയാലും റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിലായാലും ഈ വർധനവ് ഉണ്ടായി. വ്യാപാരികൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് കൂടുതൽ സ്വീകാര്യമാവുകയാണ്. ഈ പേയ്മെന്റ് രീതി പ്രധാന നഗരങ്ങളിൽ നിന്നും മറ്റുള്ള ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നുണ്ട് എന്നും ഫൈസർ കാവൂസ വ്യക്തമാക്കി.
ഇന്ത്യയിൽ ഫോൺപേ പോലെ തന്നെ ജനപ്രീതി നേടിയ പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. ഗൂഗിൾ പേയ്ക്കും ധാരാളം ഉപയോക്താക്കൾ ഉണ്ട്. പേയ്മെന്റുകൾ ചെയ്യുമ്പോൾ അതിനായി ചാർജ് ഈടാക്കുന്നില്ല എന്നതാണ് ഈ ആപ്പുകളെ ജനപ്രീയമാക്കുന്നത്. കൂടാതെ പേയ്മെന്റുകൾ നടത്തിയാൽ ക്യാഷ് ബാക്ക് ഉൾപ്പെടെയുള്ള ഓഫറുകളും ഈ പ്ലാറ്റ്ഫോമുകൾ നൽകുന്നുണ്ട്.


Click it and Unblock the Notifications