ഇന്ത്യയിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തി വയോ, വയോ ഇ15, എസ്ഇ 14 ലാപ്‌ടോപ്പുകൾ പുറത്തിറങ്ങി
വയോ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തി. പുതിയ വയോ ഇ15, എസ്ഇ 14 എന്നീ രണ്ട് ലാപ്ടോപ്പുകൾ രാജ്യത്ത് ലോഞ്ച് ചെയ്തുകൊണ്ടാണ് കമ്പനി ഇന്ത്യൻ വിപണിയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. ഈ രണ്ട് ലാപ്ടോപ്പുകളും ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിൽപ്പന നടത്തുന്നത്. പുതിയ വയോ ലാപ്‌ടോപ്പുകൾ "പ്രീമിയം, ഇന്റലക്ച്ച്യലി ക്രാഫ്റ്റഡ്" ആണെന്നും മികച്ച ഗുണനിലവാരം ഉള്ളവയാണെന്നും കമ്പനി അവകാശപ്പെടുന്നു.

യുഎസ്, ബ്രസീൽ, ഹോങ്കോംഗ്, മക്കാവു, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഈ ലാപ്ടോപ്പുകൾ നേരത്തെ അവതരിപ്പിച്ചിരുന്നു. 1996ലാണ് സോണി വയോയെ അവതരിപ്പിച്ചത്. എന്നാൽ 2014ൽ നിക്ഷേപ സ്ഥാപനമായ ജപ്പാൻ ഇൻഡസ്ട്രിയൽ പാർട്‌ണേഴ്‌സിന് വയോയെ വിറ്റു. ഈ വിൽപ്പനയോടെ ഇന്ത്യയടക്കമുള്ള പലയിടങ്ങളിലും വയോ ലാപ്ടോപ്പുകൾ ലഭ്യമല്ലാതായി.

2018 ൽ ഏഷ്യയിൽ വയോ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വിൽക്കാനും വിപണനം നടത്താനുമുള്ള ലൈസൻസ് നെക്സ്റ്റ്ഗോയ്ക്ക് വയോ കോർപ്പറേഷനിൽ നിന്ന് ലഭിച്ചു. പിന്നീട് കമ്പനി ഹോങ്കോംഗ്, മക്കാവു, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങലിൽ പ്രൊഡക്ടുകൾ പുറത്തിറക്കി തുടങ്ങി. ഇന്ത്യയിൽ പിന്നെയും വൈകിയാണ് ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വയോ ഇ15, എസ്ഇ 14: വില
66,990 രൂപ മുതലാണ് വയോ ഇ15 ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത്. വിവിധ കളർ ഓപ്ഷനുകളിൽ ഈ ലാപ്ടോപ്പ് ലഭ്യമാക്കും. വയോ എസ്ഇ 14 പ്രീമിയം മോഡലാണ്. ഇതിന് 84,690 രൂപ മുതലാണ് വില ആരംഭിക്കുന്നത്. റെഡ് കോപ്പർ, ഡാർക്ക് ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ലാപ്ടോപ്പ് ലഭ്യമാകും. ഈ രണ്ട് ലാപ്ടോപ്പുകളും ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴി മാത്രമായിരിക്കും ലഭ്യമാവുക. മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകൾ പ്രവർത്തിക്കുന്നത്.

വയോ ഇ15: സവിശേഷതകൾ
1920 × 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് വയോ ഇ15 ലാപ്ടോപ്പിൽ ഉള്ളത്. റേഡിയൻ സ്പീഡ് 8 അല്ലെങ്കിൽ റേഡിയൻ ആർഎക്സ് സ്പീഡ് 10 ഗ്രാഫിക്സുമായി ജോടിയാക്കിയ എഎംഡി റൈസൺ 5, റൈസൺ 7 പ്രോസസറുകളിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. ഡിഡിആർ 4 റാമും ഈ ലാപ്ടോപ്പിൽ ഉണ്ട്. ടോപ്പ് ഫയറിംഗ് സ്പീക്കറുകളുള്ള ഡോൾബി ഓഡിയോ പ്രീമിയം സൌണ്ടിനും സ്മാർട്ട് ആംപ്ലിഫയറിനുമുള്ള സപ്പോർട്ടോടെയാണ് വരുന്നത്. മികച്ച ബാറ്ററി ബാക്ക് അപ്പും ഈ ലാപ്ടോപ്പ് നൽകുന്നു.

വയോ എസ്ഇ14: സവിശേഷതകൾ
വയോ സീരിസിലെ പ്രീമിയം മോഡലാണ് വയോ എസ്ഇ 14. 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് മുകളിൽ ആന്റി-ഗ്ലെയർ ലെയറും നൽകിയിട്ടുണ്ട്. 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമായി ജോടിയാക്കിയ ഇന്റൽ കോർ ഐ 5 പ്രോസസറാണ് ലാപ്ടോപ്പിന്റെ കരുത്ത്. ലാപ്ടോപ്പിൽ എർഗോ ലിഫ്റ്റ് ഹിഞ്ചും നൽകിയിട്ടുണ്ട്. ബയോമെട്രിക് സെൻസറുകളും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. ഒരൊറ്റ ചാർജിൽ 13 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ലാപ്ടോപ്പാണ് ഇത്.


Click it and Unblock the Notifications








