ഇന്ത്യയിൽ പബ്ജിയും നിരോധിക്കുമോ; അറിയേണ്ടതെല്ലാം
ഇന്നലെയാണ് രാജ്യത്ത് 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചത്. ഇന്തോ-ചൈന അതിർത്തി പ്രശ്നങ്ങൾക്കിടെയാണ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി നിരോധിച്ച ആപ്ലിക്കേഷനുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളായ ടിക് ടോക്ക്, ഷെയർഇറ്റ്, യുസി ബ്രൌസർ, വിചാറ്റ് എന്നിവയും ഉൾപ്പെടുന്നു. ഇതിനിടെ ചൈനയുമായി ബന്ധമുള്ള ഗെയിമിങ് ആപ്പായ പബ്ജി നിരോധിക്കുമെന്ന് അഭ്യൂഹങ്ങളും വ്യാപകമാവുന്നു.

പബ്ജി ഇന്ത്യയിൽ നിരോധിച്ചോ?
ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷൻ 69 എ പ്രകാരം 50 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടിക പുറത്തിറങ്ങിയതോടെ അതിൽ പബ്ജി ഇല്ലെന്ന് ഉറപ്പ് വന്നെങ്കിലും ഇനി പബ്ജിയും നിരോധിക്കുമോ എന്ന ആശങ്ക ഇന്ത്യയിലെ ഗെയിമർമാർക്ക് ഉണ്ട്. ഇന്റർനെറ്റിൽ പബ്ജി നിരോധിച്ചോ എന്നറിയാനായി വൻ സെർച്ചുകളാണ് നടന്നത്.

പബ്ജി കളിക്കുന്നവർക്ക് തല്കാലം ആശ്വസിക്കാം. ഇതുവരെ പബ്ജി ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. ഈ അപ്ലിക്കേഷൻ നിരോധിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ലോകത്താകമാനം ജനപ്രീയമായ ആ ആപ്പിന്റെ ചൈനീസ് ബന്ധമാണ് ആപ്പ് നിരോധിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് കാരണം. ചൈനയിൽ മാത്രമല്ല ആഗോള വിപണികളിലും ഇൻറർനെറ്റുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളിൽ സ്പെഷലൈസ് ചെയ്തിട്ടുള്ള ചൈനീസ് മൾട്ടി നാഷണൽ കമ്പനിയായ ടെൻസെന്റിന്റെ പേരിലുള്ള ഗെയിമാണ് ഇത്.

പബ്ജി ചൈനീസ് ആപ്പാണെന്ന് പറയാനാവില്ല. പ്ലെയർ അൺനോൺ ബാറ്റിൽഫീൽഡ് എന്ന ഈ ഓൺലൈൻ മൾട്ടിപ്ലെയർ ബാറ്റിൽ റോയൽ ഗെയിം ദക്ഷിണ കൊറിയയിൽ നിന്നുള്ള ബ്ലൂഹോൾ വീഡിയോ ഗെയിം കമ്പനിയുടെ ഉടമസ്ഥതയിലുള്ള പബ്ജി കോർപ്പറേഷനാണ് ഉണ്ടാക്കിയത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും വലിയ ധാരാളം ആരാധകരാണ് പബ്ജി ഗെയിമിനുള്ളത്. ഇന്ത്യയിലെയും വിലയൊരു വിഭാഗം യുവാക്കളും കൌമാരക്കാരും പബ്ജിയുടെ ആരാധകരാണ്.

ഈ ജനപ്രിയ മൊബൈൽ ഗെയിം ചുരുങ്ങിയ കാലയളവിലാണ് ആളുകളുടെ പ്രിയപ്പെട്ട ഗെയിമായി മാറിയത്. സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്‌തതും കളിച്ചതുമായ ബാറ്റിൽ റോയൽ ഗെയിമാണ് ഇത്. കണക്കുകൾ പരിശോധിച്ചാൽ ഈ ഗെയിമിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ 4 സ്റ്റാർ റേറ്റിംഗും 100 ദശലക്ഷത്തിലധികം ഡൌൺലോഡ്സും ഉണ്ട്. ഈ കണക്കുകൾ തന്നെയാണ് പബ്ജിയുടെ ജനപ്രീതി കാണിച്ചുതരുന്നത്. പബ്ഡിഅഡിക്ഷനുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളുണ്ടായ സന്ദർഭത്തിൽ പബ്ജി നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

പബ്ജി ഇന്ത്യയിൽ ഇതുവരെ നിരോധിച്ചിട്ടില്ല. ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ഈ ഗെയിം ഇല്ലെങ്കിലും ക്ലാഷ്ഓഫ് കിങ്സ് പോലുള്ള ജനപ്രീയ ഗെയിമുകൾ ഉൾപ്പെടിട്ടുണ്ട്. പബ്ജി കളിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇന്ത്യയിൽ ഇനിയും ഈ ഗെയിം ലഭിക്കും. അതിന്റെ അപ്ഡേറ്റുകളും ഇനിയും ലഭ്യമാകും. മോഡേൺ വാർഫെയർ മൊബൈൽ വേർഷൻ പുറത്തിറങ്ങിയതോടെ പബ്ജിയുടെ പുതിയ അപ്ഡേറ്റിൽ മികച്ച സവിശേഷതകളാണ് ഉൾപ്പെടുത്തുന്നത്. ഇരു ഗെയിമുകളും തമ്മിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത്.


Click it and Unblock the Notifications








