റെഡ്മിയുടെ ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പായ റെഡ്മിബുക്ക് ഓഗസ്റ്റ് 3ന് അവതരിപ്പിക്കും
റെഡ്മിയുടെ ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പായ റെഡ്മിബുക്ക് ഓഗസ്റ്റ് 3ന് ലോഞ്ച് ചെയ്യും. ഷവോമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ആദ്യത്തെ റെഡ്മി ബ്രാൻഡഡ് ലാപ്‌ടോപ്പിന്റെ ലോഞ്ച് കമ്പനി ടീസ് ചെയ്തിരുന്നു. എംഐ നോട്ട്ബുക്ക് അവതരിപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഇന്ത്യയിലെ ലാപ്ടോപ്പ് വിഭാഗത്തിലേക്ക് കൂടി ചുവടുവെച്ച ഷവോമി തങ്ങളുടെ ലാപ്ടോപ്പ് വിപണിയിലെ സാന്നിധ്യം ഉറപ്പിക്കാനാണ് റെഡ്മിബുക്ക് സീരിസ് പുറത്തിറക്കുന്നത്.

ചൈനയിൽ റെഡ്മിബുക്ക്, റെഡ്മിബുക്ക് എയർ, റെഡ്മിബുക്ക് പ്രോ മോഡലുകൾ ഷവോമി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 3ന് ഇന്ത്യയിൽ പുതിയ റെഡ്മിബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കുമെന്ന് ഷവോമിയുടെ മീഡിയ ഇൻവൈറ്റിൽ സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായി പുറത്തിറങ്ങുന്ന റെഡ്മി ബ്രാൻഡഡ് ലാപ്‌ടോപ്പാണ് ഇത്. അതുകൊണ്ട് തന്നെ കമ്പനി നിരാശരാക്കില്ല എന്ന് ഉറപ്പാണ്. "കഴിഞ്ഞ വർഷത്തോടെ റെഡ്മി സ്മാർട്ട്ഫോൺ ബ്രാന്റ് എന്നതിൽ നിന്ന് മറ്റ് ആക്സസറികൾ കൂടി പുറത്തിറക്കുന്ന ബ്രാന്റ് കൂടിയായി മാറിയിരുന്നു.
പവർ ബാങ്കുകൾ, ഇയർബഡ്സ്, സ്മാർട്ട് ബാൻഡുകൾ എന്നിവ പോലുള്ള ഉൽപ്പന്നങ്ങൾ റെഡ്മി കഴിഞ്ഞ വർഷം മുതൽ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം ഒരു പടി കൂടി മുന്നോട്ട് പോയി സ്മാർട്ട് ടെലിവിഷൻ വിഭാഗത്തിലേക്ക് കടന്നു. ഇപ്പോഴിതാ റെഡ്മിബുക്കിലൂടെ ലാപ്ടോപ്പ് വിപണിയിൽ കൂടി ചുവടുറപ്പിക്കുകയാണ് കമ്പനിയെന്ന് റെഡ്മി പുറത്ത് വിട്ട മീഡിയ ഇൻവൈറ്റിൽ പറയുന്നു. ഇൻവൈറ്റിനൊപ്പം ഷവോമി ടീസർ പോസ്റ്ററും മാധ്യമങ്ങൾക്ക് അയച്ചിട്ടുണ്ട്.
ടീസർ പോസ്റ്ററിൽ നൽകിയിട്ടുള്ള ചിത്രത്തിൽ ഡിസ്പ്ലേയ്ക്ക് ചുറ്റും കട്ടിയുള്ള ബെസലുകളുള്ള ഒരു ക്ലാസിക് ഡിസൈനാണ് ഉള്ളത്. ചൈനയിൽ നിരവധി റെഡ്മിബുക്ക് മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏത് മോഡലായിരിക്കും പുറത്തിറങ്ങുക എന്നകാര്യം വ്യക്തമല്ല. റെഡ്മി ബുക്ക് സീരീസ് ചൈനയിൽ ആദ്യം അവതരിപ്പിച്ചത് 2019ൽ ആണ്. ഇതിന് ശേഷം നിരവധി മോഡലുകൾ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. എഎംഡി റൈസൺ, 11th ജനറേഷൻ ഇന്റൽ കോർ പ്രോസസർ എന്നിവയുമായിട്ടാണ് റെഡ്മിബുക്ക് പ്രോ 14, റെഡ്മിബുക്ക് പ്രോ 15 ലാപ്ടോപ്പുകൾ പുറത്തിറങ്ങിയത്.
റെഡ്മിബുക്ക് ലോഞ്ച് ചെയ്യുന്നതിനൊപ്പം എംഐ നോട്ട്ബുക്ക് പ്രൊഡക്റ്റ് ലൈനപ്പ് കൂടുതൽ വിപുലീകരിക്കാനും ഷവോമിക്ക് പദ്ധതിയിട്ടുണ്ട്. ഇന്ത്യയിൽ എംഐ നോട്ട്ബുക്ക് പ്രോ 14, എംഐ നോട്ട്ബുക്ക് അൾട്ര 15.6 ലാപ്ടോപ്പുകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഷവോമി ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ പ്രഖ്യാപനവും നടത്തിയിട്ടില്ല. റെഡ്മി സ്മാർട്ട്ഫോണുകൾ പോലെ തന്നെ ഇന്ത്യയിൽ റെഡ്മിയുടെ ലാപ്ടോപ്പുകളും ജനപ്രീതി നേടമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








