ടിക്ടോക്കിന് 2 ബില്ല്യൺ ഡൌൺലോഡുകൾ എന്ന ചരിത്ര നേട്ടം; ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിൽ
ഷോർട്ട് വീഡിയോ കണ്ടന്റ് പ്ലാറ്റ്ഫോമായ ടിക്ടോക്കിന് ചരിത്ര നേട്ടം. ലോകമെമ്പാടുമായി ടിക്ടോക്ക് രണ്ട് ബില്ല്യൺ ഡൌൺലോഡുകൾ പിന്നിട്ടു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമായിട്ടാണ് രണ്ട് ബില്ല്യൺ ഡൌൺലോഡ് എന്ന നേട്ടത്തിലേക്ക് കമ്പനി കൈവരിച്ചിരിക്കുന്നത്. 611 ദശലക്ഷം അക്കൌണ്ടുകളുള്ള ഇന്ത്യയാണ് ടിക്ടോക്കിന്റെ നേട്ടത്തിന് പിന്നിലെ ഏറ്റവും വലിയ ശക്തിയായത്.

മൊത്തം ഇൻസ്റ്റാളിന്റെ 30.3 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ടിക്ടോക്കിന് ഏറ്റവും കൂടുതൽ ഡൌൺലോഡുകളുള്ള രണ്ടാമത്തെ മുൻനിര രാജ്യം ചൈനയാണ്. ഇതുവരെ 196.6 ദശലക്ഷം ഡൌൺലോഡുകളാണ് ചൈനയിൽ നിന്ന് ടിക്ടോക്ക് നേടിയത്. മൊത്തം ഡൌൺലോഡിന്റെയും 9.7 ശതമാനമാണ് ഇത്. ചൈനയിൽ ടിക്ടോക്ക് ഡൊയിൻ എന്നറിയപ്പെടുന്ന പതിപ്പിലാണ് ലഭ്യമായിട്ടുള്ളത്.

മൊബൈൽ ഇന്റലിജൻസ് കമ്പനിയായ സെൻസർ ടവറിന്റെ റിപ്പോർട്ടിലാണ് ടിക്ടോക്ക് ഡൌൺലോഡുകളുടെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഈ കണക്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ അല്ലാതെ മറ്റ് ആപ്പ് സ്റ്റോറുകളോ തേർഡ് പാർട്ടി സൈറ്റുകളോ ഉൾപ്പെടുത്തിയിട്ടില്ല. ഡൌൺലോഡുകളുടെ മൊത്തം എണ്ണത്തിൽ അമേരിക്ക ആദ്യ മൂന്ന് രാജ്യങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 165 ദശലക്ഷം ഇൻസ്റ്റാളുകളാണ് അമേരിക്കയിൽ ആപ്പിന് ലഭിച്ചത്. മൊത്തം ഡൌൺലോഡുകളുടെ 8.2 ശതമാനമാണ് ഇത്.

ഇതുവരെയുള്ള ടിക്ക് ടോക്ക് ഡൌൺലോഡുകളിൽ ഭൂരിഭാഗവും ഗൂഗിൾ പ്ലേ സ്റ്റോർ വഴിയാണ് നടന്നിട്ടുള്ളത്. 1.5 ബില്ല്യൺ ഇൻസ്റ്റാളുകളുമായി മൊത്തം ഇൻസ്റ്റാളിന്റെ 75.5 ശതമാനവും പ്ലേ സ്റ്റോർ ഉപയോക്താക്കളുടെ സംഭാവനയാണ്. അതേസമയം ആപ്പ് സ്റ്റോർ 495.2 ദശലക്ഷം ഡൗൺലോഡുകളുമായി 24.5 ശതമാനം സംഭാവന ചെയ്തു. ടിക്ക് ടോക്കിലെ ലൈഫ്ടൈം സ്പെൻഡിങ് 456.7 മില്യൺ ഡോളറായി ഉയർന്നു.

1.5 ബില്യൺ ഡൌൺലോഡിൽ എത്തിയിരുന്ന അവസരത്തിൽ ലൈഫ്ടൈം സ്പെൻഡിങ് 175 മില്യൺ ഡോളറായിരുന്നി. ടിക്ടോക്ക് 1.5 ബില്യൺ ഡൌൺലോഡുകൾ മറികടന്ന് അഞ്ച് മാസത്തിന് ശേഷം രണ്ട് മില്ല്യൺ നേട്ടത്തിലെത്തുമ്പോൾ രണ്ടര ഇരട്ടി ലൈഫ്ടൈം സ്പെൻഡിങ് ആണ് നേടിയിരിക്കുന്നത്. 2020 ലെ ആദ്യ പാദത്തിൽ മറ്റേത് ആപ്പിനേക്കാളും കൂടുതൽ ഡൗൺലോഡുകൾ ടിക്ടോക്ക് നേടി. ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലുമടക്കം 315 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകളാണ് ഈ കാലയളവിൽ ടിക്ടോക്ക് നേടിയത്.

ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനിടെയാണ് ടിക്ടോക്കിന്റെ ഈ നേട്ടം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകൾ ഫോൺ ഉപയോഗിക്കുന്ന സമയം വർദ്ധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ വലിയൊരു വിഭാഗം ആളുകൾ പുതുതായി ടിക്ടോക്ക് പോലുള്ള ആപ്പുകൾ ഉപയോഗിക്കാനും ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൌൺ കാലത്ത് ആളുകൾ വിനോദത്തിന് ആശ്രയിക്കുന്ന പ്രധാന ആപ്പുകളിലൊന്നായി ടിക്ടോക്ക് മാറി.


Click it and Unblock the Notifications








