സൂം വീഡിയോ കോളിങ് സേവനം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ
ലോക്ക്ഡൌൺ കാലത്ത് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയെടുത്ത വീഡിയോ കോളിങ് സേവനമാണ് സൂം. ഒരേസമയം നിരവധി ആളുകളെ വീഡിയോ കോൾ ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത. ആളുകൾ ഔദ്യോഗിക ആവശ്യത്തിനും സുഹൃത്തുക്കളുമായി സംവദിക്കാനുമെല്ലാം സൂം വീഡിയോകോൾ സേവനം ഉപയോഗിക്കുന്നുണ്ട്. സൂം വീഡിയോ കോളിങ് ആപ്പിനെതിരെ ഗുരുതര സുരക്ഷാ ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്.

സൂം ഉപയോക്താക്കളുടെ ഡാറ്റയെ സംബന്ധിച്ചും സൂം അക്കൌണ്ടുകളുടെ സുരക്ഷയെ സംബന്ധിച്ചും നിരവധി ആക്ഷേപങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധിച്ച് വരുന്നുണ്ട്. ഡാർക്ക് വെബിൽ ഹാക്ക് ചെയ്യപ്പെട്ട നിരവധി സൂം അക്കൌണ്ടുകൾ ഉള്ളതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ അവസരത്തിൽ സൂം ആപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ ജീവനക്കാരോട് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറത്തിറക്കിയ സുരക്ഷാ നിർദ്ദേശത്തിൽ സൂം വീഡിയോ കോളിങ് സേവനം സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗികമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നേരത്തെ സൂമിന്റെ സുരക്ഷയെ പറ്റി മുന്നറിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.

സൂം വീഡിയോ കോളിങ് സേവനം ഉപയോഗിക്കുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെ വിലക്കിയിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ഏകോപനകേന്ദ്രം-സൈക്കോര്‍ഡ്(CyCorD) ആണ്. നേരത്തെ സൂം സുരക്ഷതമല്ലെന്ന റിപ്പോർട്ട് ഇന്ത്യൻ കമ്പ്യൂടടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആളുകൾ ഇത് ഗൌനിക്കാതെ ഔദ്യോഗിക ആവശ്യത്തിനടക്കം സൂം ഉപയോഗിക്കുന്ന അവസരത്തിലാണ് സൈക്കോർഡ് മാർഗ നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

സൂം കോണ്‍ഫറന്‍സ് സംവിധാനത്തിലേക്കുള്ള ഹാക്കർമാരുടെ കടന്നുകയറ്റവും ഓണ്‍ലൈന്‍ മീറ്റിങിലേക്ക് അനധികൃതമായി പ്രവേശിക്കാനുള്ള ശ്രമങ്ങളും തടയാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. സൂം ആപ്പിലെ സെക്യൂരിറ്റി സംവിധാനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശനമാണ് ടെക് വിദഗ്ദർ ഉന്നയിക്കുന്നത്. പല വലിയ കമ്പനികളും അവരുടെ ഔദ്യോഗിക ആവശ്യത്തിന് സൂം ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിയിട്ടുണ്ട്.

സൈബർ കോർഡിനേഷൻ സെന്ററിന്റെ നിർദേശങ്ങൾ
സൂം ഒരു സുരക്ഷിത പ്ലാറ്റ്‌ഫോമല്ലെന്ന് മനസിലായിട്ടള്ളതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കരുത് എന്ന നിർദേശത്തിനൊപ്പം തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ കോർഡിനേഷൻ സെന്റർ സ്വകാര്യ ആവശ്യത്തിന് സൂം ഉപയോഗിക്കുന്നവർക്ക് ചില നിർദ്ദേശങ്ങളും നൽകുന്നുണ്ട്. ഇതിൽ ചില സെറ്റിങ്സ് ഡിസേബിൾ ചെയ്തും മറ്റ് ചിലത് എനേബിൾ ചെയ്തും സൂം ഉപയോഗിക്കുമ്പോൾ ഒരു പരിധിവരെ സുരക്ഷിതരായിക്കാൻ സാധിക്കും.

സൂം വീഡിയോ കോൺഫറൻസ് ഉപയോഗിക്കുന്നവർക്ക് സുരക്ഷയ്ക്കായി ചെയ്യാവുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ട കാര്യം കോൺഫറൻസ് റൂമിൽ അനധികൃതമായി ആളുകൾ പ്രവേശിക്കുന്നത് തടയുക എന്നതാണ്. മറ്റൊന്ന് മറ്റുള്ളവരുടെ ടെർമിനലുകളിൽ ഇടപെടലുകൾ നടത്തുന്നത് തടയുക. കൃത്യമായി പാസ്വേർഡുകൾ മാറ്റ മാറ്റി ഉപയോഗിക്കുകയും മറ്റൊരാൾക്കും അക്കൌണ്ടിലേക്ക് ആക്സസ് നൽകാതിരിക്കുകയും ചെയ്യുക എന്നതും ഈ സന്ദർഭത്തിൽ പ്രധാനമാണ്.


Click it and Unblock the Notifications








