ഓരോ ചാറ്റിലും വ്യത്യസ്ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് ചാറ്റുകൾക്കായുള്ള വാൾപേപ്പർ സെക്ഷനിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് ഓരോ ചാറ്റിലും ഇഷ്ടാനുസരണം വാൾപേപ്പറുകൾ സെറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഈ പുതിയ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ഈ സവിശേഷത ലഭ്യമാവുകയുള്ളു.

ആൻഡ്രോയിഡിനായി ലഭ്യമായ 2.20.200.11 ബീറ്റ അപ്‌ഡേറ്റിലാണ് ഓരോ ചാറ്റിലും വ്യത്യസ്ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കുമായി പുറത്തിറക്കി കഴിഞ്ഞാൽ ഈ ഫീച്ചർ എങ്ങനെയായിരിക്കും ഉണ്ടായിരിക്കുക എന്ന് കാണിക്കുന്ന സ്ക്രീൻഷോട്ടും പുറത്ത് വിട്ടിട്ടുണ്ട്. വാൾപേപ്പർ സെറ്റിങ്സ് മെനുവിലാണ് ഉപയോക്താക്കൾക്ക് വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കുന്നത്.

ഒരു ഉപയോക്താവ് പുതിയ വാൾപേപ്പർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ നിലവിലെ ചാറ്റിനായോ അതല്ലെങ്കിൽ എല്ലാ ചാറ്റുകൾക്കുമായോ വാൾപേപ്പർ സെറ്റ് ചെയ്യാൻ സാധിക്കും. ഇതിൽ ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. ഓരോ ചാറ്റലുമുള്ള വാൾപേപ്പറുകൾ വ്യത്യസ്തമായി സെറ്റ് ചെയ്യുകയോ അതല്ലെങ്കിൽ എല്ലാ ചാറ്റുകൾക്കുമായുള്ള വാൾപേപ്പർ നിലവിലുള്ള ഫീച്ചർ പോലെ തിരഞ്ഞെടുക്കുകയോ ചെയ്യാം. ഒരു ചാറ്റിന് മാത്രമായി പ്രത്യേകം വാൾപേപ്പർ എന്ന ആശയം തന്നെ മറ്റ് പ്ലാറ്റ്ഫോമുകളിൽ കാണാത്തതാണ്.

പുതിയ വാൾപേപ്പർ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് കുറച്ച് കാലം കഴിഞ്ഞ് മാത്രമേ എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാകൂ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ പരീക്ഷിക്കുവാൻ കഴിയും. ആൻഡ്രോയിഡ് ബീറ്റയിൽ മാത്രമാണ് ഈ ഓപ്ഷൻ ലഭ്യാകിയിട്ടുള്ളത്. പുതിയ അപ്ഡേറ്റിലൂടെ സാധാരണ പ്ലെയിൻ വാൾപേപ്പറിലേക്ക് ഡൂഡിലുകൾ ചേർക്കാനും വാൾപേപ്പർ മനേഹരമായി സ്വന്തം ഇഷ്ടാനുസരണം സെറ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും.

വാൾപേപ്പറിൽ ചിത്രങ്ങളോ ഡൂഡിലോ നൽകുന്നത് ഇഷ്ടമല്ലാത്ത ആളുകൾക്കായി വാട്സ്ആപ്പ് പ്ലെയിൻ വാൾപേപ്പറുകളും നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ കാണണം എന്ന് തീരുമാനിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഈ പുതിയ ഫീച്ചറിലൂടെ ലഭിക്കും. വെക്കേഷൻ മോഡ്, ഓട്ടോ ആർക്കൈവ് ചാറ്റ്സ് എന്നീ രണ്ട് ഫീച്ചറുകൾ കൂടി ആപ്പിൾ ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അധികം വൈകാതെ തന്നെ പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് അപ്ഡേറ്റ് എല്ലാവർക്കുമായി ലഭ്യമാകും.


Click it and Unblock the Notifications