ഫോട്ടോയും വീഡിയോയും ഒരൊറ്റ തവണ മാത്രം കാണാൻ അനുവദിക്കുന്ന വാട്സ്ആപ്പിന്റെ വ്യൂ വൺസ് ഫീച്ചർ
ഫേയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായി ഒരു പുതിയ 'വ്യൂ വൺസ്' ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഫോട്ടോകളും വീഡിയോകളും ഡിസപ്പിയറിങ് മെസേജുകളായി അയക്കാൻ സാധിക്കും. ഈ ഫോട്ടോകളോ വീഡിയോകളോ അയച്ചാൽ സ്വീകരിക്കുന്ന ആളുടെ ഡിവൈസിൽ നിന്നും ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആയി പോകും. ഫേസ്ബുക്ക് മെസഞ്ചറിൽ സീക്രട്ട് കോൺവർസേഷൻ എന്ന പേരിൽ ഇതിനകം തന്നെ സമാനമായ ഫീച്ചർ നിലവിലുണ്ട്.

വെബ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായിട്ടായിരിക്കും വാട്സ്ആപ്പ് തുടക്കത്തിൽ വ്യൂ വൺസ് ഫീച്ചർ പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഫീച്ചർ വൈകാതെ തന്നെ ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമാകും. പുതിയ ഫീച്ചർ അടുത്തിടെ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ കണ്ടെത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ പതിപ്പിൽ കൊണ്ടുവന്ന ഈ ഫീച്ചർ നിലവിൽ മൊബൈലിൽ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടില്ല. പക്ഷേ ഇത് വാട്സ്ആപ്പ് വെബ്ബിൽ കണ്ടെത്തിയിരുന്നു.

ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ 2.2126.11 എന്ന പുതിയ വേർഷനിലൂടെ ലഭിക്കും. ഇത് വാട്ട്‌സ്ആപ്പിന്റെ വെബ് പ്ലാറ്റ്ഫോമിനായി ഘട്ടം ഘട്ടമായിട്ടാണ് പുറത്തിറക്കുന്നത്. ഈ പുതിയ സവിശേഷത സ്‌നാപ്ചാറ്റിന്റെ ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചറിന് സമാനമാണ്. പുതിയ 'വ്യൂ വൺസ്' സവിശേഷത ഉപയോഗിച്ച് അയച്ച ഫോട്ടോകളും വീഡിയോകളും അത് സ്വീകരിക്കുന്ന ആളുടെ ഫോണിൽ നിന്ന് ഒരു തവണ ഓപ്പൺ ചെയ്തതിന് ശേഷം ഡിലീറ്റ് ആയി പോകും. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ ഈ പുതിയ സവിശേഷത ഇതിനകം തന്നെ ലഭ്യമാണെങ്കിൽ മീഡിയ അയയ്‌ക്കുമ്പോൾ വ്യൂ വൺസ് എന്ന പ്രത്യേക ബട്ടൺ കാണും.

വാട്സ്ആപ്പ് കഴിഞ്ഞ വർഷമാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ അവതരിപ്പിച്ചത്. ഇത് ഏഴ് ദിവസം കഴിഞ്ഞാൽ അയച്ച മെസേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വാട്സ്ആപ്പ്, മറ്റ് മെസേജിങ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി മെസേജുകൾ എത്രനേരം വരെ വായിക്കാനായി ലഭ്യമാക്കണമെന്ന ഓപ്ഷൻ നൽകുന്നില്ല. ഇതൊരു പോരായ്മയാണ്. ഓട്ടോമാറ്റിക്കായി ഏഴ് ദിവസം കഴിയുമ്പോൾ ഡിലീറ്റ് ആകുന്ന മെസേജസ് ആണ് ഇതിലൂടെ അയക്കാൻ സാധിക്കുന്നത്.

പുതിയ വ്യൂ വൺസ് ഫീച്ചറിലൂടെ ഫോട്ടോകളോ വീഡിയോകളോ അയക്കുമ്പോൾ അത് ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ ഉടനേ ഡിലീറ്റ് ആയി പോകും എങ്കിലും ഇത് സ്ക്രീൻഷോട്ട് എടുക്കാനോ സ്ക്രീൻ റെക്കോർഡർ വഴി റെക്കോർഡ് ചെയ്യാനോ സാധിക്കും എന്നത് ഒരു പോരായ്മയാണ്. സ്ക്രീൻ ഷോട്ട് എടുക്കാൻ അനുവദിക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ ഈ പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിലൂടെ വ്യൂ വൺസ് എന്ന ഫീച്ചറിന്റെ ആവശ്യകത പോലും ചോദ്യം ചെയ്യപ്പെടും. സവിശേഷത നൽകുമെന്ന് പ്രതീക്ഷിക്കുന്ന പ്രൈവസി ലഭിക്കുകയുമില്ല.

പുതിയ വ്യൂ വൺസ് ഫീച്ചർ കൂടാതെ വെബ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ആർക്കൈവ് ഫീച്ചറും പുറത്തിറക്കുന്നു. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള വാട്സ്ആപ്പ് സെറ്റിങ്സിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ പഴയ ആർക്കൈവ് റീസ്റ്റോർ ചെയ്യാൻ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ആർക്കൈവ് ഫീച്ചർ ഘട്ടം ഘട്ടമായിട്ടാണ് പുറത്തിറക്കുന്നത്. ഇത് ഉടൻ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാകും.


Click it and Unblock the Notifications








