ആറ് ഇഞ്ച് ഫോൺ സ്ക്രീനിനെ 100 ഇഞ്ചാക്കി മാറ്റും; ജിയോ ഗ്ലാസിന്റെ പ്രത്യേകതകൾ അറിയാം
ഇന്ത്യയിലെ ടെക് രംഗത്തെ നിയന്ത്രിക്കാൻ ജിയോ വീണ്ടും തയ്യാറാകുന്നു. പുതിയ സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കിയാണ് ജിയോ തങ്ങളുടെ ഉപഭോക്താക്കളെ അതിശയിപ്പിക്കാൻ പോകുന്നത്. ഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ഈ ജിയോ ഗ്ലാസിന്റെ ഒരു ഡെമോ പ്രദർശനത്തിന് എത്തിച്ചിരുന്നു. കൂടാതെ ഇതിന്റെ സവിശേഷതകളും ഇവർ ഇവിടെ വിവരിച്ചിരുന്നു.
ഈ സ്മാർട്ട് ഗ്ലാസ് നിങ്ങളുടെ സ്മാർട്ട് ഫോണുമായി കണക്ട് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈൽ സ്ക്രീനിനെ 100 ഇഞ്ച് വലുപ്പമുള്ള വെർച്വൽ സ്‌ക്രീനാക്കി മാറ്റാൻ സാധിക്കുന്നതാണ്. അതായത് ഒരു വലിയ ടീവിയുടെ സ്ക്രീനിന് സമാനമായ അനുഭവം ഈ ഗ്ലാസുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. വളരെ ആവേശകരമായ പ്രതികരണമായിരുന്നു ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ഈ ജിയോ ഗ്ലാസിന് ലഭിച്ചത്.

2019 മുതലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്മാർട്ട് ഗ്ലാസുകളുടെ ഉത്പാദനം ആരംഭിച്ചത്. റിലയൻസ് നേരിട്ടല്ല ഇവ നിർമ്മിക്കുന്നത്. പകരം ടെസറാക്റ്റ്സ് എന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് ഇവരുടെ സഹായത്തോടെയാണ് ഈ സ്മാർട്ട് ഗ്ലാസുകൾ റിലയൻസ് നിർമ്മിക്കുന്നത്. പൂർണമായും ഇന്ത്യയിൽ തന്നെയാണ് ഈ ഗ്ലാസുകൾ നിർമ്മിക്കുന്നത് എന്ന് ഇവർ അവകാശപ്പെടുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) എന്നി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ഗ്ലാസുകൾ പ്രവർത്തിക്കുന്നത്.
ഭാവിയിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ വിറ്റഴിക്കാൻ പോകുന്ന ഉത്പന്നമായി ഈ ജിയോ ഗ്ലാസുകൾ മാറിയേക്കാം. 69 ഗ്രാം മാത്രമാണ് ഈ ഗ്ലാസുകളുടെ ഭാരം. വളരെ കംഫർടബിൾ ആയി തന്നെ ഇവ അണിയാൻ സാധിക്കുന്നതായിരിക്കും. തലയ്ക്ക് ഉണ്ടാകുന്ന കുലുക്കവും ചലനവും ഒന്നും ഇവയെ കാര്യമായി ബാധിക്കില്ല. ചില സയൻസ് ഫിക്ഷൻ സിനിമകളിൽ കാണിക്കുന്ന സ്മാർട്ട് ഗ്ലാസുകൾക്ക് സമാനാമാണ് ഇവയുടെ രൂപവും.

ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നി രണ്ട് മോഡുകളിൽ ഈ സ്മാർട്ട് ഗ്ലാസുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതായിരിക്കും. ഒരു ഫ്ലാപ്പ് ഘടിപ്പിച്ചതിന് ശേഷമായിരിക്കും ഇത്തരത്തിൽ വിവിധ മോഡുകൾ ഈ ഗ്ലാസിൽ പ്രവർത്തിപ്പിക്കാൻ സാധിക്കു. ഈ ഫ്ലാഗ് ഓണാക്കുമ്പോൾ നിങ്ങൾ വെർച്വൽ ലോകത്ത് മാത്രമായി മുഴുകും. പുറംലോകവുമായുള്ള എല്ലാ ബന്ധവും ഇപ്പോൾ നിങ്ങൾക്ക് നഷ്ടമാകുന്നതായിരിക്കും. അതേ സമയം ഫ്ലാഗ് ഓഫാക്കുന്നത് വഴി നിങ്ങൾക്ക് പരിസരവുമായി ഇടപഴകാൻ സാധിക്കുന്നതാണ്.
മൊബൈൽ സ്ക്രീനിന്റെ വെർച്വൽ അനുഭവം ഉപഭോക്താക്കൾക്ക് മികച്ച അനുഭൂതി വാഗ്ദാനം ചെന്നുന്നു. സ്ക്രീൻ വലുതാകുമ്പോൾ ക്ലാരിറ്റി നഷ്ടപ്പെടില്ലെന്നും ജിയോ ഉറപ്പ് നൽകുന്നു. ഓരോ കണ്ണിനും 1080p ഡിസ്‌പ്ലേയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. മൊബൈലിന്റെ ചെറിയ സ്ക്രീനിൽ നിന്ന് 100 ഇഞ്ച് വെർച്വൽ സ്‌ക്രീനിലേക്ക് കണ്ണുകൾ എത്തുമ്പോൾ ഒരു മായാലോകത്ത് എത്തിയ അനുഭവവും ഉപഭോക്താക്കൾക്ക് ഉണ്ടായേക്കാം. ചെവിയുടെ ഭാഗത്തായി രണ്ട് സ്പീക്കറുകളും ഈ ഗ്ലാസിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.
ആയതിനാൽ തന്നെ കാഴ്ചയിൽ മാത്രമായിരിക്കില്ല ശ്രവണ സുഖത്തിലും മികച്ച അനുഭവം തന്നെ ഇവരിൽ നിന്ന് പ്രതീക്ഷിക്കാം. ഈ സ്പീക്കറുകൾ നിങ്ങൾക്ക് അനുയോജ്യമായി തോന്നുന്നില്ലെങ്കിൽ ഇവയ്ക്ക് പുറമെ ഇയർബഡുകൾ ധരിക്കാനുള്ള ഓപ്ഷനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. അതേ സമയം സി-ടൈപ് യുഎസ്ബി കേബിളിന്റെ സഹായാത്താൽ അയിരിക്കും ഈ ജിയോ സ്മാർട്ട് ഗ്ലാസുകൾ ചാർജ് ചെയ്യേണ്ടി വരുക. ഈ ഗ്ലാസ് ഫോണുമായി കണക്ട് ചെയ്യുമ്പോൾ ഒരു വെർച്വൽ കൺട്രോളറായി ഫോൺ ഉപയോഗിക്കാവുന്നതാണ്.
ഈ ഗ്ലാസുകൾ ധരിക്കുമ്പോൾ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനായി ജിയോ ഇമ്മേഴ്സ് എക്സ്ആർ (JioImmerse XR) സ്റ്റോറിൽ നിന്ന് നിരവധി ആപ്പുകളും ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഈ സ്മാർട്ട് ഗ്ലാസിനായി തയ്യാറാക്കിയ നിരവധി എക്സ്ആർ ആപ്പുകൾ ഇവിടെ ലഭ്യമായിരിക്കും. സിനിമകൾ, വീഡിയോകൾ, ഗെയിമുകൾ എല്ലാം മികച്ച രീതിയിൽ ആസ്വദിക്കാനുള്ള അവസരവും ഇവ ഉപഭോക്താക്കൾക്ക് നൽകുന്നതാണ്. എന്നാൽ ഈ ഉത്പന്നത്തിന്റെ വിലയും മറ്റ് വിവരങ്ങളും കമ്പനി ഇതുവരെ പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications








