TikTok: 150 കോടി ഉപയോക്താക്കളുമായി ടിക്ടോക്ക് കുതിപ്പ് തുടരുന്നു
ഇന്ത്യയിൽ തരംഗമായ ടിക്ടോക്ക് ലോകത്താകമാനം ആപ്പ് ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലുമായി 150 കോടിയിലധികം ഡൌൺലോഡുകൾ മറികടന്നതായി റിപ്പോർട്ട്. ഗവേഷണ സ്ഥാപനമായ സെൻസർ ടവറിന്റെ ഡാറ്റ പ്രകാരമാണ് ലോകത്തിലെ ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനുകളിലൊന്നായി ടിക്ടോക്ക് തുടരുന്നത്. 2018 ൽ ടിക്ടോക്ക് ആപ്പിന് 65.58 കോടി ഇൻസ്റ്റാളുകളാണ് നേടാനായത്.

ലോകമെമ്പാടും ഏറ്റവുമധികം ഡൌൺലോഡ് ചെയ്യപ്പെട്ട ഗെയിമിംഗ് ഇതര ആപ്ലിക്കേഷനുകളിൽ നാലാമതാണ് ഇപ്പോൾ ടിക്ടോക്ക്. ഈ വർഷം ഇതുവരെ 61.4 കോടി ഇൻസ്റ്റാളുകളാണ് ആപ്പിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വർഷം അവസാനിക്കുന്നതോടെ ടിക്ടോക്ക് തങ്ങളുടെ കഴിഞ്ഞവർഷത്തെ ഡൌൺലോഡ് നമ്പരുകൾ മറുകടക്കാനാണ് സാധ്യത.

നിലവിലെ കണക്കനുസരിച്ച് 2019 ൽ ഏറ്റവുമധികം ഡൌൺലോഡ് ചെയ്‌ത മൂന്നാമത്തെ ഗെയിമിംഗ് ഇതര അപ്ലിക്കേഷനാണ് ടിക്ടോക്ക്. ഈ വർഷത്തെ ഗെയിമിങ് ഇതര ആപ്പുകളുടെ കണക്കിൽ വാട്സ്ആപ്പാണ് മുന്നിലുള്ളത്. ഇതുവരെ 70.74 കോടി ഇൻസ്റ്റാളുകളുകളാണ് വാട്ട്‌സ്ആപ്പ് നേടിയത്. 63.62 കോടി ഇൻസ്റ്റാളുകൾ നേടി മെസഞ്ചർ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

വാട്സ്ആപ്പ്, മെസഞ്ജർ എന്നിവയുടെ മാതൃകമ്പനിയായ ഫേസ്ബുക്കിൻറെ തന്നെ സോഷ്യൽ മീഡിയ ആപ്പ് ഇത്തവണത്തെ ഡൌൺ കണക്കിൽ ടിക്ടോക്കിന് പിറകിൽ തുടരുകയാണ്. ഈ വർഷം ഇതുവരെ 58.7 കോടി ഇൻസ്റ്റാളുകൾ നേടി ഗെയിമിങ് ഇതര ആപ്പുകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഫേസ്ബുക്ക്. അതിന് തൊട്ട് പിറകിൽ അഞ്ചാം സ്ഥാനത്ത് 37.62 കോടി ആപ്പ് ഇൻസ്റ്റാളുകളുള്ള ഇൻസ്റ്റാഗ്രാമാണ് ഉള്ളത്.

2019 ഫെബ്രുവരിയിലാണ് ടിക് ടോക്ക് 100 കോടി ഡൌൺലോഡുകൾ മറികടന്നത്. ടിക്ടോക്കിന്റെ അന്താരാഷ്ട്ര വിപണിയിലെ ഈ നേട്ടത്തിൽ മുഖ്യപങ്ക് ഇന്തയ്ക്കാണ്. 31 ശതമാനം ഇൻസ്റ്റാളുകളുകളും ഉണ്ടായിരിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യൻ വിപണിയിൽ ആകെ 46.68 കോടി ഇൻസ്റ്റാളുകളാണ് ടിക്ടോക്കിന് ലഭിച്ചത്. ഇന്ത്യ കഴിഞ്ഞാൽ 17.32 കോടി(11.5 ശതമാനം) ഡൌൺലോഡുമായി ചൈനയും ടിക്ടോക്കിന് വൻ പിന്തുണ നൽകുന്നു. 12.38 കോടി ഡൌൺലോഡുകളുമായി (8.2 ശതമാനം) അമേരിക്കയും ടിക്ടോക്കിനെ പിന്തുണയ്ക്കുന്നു.

2019 ൽ ഇതുവരെ 27.76 കോടി ഇൻസ്റ്റാളുകളുമായി (ആഗോള ഇൻസ്റ്റാളുകളുടെ 45 ശതമാനം) ടിക്ടോക്കിന്റെ അതിവേഗം വളരുന്ന വിപണിയായി ഇന്ത്യ തുടരുകയാണ്. 2019 ൽ ഇതുവരെയായി 4.55 കോടി (ആഗോള ഇൻസ്റ്റാളുകളുടെ 7.4 ശതമാനം) ഡൌൺലോഡുകളാണ് ചൈനയിൽ ടിക്ടോക്ക് നേടിയത്. 2019ൽ ടിക്ടോക്ക് ഡൌൺലോഡുകളുടെ കാര്യത്തിലും ചൈന രണ്ടാം സ്ഥാനത്താണ്. ടിക്ടോക്കിൻറെ പാരൻറ് കമ്പനിയായ ബൈറ്റ്ഡാൻസ് ഒരു ചൈനീസ് കമ്പനിയാണ്. ഈ വർഷം യുഎസ് 3.76 കോടി ഇൻസ്റ്റാളുകളുമായി മൂന്നാം സ്ഥാനത്താണ് (ആഗോള ഇൻസ്റ്റാളുകളുടെ 6 ശതമാനം).

ടിക്ടോക്ക് നേടിയ വരുമാനവും അതിശയിപ്പിക്കുന്നതാണ്. ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലുമായി 175 മില്യൺ ഡോളറാണ് ടിക്ടോക്ക് ഉണ്ടാക്കിയിരിക്കുന്നത്. ചൈനീസ് ഉപയോക്താക്കളിൽ നിന്ന് ആപ്പ് നേടിയെടുത്ത വരുമാനം 84.5 മില്യൺ ഡോളറാണ്. ഇത് വരുമാനത്തിന്റെ 48.3 ശതമാനം വരും. യുഎസ് വരുമാനത്തിൽ രണ്ടാം സ്ഥാനത്താണ്. 62.4 മില്യൺ ഡോളർ അഥവാ 35.7 ശതമാനമാണ് അമേരിക്കയിൽ നിന്ന് ടിക്ടോക്ക് ഉണ്ടാക്കിയ വരുമാനം. ബ്രിട്ടനിൽ നിന്നും 6.9 മില്യൺ ഡോളർ അഥവാ 3.9 ശതമാനം വരുമാനമാണ് കമ്പനി നേടിയത്.


Click it and Unblock the Notifications








