വില കൂടിയ ഡിഎസ്എൽആർ ക്യാമറകൾ ഇനി പുറത്തിറക്കില്ലെന്ന് കാനൺ
ലോകപ്രശസ്ത ക്യാമറ ബ്രാൻഡായ കാനൺ ഫ്ലാഗ്ഷിപ്പ് ഡിഎസ്എൽആർ ക്യാമറകളുടെ നിർമ്മാണം നിർത്തുന്നു. കാനൺ 1ഡിഎക്സ് മാർക്ക് III ആണ് തങ്ങളുടെ അവസാനത്തെ വില കൂടിയ മുൻനിര ഡിഎസ്എൽആർ ക്യാമറയെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. മിറർലെസ് ഡിഎസ്എൽആർ ക്യാമറകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് മുൻനിര ഡിഎസ്എൽആർ ക്യാമറകൾ ഇനി നിർമ്മിക്കില്ലെന്ന് തീരുമാനിച്ചത് എന്നും കാനൺ വ്യക്തമാക്കി.

മുൻനിര ഡിഎസ്എൽആറുകളുടെ ഉത്പാദനം ഏതാനും വർഷങ്ങൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് ജാപ്പനീസ് പത്രമായ യോമിയുരി ഷിംബനു നൽകിയ അഭിമുഖത്തിൽ കാനൺ സിഇഒ ഫുജിയോ മിതാരായ് പറഞ്ഞു. കാനണിന്റെ എസ്എൽആർ മുൻനിര മോഡലുകൾ 'ഇഒഎസ്-1' സീരീസ് എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ആദ്യത്തേത് 1989-ൽ ആണ് പുറത്തിറക്കിയത്. 2020-ൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡൽ 'ഇഒഎസ്-1ഡിഎക്സ് മാർക്ക് III ആണ്. ഇത് തന്നെയായിരിക്കും ഈ വിഭാഗത്തിലെ കാനണിന്റെ അവസാനത്തെ ക്യാമറയും.

വിപണി ആവശ്യങ്ങൾ മിറർലെസ് ക്യാമറകളിലേക്ക് അതിവേഗം മാറുകയാണ്. ഇതിന് അനുസൃതമായി തങ്ങൾ സ്ഥിരമായി മാറുന്നുണ്ട്. തുടക്കക്കാർക്കും ഇന്റർമീഡിയറ്റ് എസ്എൽആർ ക്യാമറകൾക്കുമുള്ള ആവശ്യം ആഗോള വിപണിയിൽ ശക്തമാണ്. അതുകൊണ്ട് തന്നെ തൽക്കാലം ഇത്തരം ക്യാമറകളുടെ വികസനവും ഉൽപ്പാദനവും തുടരാൻ തങ്ങൾ പദ്ധതിയിടുന്നുവെന്നും കാനൺ സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. കാനൺ 1ഡിഎക്സ് മാർക്ക് III ഇന്ത്യൻ വിപണിയിൽ ഏകദേശം 4,84,789 രൂപ വിലയുമായിട്ടാണ് എത്തിയത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കിടയിൽ ഏറ്റവും ജനപ്രിതിയിലുള്ള മുൻനിര ക്യാമറയാണിത്.

കാനൺ ഡിഎസ്എൽആർ ക്യാമറകൾ നിർമ്മിക്കുന്നത് നിർത്തുമെന്നും എന്നാൽ മാർക്ക് III പോലുള്ള മുൻനിര ഡിഎസ്എൽആർ ക്യാമറകൾ നിർമ്മിക്കുന്നത് തുടരുമെന്നും കാനൺ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. മിറർലെസ് ഡിഎസ്എൽആർ ക്യാമറകൾ നിർമ്മിക്കുന്നതിൽ മാത്രമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് കാനൺ വക്താവ് പെറ്റാപിക്സൽ എന്ന മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. സ്വാഭാവികമായു തങ്ങളുടെ അടുത്ത മുൻനിര മോഡലിൽ ആർഎഫ് മൗണ്ട് ക്യാമറയായിരിക്കും ഉണ്ടായിരിക്കുക എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ആർഎഫ് മൌണ്ട് ക്യാമറകൾ മിറർലെസ് ആണ്.

കാനൺ അതിന്റെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുടെ ഉത്പാദനം എപ്പോൾ അവസാനിപ്പിക്കുമെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ വിപണിയിൽ ഉള്ള കാനണിന്റെ ക്യാമറകൾ അതേപടി നിർമ്മിക്കും. ഇതിൽ പഴയ മോഡലുകൾ നിർമ്മിക്കാൻ സാധ്യതയില്ല. ഇനിയൊരു ഫ്ലാഗ്ഷിപ്പ് ഡിഎസ്എൽആർ ക്യാമറ കമ്പനി പുതുതായി അവതരിപ്പിക്കില്ല. പെറ്റാപിക്സൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് നിക്കോണും മിറർലെസ് ക്യാമറകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മുൻനിര ഡിഎസ്എൽആർ ക്യാമറകളുടെ നിർമ്മാണവും നിർത്തിയിട്ടുണ്ട്. നിക്കോണും മുൻനിര ഡിഎസ്എൽആർ ക്യാമറകൾക്ക് പകരം അതേ നിലവാരം വരുന്ന മിറർലെസ് ക്യാമറകൾ പുറത്തിറക്കാൻ ശ്രദ്ധിക്കും.

കാനൺ 1ഡിഎക്സ് മാർക്ക് III: സവിശേഷതകൾ
മിറർലസ് ക്യാമറകൾ ഫോട്ടോഗ്രാഫി മേഖല കീഴടക്കാൻ തുടങ്ങിയ അവസരത്തിലാണ് ഇഒെസ് 1ഡിഎക്സിന്റെ മൂന്നാം തലമുറ പുറത്തിറക്കിയത്. ഈ വൈരുദ്ധ്യത്തിനുള്ള മറുപടി ക്യാമറ ബോഡിയുടെ സവിശേഷതകൾ തന്നെയായിരുന്നു. അതിവ വേഗതയിൽ ചിത്രങ്ങൾ പകർത്താനുള്ള ക്യമാറയുടെ കഴിവാണ് കമ്പനി എടുത്ത് കാട്ടിയത്. സ്പോർട്സ്, വൈൽഡ് ലൈഫ് എന്നിങ്ങനെയുള്ള ഫോട്ടോഗ്രഫി മേഖലകൾക്കായി പ്രത്യേകം തയ്യാറാക്കിയ വേഗതയുള്ള ക്യാമറയാണ് ഇത്. 20.1 മെഗാപിക്സൽ ഫുൾ-ഫ്രെയിം CMOS സെൻസറോടെയാണ് ഇത് വരുന്നത്. ഇതിനൊപ്പം ഹൈ ഡീറ്റെയിൽ ലോ-പാസ് ഫിൽട്ടറും കമ്പനി നൽകുന്നുണ്ട്.

ഇമേജ് സെൻസറിൽ താരതമ്യേന കുറഞ്ഞ പിക്‌സലുകളാണ് നൽകിയിരിക്കുന്നത് ഇത് വളരെ വേഗതയുള്ള ക്യാമറയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വേഗത്തിൽ ക്യാപ്ച്ചർ ചെയ്യുന്ന ഇമേജുകൾ ആവശ്യമുള്ള ഫോട്ടോഗ്രാഫി മേഖലകളെ മുൻനിർത്തിയാണ് ക്യാമറ പുറത്തിറക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. തങ്ങളുടെ ഈ പുതിയ ക്യാമറ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വേഗതയേറിയതാണെന്ന് കാനൻ അവകാശപ്പെടുന്നുണ്ട്. വ്യൂ ഫൈൻഡർ ഉപയോഗിച്ചാൽ 16 എഫ്പിഎസ് വേഗതയിൽ ഷൂട്ട് ചെയ്യാൻ കഴിയുന്നതും അതേ സമയം ലൈവ് വ്യൂ ആണ് ഉപയോഗിക്കുന്നതെങ്കിൽ വേഗത 20എഫ്പിഎസ് വരെ ലഭിക്കുന്നതുമായ ക്യാമറയാണ് ഇത്.


Click it and Unblock the Notifications








