വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ മതി, പുതിയ ഫീച്ചർ വരുന്നു
വാട്സ്ആപ്പ് അടുത്തിടെയായി മിക്കവാറും എല്ലാ ദിവസവും വാർത്തകളിൽ നിറയുന്നുണ്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് പുറത്തിറങ്ങാനൊരുങ്ങുന്ന ഫീച്ചറുകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത്. വ്യൂവൺസ് ഫീച്ചർ, ഫോട്ടോ ക്വാളിറ്റി, മൾട്ടി ഡിവൈസ് സപ്പോർട്ട് തുടങ്ങിയ പല സവിശേഷതകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ വാട്സ്ആപ്പ് സ്റ്റോറിയുമായി ബന്ധപ്പെട്ടൊരു ഫീച്ചർ കൂടി വരാൻ പോവുകയാണ്.

ഫേസ്ബുക്ക് മെസഞ്ചറിൽ കാണുന്നത് പോലെ ആളുകളുടെ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ അവരുടെ സ്റ്റാറ്റസുകൾ കാണാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് തയ്യാറാക്കുന്നത്. നിങ്ങളുടെ കോൺടാക്ടുകളുടെ സ്റ്റാറ്റസുകൾ കാണാനായി സ്റ്റാറ്റസ് ഓപ്ഷനിലേക്ക് പോയി ഓരോന്നായി കാണേണ്ട ആവശ്യമില്ലാതെ ചാറ്റുകളിൽ നിന്ന് തന്നെ ആളുകളുടെ പ്രൊഫൈൽ പിക് ഓപ്പൺ ചെയ്ത് ഇതിൽ സ്റ്റാറ്റസ് കാണാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. സമാനമായ ഫീച്ചറാണ് ഫേസ്ബുക്ക് മെസഞ്ചറിൽ ഉള്ളത്.

പുതിയ വാട്സ്ആപ്പ് ഫീച്ചർ
വാട്സ്ആപ്പ് ട്രാക്കർ സൈറ്റായ WABetaInfoയുടെ റിപ്പോർട്ട് അനുസരിച്ച്, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്റ്റാറ്റസുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ അടുത്തിടെ 2.21.17.5 വേർഷൻ നമ്പർ ഉള്ള ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോിയിർഡ് ബീറ്റ പതിപ്പിന്റെ ഒരു കോഡിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു ഉപയോക്താവ് അവരുടെ ഏതെങ്കിലും കോൺടാക്റ്റുകളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്കുചെയ്യുമ്പോൾ, സ്റ്റാറ്റസ് അപ്ഡേറ്റാണോ പ്രൊഫൈൽ ഫോട്ടോ ആണോ കാണേണ്ടത് എന്ന് ചോദിക്കുന്ന ഒരു ഓപ്ഷൻ ഓപ്പൺ ആയി വരും. ഉപയോക്താവിന് ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് ട്വിറ്റർ ഫ്ലീറ്റ്സിൽ കണ്ടതിന് സമാനമാണ്.

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ, ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് വാട്സ്ആപ്പിന്റെ ബീറ്റ ടെസ്റ്ററുകൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് നിങ്ങളുടെ പക്കലുണ്ടെങ്കിൽ പോലും കോൺടാക്റ്റിന്റെ സ്റ്റാറ്റസ് അപ്‌ഡേറ്റ് കാണാൻ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുന്ന സംവിധാനം നിങ്ങൾക്ക് ലഭിക്കില്ല.

ആൻഡ്രോയിഡ് ഫോണിൽ നിന്നും ഐഒഎസ് ഫോണിലേക്കും തിരിച്ചും ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ ദിവസം വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിനുപുറമെ, വാട്സ്ആപ്പ് അതിന്റെ ഉപയോക്താക്കൾക്കായി നിരവധി പുതിയ സവിശേഷതകളും കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഈയിടെ വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജ് ഫീച്ചറിന് സമാനമായ വ്യൂ വൺ ഫീച്ചർ അവതരിപ്പിച്ചിരുന്നു. എങ്കിലും ഈ പ്ലാറ്റ്ഫോം വഴി അയയ്ക്കുന്ന ഫോട്ടോകൾക്ക് മാത്രമേ ഇത് നിലവിൽ ബാധകമാവുകയുള്ളു. ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications








