2,499 രൂപയ്ക്ക് 110 സ്പോർട്സ് മോഡുകളും 10 ദിവസത്തെ ബാറ്ററി ലൈഫുമായൊരു സ്മാർട്ട് വാച്ച്
സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കാൻ താല്പര്യമുള്ള ആളുകൾ ആയിരിക്കും നമ്മളെന്നാം. എന്നാൽ മികച്ച സവിശേഷതകളുള്ള സ്മാർട്ട് വാച്ചുകൾക്ക് വലിയ വില നൽകേണ്ടി വരാറുണ്ട്. എന്നാൽ ഇനി കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള ഡിസോ വാച്ച് 2 സ്പോർട്സ് സ്മാർട്ട് വാച്ച് നിങ്ങൾക്ക് സ്വന്തമാക്കാം. ഇന്നാണ് ഈ വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചത്. റിയൽമിയുടെ സബ് ബ്രാൻഡായ ഡിസോയുടെ പുതിയ വെയറബിൾ ഡിസോ വാച്ച് 2ന്റെ പിൻഗാമിയായി വരുന്നു. 110ലധികം സ്‌പോർട്‌സ് മോഡുകളും ഈ സ്മാർട്ട് വാച്ചിലുണ്ട്. 10 ദിവസം വരെ ബാക്ക്അപ്പ് നൽകുന്ന ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇതിനായി 260 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട് വാച്ചിന്റെ വിലയും സവിശേഷതകളും നോക്കാം.

ഡിസോ വാച്ച് 2 സ്പോർട്സ് സ്മാർട്ട് വാച്ച്: വില, ലഭ്യത
മുകളിൽ സൂചിപ്പിച്ചത് പോലെ ഡിസോ വാച്ച് 2 സ്‌പോർട്‌സിന്റെ ഇന്ത്യയിലെ വില 2,499 രൂപയാണ്. ഇത് ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. പരിമിത കാലയളവിലേക്ക് ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. മാർച്ച് 8ന് ഈ സ്മാർട്ട് വാച്ചിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന നടക്കും. ക്ലാസിക് ബ്ലാക്ക്, ഡാർക്ക് ഗ്രീൻ, ഗോൾഡൻ പിങ്ക്, ഓഷ്യൻ ബ്ലൂ, പാഷൻ റെഡ്, സിൽവർ ഗ്രേ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് ഡിസോ സ്മാർട്ട് വാച്ച് ലഭ്യമാകുന്നത്. 12 മാസത്തെ ലിമിറ്റഡ് വാറന്റിയോടെയാണ് ഈ വാച്ച് വിൽപ്പനയ്ക്ക് എത്തുന്നത്.

ഡിസോ വാച്ച് 2 സ്പോർട്സ് സ്മാർട്ട് വാച്ച്: സവിശേഷതകൾ
ഡിസോ വാച്ച് 2 സ്പോർട്സ് സ്മാർട്ട് വാച്ചിൽ 240x280 പിക്സൽ റെസല്യൂഷനോട് കൂടിയ 1.69 ഇഞ്ച് ടിഎഫ്ടി ടച്ച് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 600 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗ് എന്നീ സവിശേഷതകളും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. 150ൽ അധികം വ്യത്യസ്ത ഓപ്ഷനുകളിൽ നിന്ന് ഒരു വാച്ച് ഫെയ്സ് തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് വാച്ച് കസ്റ്റമൈസ് ചെയ്യാനും സാധിക്കും. ഡിസോ വാച്ച് 2നേക്കാൾ 20 ശതമാനം ഭാരം കുറവാണ് ഡിസോ വാച്ച് 2 സ്പോർട്സ് സ്മാർട്ട് വാച്ചിന്.

ഡിസോ വാച്ച് 2 സ്പോർട്സ് സ്മാർട്ട് വാച്ചിൽ 110ലധികം ഇൻഡോർ, ഔട്ട്ഡോർ സ്പോർട്സ് മോഡുകൾ നൽകിയിട്ടുണ്ട്. ഉപയോക്താവിന്റെ ജിപിഎസ് റണ്ണിങ് റൂട്ട്, വർക്ക്ഔട്ട് റിപ്പോർട്ടുകൾ ഷെയറിങ്, വ്യായാമ റിപ്പോർട്ടുകൾ എന്നിവ കാണിക്കുന്ന ഡിസോ ആപ്പ് ഉപയോഗിച്ച് സ്‌മാർട്ട് വാച്ചിന് കായിക പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനും കഴിയും. ആരോഗ്യ നിരീക്ഷണ ഫീച്ചറുകളിൽ ലൈവ് ഹാർട്ട്ബീറ്റ് നിരീക്ഷണം, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2) നിരീക്ഷണം, ഉറക്ക ട്രാക്കിങ്, ആർത്തവ സൈക്കിൾ ട്രാക്കിങ്, സ്റ്റെപ്പ് കൗണ്ടർ, കലോറി ട്രാക്കർ, വാട്ടർ ഡ്രിങ്ക് റിമൈൻഡർ, സെഡന്ററി റിമൈൻഡറുകൾ എന്നിവയും നൽകിയിട്ടുണ്ട്.

260mAh ബാറ്ററിയും സ്‌മാർട്ട് പവർ സേവിങ് ചിപ്പും ഉള്ള ഡിസോ വാച്ച് 2 സ്‌പോർട്‌സ് ഒറ്റ ചാർജിൽ 10 ദിവസം വരെ ബാക്ക്അപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ഇത് പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. 20 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈമും ഈ സ്മാർട്ട് വാച്ചിന്റെ ബാറ്ററി നൽകുന്നുണ്ട്. ഈ സ്മാർട്ട് വാച്ച് ആൻഡ്രോയിഡ് 5.0, അതിലും ഉയർന്ന പതിപ്പുകളിലുള്ള ആൻഡ്രോയിഡ് ഡിവൈസുകളിലും ഐഒഎസ് 10.0, അതിലും ഉയർന്ന ഒഎസുള്ള ഐഫോണുകളിലും കണക്ട് ചെയ്യാൻ സാധിക്കും. ബ്ലൂടൂത്ത് v5 ഉപയോഗിച്ചാണ് സ്‌മാർട്ട്‌ഫോണുമായി കണക്റ്റ് ചെയ്യുന്നത്. 10 മീറ്റർ പ്രവർത്തന പരിധിയും ഈ ഡിവൈസ് നൽകുന്നു.

ഡിസോ വാച്ച് 2 സ്‌പോർട്‌സിൽ മ്യൂസിക് പ്ലേബാക്ക് കൺട്രോൾസ്, റിമോട്ട് ക്യാമറ ഷട്ടർ, സ്‌മാർട്ട് നോട്ടിഫിക്കേഷനുകൾ, കോൾ റിജക്ഷൻ ഫീച്ചർ, അലാറം, ഫൈൻഡ് മൈ ഫോൺ ഫീച്ചർ എന്നിവയും ഉണ്ട്. ഇതിന് 5എടിഎം (50 മീറ്റർ) വാട്ടർ റെസിസ്റ്റൻസ് റേറ്റിങും ഡിസോ നൽകിയിട്ടുണ്ട്. 41.5 ഗ്രാം ഭാരമാണ് സ്മാർട്ട് വാച്ചിനുള്ളത്. വിലയും സവിശേഷതകളും നോക്കിയാൽ ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിക്കാൻ പോന്ന മികച്ച സ്മാർട്ട് വാച്ച് തന്നെയാണ് ഡിസോ വാച്ച് 2 സ്പോർട്സ്.


Click it and Unblock the Notifications








