അമാസ്ഫിറ്റിന്റെ പ്രീമിയം സ്മാർട്ട് വാച്ചായ സെപ്പ് ഇസെഡ് ഇന്ത്യയിലെത്തി, വില 25,999 രൂപ
ജനപ്രീയ വെയറബിൾ ബ്രാന്റായ അമാസ്ഫിറ്റ് തങ്ങളുടെ പുതിയ പ്രീമിയം സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സെപ്പ് ഇസെഡ് എന്ന ഡിവൈസാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യൻ വിപണിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ കമ്പനിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമാണ് ഈ ലോഞ്ച്. അമാസ്ഫിറ്റിന്റെ ഉടമസ്ഥതയിലുള്ള ഹുവാമി സബ്സിഡിയറിയാണ് സെപ്പ്. 50 വാച്ച് ഫെയ്‌സുകളും അലക്‌സ വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുമുള്ള സ്മാർട്ട് വാച്ചാണ് ഇത്.

സെപ്പ് ഇസെഡ്: വില
സെപ്പ് ഇസഡ് വാച്ച് പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഈ വാച്ചിന് 25,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. ജൂലൈ 20 മുതൽ ഈ സ്മാർട്ട് വാച്ച് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ചൈനീസ് വിപണിയിൽ സിഎൻവൈ 2,699ന് ആണ് ഈ സ്മാർട്ട് വാച്ച് ലോഞ്ച് ചെയ്തത്. ഇത് ഇന്ത്യൻ കറൻസിയിൽ 30000 രൂപയോളം വരും. ഇത് വച്ച് നോക്കുമ്പോൾ ഇന്ത്യൻ വേരിയന്റിന് വില കുറവാണ്. ചൈനീസ് പതിപ്പിൽ ഇസിജി സപ്പോർട്ട് ഉണ്ട് എന്നതും ഇന്ത്യൻ പതിപ്പിൽ ഇത് നൽകിയിട്ടില്ല എന്നതും വില കുറയാനുള്ള കാരണമാണ്.

സെപ്പ് ഇസഡ് സ്മാർട്ട് വാച്ച്: സവിശേഷതകൾ
1.39 ഇഞ്ച് കളർ ഡിസ്‌പ്ലേയുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. 454 × 454 പിക്‌സൽ റെസല്യൂഷനും വൃത്താകൃതിയിലുള്ള ഡയലുമാണ് ഈ വാച്ചിൽ നൽകിയിട്ടുള്ളത്. ഇതൊരു ടച്ച്സ്ക്രീൻ അമോലെഡ് പാനലാണ്. 500 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഒരിഞ്ചിന് 326 പിക്സലുമുള്ള പാനലാണ് ഇത്. സ്‌ക്രീനിന് 2.5 ഡി ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനാണ് ഉള്ളത്. യുസർ എക്സ്പീരിയൻസിന് പ്രാധാന്യം നൽകുന്നതിനൊപ്പം തന്നെ സ്ക്രീനിന്റെ സുരക്ഷയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

50 വാച്ച് ഫേസുകളുള്ള ഈ സ്മാർട്ട് വാച്ചിന് വലതുവശത്ത് മൂന്ന് ബട്ടണുകളാണ് ഉള്ളത്. ഹാർട്ട് മോണിറ്ററിങ് സെൻസർ, ഓക്സിജൻ ലെവൽ മോണിറ്ററിങ് സെൻസർ പോലുള്ള ഒന്നിലധികം സെൻസറുകളും ഈ സ്മാർട്ട് വാച്ചിൽ കമ്പനി നൽകിയിട്ടുണ്ട്. ഇത് ആരോഗ്യസംബന്ധമായ ഡാറ്റ കൃത്യമായി നൽകാൻ സഹായിക്കുന്നു. 90 സ്‌പോർട്‌സ് മോഡുകളുള്ള ഈ സ്മാർട്ട് വാച്ചിൽ ജിപിഎസ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ സ്പോർട്സ് മോഡുകൾ നിങ്ങളുടെ കായികക്ഷമത നിലനിർത്താൻ സഹായിക്കുന്നു. സ്റ്റെപ്പുകൾ കലോറി തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലൂടെ അറിയാൻ സാധിക്കും.

ഓഫ്‌ലൈനിൽ പോലും പ്രവർത്തിക്കുന്ന അലക്സാ വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടാണ് സെപ്പ് ഇസെഡ് സ്മാർട്ട് വാച്ചിന്റെ മറ്റൊരു സവിശേഷത. ഹാൻഡ്‌സ് ഫ്രീ അനുഭവത്തിനായി 58 വോയ്‌സ് കമാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന അലക്‌സാ അസിസ്റ്റന്റ് ആണ് ഇതിൽ ഉള്ളത്. സ്മാർട്ട് വാച്ചിൽ 340 എംഎഎച്ച് ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്. ഈ ബാറ്ററി 15 ദിവസം വരെ ചാർജ് നിൽകുന്നതാണ്. 2.5 മണിക്കൂറിനുള്ളിൽ മാഗ്നറ്റിക് വയർലെസ് ചാർജർ ഉപയോഗിച്ച് ഇത് പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. മിനുക്കിയ ടൈറ്റാനിയം അലോയ് യുടെ ഒരു കഷണം മാത്രമാണ് ഈ വാച്ച് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വാച്ചിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത കുറവാണ്.


Click it and Unblock the Notifications








