കൊവിഡ് കാലത്ത് സഹായമാകുന്ന ഏഴ് മെഡിക്കൽ ഗാഡ്ജറ്റുകൾ
കൊവിഡിന്റെ രണ്ടാം തരംഗം അപകടകരമായി നമ്മുടെ സാമൂഹ്യ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന കാലമാണ് ഇത്. ഇക്കാലത്ത് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. നമ്മുടെ ഹെൽത്ത് ട്രാക്കിങ് എന്നത് ഏറെ പ്രധാനപ്പെട്ട ഘടകമാണ്. ആശുപത്രികളിൽ പോകാതെ ഡോക്ടർമാരെ ഓൺലൈനായി സമീപിക്കുന്നവർക്ക് അവരുടെ ഹെൽത്ത് ഡാറ്റ കൃത്യമായി അറിഞ്ഞിരിക്കണം. ഇതിന് സഹായിക്കുന്ന നിരവധി മെഡിക്കൽ ഗാഡ്ജറ്റുകൾ ഇന്ന് ലഭ്യമാണ്.

നിങ്ങളുടെ ഹെൽത്ത് ഡാറ്റ രോഗ നിർണയത്തിനും മറ്റും ഏറെ സഹായകരമാവുന്നവയാണ്. ശരീര താപനില, ബിപി, ഇസിജി, പൾസ് തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി അറിഞ്ഞാൽ ഓൺലൈനായി പോലും നിങ്ങൾക്ക് ഡോക്ടർമാരെ കൺസൾട്ട് ചെയ്യാൻ സാധിക്കും. ഇത്തരം ഡാറ്റകൾ കൃത്യമായി നൽകുന്ന എളുപ്പം ഉപയോഗിക്കാവുന്ന ഏഴ് ഗാഡ്ജറ്റുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

പോർട്ടബിൾ പേഴ്സണൽ ഇസിജി മോണിറ്റർ
സ്മാർട്ട്‌ഫോൺ കമ്പാനിയൻ ആപ്പോട് കൂടിയ പോർട്ടബിൾ പേഴ്സണൽ ഇസിജി മോണിറ്റർ ദിവസേനയുള്ള ഇസിജി റെക്കോർഡുചെയ്യാൻ നിങ്ങളെ സഹായിക്കും. പ്രാരംഭ ഘട്ടത്തിൽ തന്നെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇസിജിയിൽ ഉണ്ടെങ്കിൽ ഇത് കൃത്യമായി രേഖപ്പെടുത്തുന്നു. ഇത് ഡോക്ടറെ കാണുമ്പോൾ നൽകാവുന്ന സുപ്രധാന ഡാറ്റയാണ്. പോർട്ടബിൾ പേഴ്സണൽ ഇസിജി മോണിറ്ററുകൾ നിരവധിയായി ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഓട്ടോമാറ്റിക് ഇലക്ട്രോണിക് ബ്ലഡ് പ്രഷർ മോണിറ്റർ
ഒരു ഓട്ടോമാറ്റിക് ഇലക്ട്രോണിക് ബ്ലഡ് പ്രഷർ മോണിറ്റർ മറ്റൊരു അവശ്യ ഗാഡ്‌ജെറ്റാണ്. പൾസ് നിരക്കും ഇതിൽ കാണിക്കും. ബിപി കൃത്യമായി അറിഞ്ഞാൽ ഇത് ഡോക്ടർമാരെ സഹായിക്കും. നിരവധി ഗാഡ്ജറ്റുകൾ ഈ വിഭാഗത്തിലും ലഭ്യമാണ്.

ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ
നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് ശ്വസനനിരക്കിനൊപ്പം അളക്കുന്ന ഗാഡ്ജറ്റാണ് ഓക്സിമീറ്റർ. ചെറുതും വില കുറഞ്ഞതുമായ ഒരു ഡിവൈസാണ് ഇത്. ഇതിൽ ഡാറ്റ ലഭിക്കാനായി നിങ്ങളുടെ ചൂണ്ടുവിരൽ ഡിവൈസിലേക്ക് ചേർത്ത് വയ്ക്കുക.

ഗ്ലൂക്കോമീറ്റർ
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അളക്കുന്ന ഗാഡ്ജറ്റാണ് ഗ്ലൂക്കോമീറ്റർ. ഇത് എല്ലാവർക്കും ആവശ്യമായി വരുന്ന ഡിവൈസ് അല്ല. നിങ്ങൾക്കോ വീട്ടിലുള്ള ആളുകൾക്കോ ഈ ഗ്ലൂക്കോമീറ്റർ ആവശ്യമാണോ എന്ന കാര്യം ഡോക്ടറാണ് അറിയിക്കുന്നത്.

മെഡിക്കൽ അലേർട്ട് സിസ്റ്റം
നിങ്ങളുടെ വീട്ടിലെ മുതിർന്നവർക്കുള്ള ഒരു മികച്ച ഡിവൈസാണ് മെഡിക്കൽ അലേർട്ട് സിസ്റ്റം. മുതിർന്ന ആളുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുമ്പോഴെല്ലാം ഒരു ബട്ടൺ അമർത്തിയാൽ വീട്ടിലുള്ള മറ്റുള്ളർക്ക് വിവരം ലഭിക്കുന്ന വിധത്തിലാണ് ഈ ഡിവൈസ് ഡിസൈൻ ചെയ്തിരിക്കുന്നത്. മെഡിക്കൽ എമർജൻസിയിൽ ഫോൺ കണ്ടെത്തി ഒരു നമ്പർ ഡയൽ ചെയ്യുന്നതിനേക്കാൾ എളുപ്പത്തിൽ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഡിവൈസിലൂടെ സഹയത്തിനായി ആളുകളെ വിളിക്കാൻ സാധിക്കും.

പെയിൻ റിലീഫ് ഡിവൈസുകൾ
പെയിൻ റിലീഫ് ഡിവൈസുകൾ എന്നത് എപ്പോൾ വേണമെങ്കിലും ഉപയോഗപ്രദമാകുന്നവയാണ്. ഹോട്ട് പാഡുകൾ, മസാജറുകൾ, നാഡി ഉത്തേജകങ്ങൾ എന്നിവപോലുള്ള നിരവധി തരത്തിലുള്ള പെയിൻ റിലീഫ് ഡിവൈസുകൾ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ ആവശ്യകത അനുസരിച്ച് ശരിയായ തരത്തിലുള്ള ഡിവൈസ് തിരഞ്ഞെടുക്കാൻ ഡോക്ടറോട് ചോദിക്കാം.

കോൺടാക്റ്റ്ലെസ് ഐആർ തെർമോമീറ്റർ
തമ്മിൽ സ്പർശിക്കാതെ തന്നെ ഇൻഫ്രാ-റെഡ് തെർമോമീറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് മറ്റൊരാളുടെ ശരീര താപനില അളക്കാൻ സാധിക്കും. ഐആർ തെർമോമീറ്ററുകൾ ഇന്ന് പല സ്ഥാപനങ്ങളും ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഡിവൈസ് വാങ്ങുന്നതിന് ഡോക്ടറോട് കൺസൾട്ട് ചെയ്യാവുന്നതാണ്. നിരവധി ബ്രാന്റുകളുടെ ഡിവൈസുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.


Click it and Unblock the Notifications