ഒരു മാസത്തിനിടെ വാട്സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ; കാരണം ഇതാണ്
കഴിഞ്ഞ ഒരു മാസത്തിനിടെ വാട്സ്ആപ്പ് 20 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾ നിരോധിച്ചു. 2021ലെ പുതിയ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾക്ക് അനുസരിച്ചാണ് അക്കൌണ്ടുകൾ നിരോധിച്ചത് എന്ന് കമ്പനി വ്യക്തമാക്കി. ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡുമാണ് പുതിയ ചട്ടങ്ങളിൽ ഉള്ളത്. മെയ് 15 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ 29 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് വ്യക്തമാക്കി.

അക്കൌണ്ടുകൾ നിരോധിച്ചതിനെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ വാട്സ്ആപ്പ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. 95 ശതമാനം അക്കൗണ്ട് നിരോധനവും സ്പാം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയവയാണ്. ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിംഗിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇവ നിരോധിച്ചിരിക്കുന്നത്. ആഗോള തലത്തിൽ പ്രതിമാസം ശരാശരി 8 ദശലക്ഷം അക്കൗണ്ടുകൾ നിരോധിക്കുന്നുവെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2021 മെയ് 15 മുതൽ ജൂൺ 15 വരെ ലഭിച്ച പരാതികളുടെ എണ്ണവും വാട്സ്ആപ്പ് പുറത്ത് വിട്ടിട്ടുണ്ട്.

ആദ്യ ഇടക്കാല മാർഗ്ഗനിർദ്ദേശ റിപ്പോർട്ട് അനുസരിച്ച്, അക്കൌണ്ട് സപ്പോർട്ടിനായി 70 റിക്വസ്റ്റുകളും 204 നിരോധന അപ്പീലുകളും ആപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 63 അക്കൗണ്ടുകൾ നിരോധിച്ചതായും കമ്പനി അറിയിച്ചു. ലഭിച്ച എല്ലാ പരാതികളോടും തങ്ങൾ പ്രതികരിക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. അക്കൗണ്ട് നിരോധിക്കപ്പെടുകയോ അതല്ലെങ്കിൽ പരാതിയുടെ ഫലമായി നേരത്തെ നിരോധിച്ച അക്കൌണ്ടിന്റെ നിരോധനം നീക്കം ചെയ്യുകയോ ചെയ്യുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കപ്ലെയിന്റെ ചാനലിലൂടെ ഉപയോക്തൃ പരാതികളോട് പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നതിന് പുറമേ പ്ലാറ്റ്‌ഫോമിലെ ദോഷകരമായ പെരുമാറ്റം തടയുന്നതിനുള്ള ടൂളുകളും സോഴ്സുകളും വാട്സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. ദോഷകരമായ പ്രവർത്തനങ്ങൾ സംഭവിക്കുന്നത് തടയുന്നതിനാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും പ്രശ്നങ്ങൾ സംഭവിച്ചതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാൾ നല്ലത് അത് തടയുകയാണ് എന്നും കമ്പനി റിപ്പോർട്ടിൽ പറയുന്നു.

വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് എങ്ങനെയാണ് കണ്ടെത്തുന്നത് എന്നത് സംബന്ധിച്ച കാര്യങ്ങൾ കമ്പനി വിശദീകരിക്കുന്നുണ്ട്. ദുരുപയോഗം കണ്ടെത്താനായി അക്കൗണ്ടിനെ മൂന്ന് ഘട്ടങ്ങളിലാണ് പരിശോധിക്കുന്നത്. ആദ്യത്തേത് രജിസ്ട്രേഷനാണ്. രണ്ടാമത്തേത് മെസേജ് അയക്കുന്ന സമയത്തുള്ള പരിശോധനയാണ്. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും യൂസർമാരിൽ നിന്നും കമ്പനിക്ക് ലഭിക്കുന്ന നെഗറ്റീവ് ഫീഡ്‌ബാക്കിന്റെ ഭാഗമായിട്ടാണ്. ഇത് റിപ്പോർട്ടുകളും ബ്ലോക്കുകളുമായിട്ടാണ് വരുന്നത്. ഈ സംവിധാനം കൂടുതൽ കാര്യക്ഷമതയുള്ളതാക്കാൻ വേണ്ട പ്രവർത്തനങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ടെന്നും അറിയിച്ചു.

നിരോധിത അക്കൗണ്ടുകളിൽ എത്ര ഇന്ത്യൻ നമ്പറുകൾ ഉൾപ്പെടുന്നുവെന്ന് ആപ്പ് മനസിലാക്കുന്നത് +91 എന്ന കോഡ് ഉള്ളതുകൊണ്ടാണ്. ഇത്തരം ഇടനില മാർഗ്ഗനിർദ്ദേശ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച ഏകദേശ സമയക്രമവും വാട്സ്ആപ്പ് പുറത്ത് വിട്ടിട്ടുണ്ട്. ഡാറ്റാ ശേഖരണത്തിനും മൂല്യനിർണ്ണയത്തിനും മതിയായ സമയം ലഭിക്കുന്നതിനായി 30 മുതൽ 45 ദിവസം വരെ എടുത്തായിരിക്കും റിപ്പോർട്ടിന്റെ തുടർന്നുള്ള പതിപ്പുകൾ പ്രസിദ്ധീകരിക്കുക.


Click it and Unblock the Notifications








