ഹൈ-റസലൂഷൻ വീഡിയോകൾ അയക്കാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്
ഓരോ അപ്ഡേറ്റിലും തങ്ങളുടെ ഉപയോക്താക്കളുടെ അനുഭവം കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. എതിരാളികളായ ആപ്പുകളെക്കാൾ ജനപ്രീതി നേടാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. വാട്സ്ആപ്പ് ഇപ്പോൾ പുതിയൊരു സവിശേഷത കൂടി കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളിലാണ്. വാട്സ്ആപ്പിലൂടെ അയക്കുന്ന വീഡിയോകളുടെ ക്വാളിറ്റി വർധിപ്പിക്കുന്ന ഫീച്ചറാണ് പുതുതായി ചേർക്കുന്നത്. ഈ ഫീച്ചർ പരീക്ഷിച്ച് വരികയാണ് എന്നാണ് സൂചനകൾ.

നിലവിൽ ഉയർന്ന നിലവാരമുള്ള വീഡിയോകൾ അയയ്‌ക്കുമ്പോൾ വാട്ആപ്പ് അത് ഓട്ടോമാറ്റിക്കായി കംപ്രസ്സുചെയ്‌താണ് അയക്കുന്നത്. ഇത് ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നമായിരുന്നു. എന്നാൽ പുതിയ ഫീച്ചറിലൂടെ ഈ പോരായ്മ പരിഹരിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. ഹൈ-റസലൂഷനുള്ള വീഡിയോകൾ പോലും ക്വാളിറ്റി നഷ്ടമാകാതെ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചർ വരുന്നത്. ഈ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ പരീക്ഷണാടിസ്ഥനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഫോണിലുള്ള വീഡിയോ മറ്റൊരാളിലേക്ക് അയക്കാനായി കോൺടാക്ട് തിരഞ്ഞെടുത്താൽ മൂന്ന് ഓപ്ഷനുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യത്തെ ഓപ്ഷൻ ഓട്ടോ മോഡ് ആണ്. ഇത് നിലവിലുള്ളത് പോലെ കംപ്രഷൻ അൽഗോരിതം ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ക്വാളിറ്റി കമ്പ്രസ് ചെയ്ത് ചെറിയ ഫയലായി വീഡിയോ സ്വീകരിക്കുന്ന ആളിലേക്ക് എത്തിക്കുന്നു.

ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന രണ്ടാമത്തെ ഓപ്ഷൻ ബെസ്റ്റ് ക്വാളിറ്റി എന്ന പേരിൽ ആയിരിക്കും ഉണ്ടാവുക. ഈ ഫീച്ചറിലൂടെ നമ്മൾ അയക്കുന്ന വീഡിയോയുടെ യഥാർത്ഥ ക്വാളിറ്റി അതേ പോലെ സംരക്ഷിച്ച് ആ വീഡിയോ സ്വീകരിക്കുന്ന ആളിലേക്ക് എത്തിക്കുന്നു. അതായത് നിങ്ങൾ നിങ്ങളുടെ വീഡിയോ ഹൈ റസലൂഷനിൽ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിൽ അതേ റസലൂഷനിൽ തന്നെ വീഡിയോ ലഭിക്കുന്ന ആളിനും ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഇത് ക്വാളിറ്റി ഓട്ടോമാറ്റിക്കായി കുറയ്ക്കുന്നത് ഒഴിവാക്കുന്നു.

ഉപയോക്താക്കൾക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓപ്ഷൻ ഡാറ്റ സേവർ ആണ്. ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ, വീഡിയോകൾ അയയ്‌ക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് അത് കംപ്രസ്സുചെയ്യും. ഈ സവിശേഷത നിലവിൽ പരീക്ഷണത്തിൽ ആണെന്നും ഇത് എല്ലാവർക്കുമായി ലഭ്യമാകാൻ ഇനിയും സമയം എടുക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാട്സ്ആപ്പ് വികസിപ്പിക്കുന്ന മറ്റൊരു സവിശേഷത വോയ്‌സ് മെസേജുകളിലെ ലൈവ് തരംഗരൂപങ്ങളാണ്. നിങ്ങൾ ഒരു വോയിസ് മെസേജ് റെക്കോർഡുചെയ്യുമ്പോൾ തന്നെ വാട്സ്ആപ്പ് ആ ഓഡിയോയുടെ ശബ്ദതരംഗങ്ങൾ സ്ക്രീനിൽ കാണിക്കുന്നതാണ് ഈ ഫീച്ചർ.

വോയ്‌സ് മെസേജുകൾ റെക്കോർഡ് ചെയ്യുമ്പോൾ വേവ്ഫോമുകൾ കാണുന്നത് ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ നൽകിയിട്ടുണഅടെന്നാണ് റിപ്പോർട്ടുകൾ. നിങ്ങൾ വോയിസ് മെസേജുകൾ റെക്കോർഡുചെയ്യുമ്പോൾ ലൈവായി തരംഗരൂപങ്ങൾ കാണാൻ തുടങ്ങും. ആൻഡ്രോയിഡിനായുള്ള 2.21.13.17 വാട്സ്ആപ്പ് ബീറ്റയിൽ ആണ് പുതിയ ഫീച്ചർ ഉള്ളത്. എന്നാൽ അടുത്ത ആക്റ്റിവേഷന് മുമ്പ് ഇതിൽ ചില മാറ്റങ്ങൾ വരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും വാട്ട്‌സ്ആപ്പ് തീരുമാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications








