14 ദിവസത്തെ ബാറ്ററി ലൈഫുമായി എംഐ സ്മാർട്ട് ബാൻഡ് 5 വിപണിയിലെത്തി
ഷവോമിയുടെ ഏറ്റവും പുതിയ ഫിറ്റ്നസ് ബാൻഡായ എംഐ സ്മാർട്ട് ബാൻഡ് 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.1 ഇഞ്ച് അമോലെഡ് കളർ ഫുൾ ടച്ച് ഡിസ്പ്ലേയുമായാണ് ഈ സ്മാർട്ട് ബാൻഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസ് നിരവധി കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 11 പ്രൊഫഷണൽ സ്പോർട്സ് മോഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ എംഐ സ്മാർട്ട് ബാൻഡ് 5. ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, സ്ലീപ്പ് ട്രാക്കിംഗ്, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിംഗ്, സ്ട്രെസ് മോണിറ്ററിംഗ് എന്നിവയും ഈ ഫിറ്റ്നസ് ബാൻഡിൽ ഉണ്ട്. ഒരൊറ്റ ചാർജിൽ 14 ദിവസം വരെ ബാക്ക് അപ്പും ഈ സ്മാർട്ട്ബാന്റ് നൽകും.

എംഐ സ്മാർട്ട് ബാൻഡ് 5: വില, വിൽപ്പന
എംഐ സ്മാർട്ട് ബാൻഡ് 5ന് ഇന്ത്യൻ വിപണിയിൽ 2,499 രൂപയാണ് വില. ബ്ലാക്ക്, നേവി ബ്ലൂ, ടീൽ, പർപ്പിൾ, ഓറഞ്ച് സ്ട്രാപ്പ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഫിറ്റ്നസ് ബാൻഡ് ഒക്ടോബർ 1 മുതൽ എംഐ.കോം, ആമസോൺ.ഇൻ എന്നിവയിലൂടെ വിൽപ്പനയ്ക്ക് എത്തും. റീട്ടെയിൽ സ്റ്റോറുകൾ വഴിയും, എംഐ ഹോം സ്റ്റോറുകൾ വഴിയും ബാൻഡ് അധികം വൈകാതെ വിൽപ്പനയ്ക്ക് എത്തുമെങ്കിലും കൃത്യമായ തിയ്യതി അറിയിച്ചിട്ടില്ല.

എംഐ സ്മാർട്ട് ബാൻഡ് 5: സവിശേഷതകൾ
1.6 ഇഞ്ച് അമോലെഡ് കളർ ഫുൾ ടച്ച് ഡിസ്‌പ്ലേ, 126x294 പിക്‌സൽ റെസല്യൂഷൻ, 16 ബിറ്റ് കളർ, 450 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് എംഐ സ്മാർട്ട് ബാൻഡ് 5ന്റെ പ്രധാന സവിശേഷതകൾ. എംഐ സ്മാർട്ട് ബാൻഡ് 4നെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം കൂടുതൽ ഡിസ്പ്ലേ ഏരിയ പുതിയ ബാൻഡിന് ഉണ്ട്. പുതിയ ഫിറ്റ്നസ് ബാൻഡ് പതിവായി ഉപയോഗിച്ചാൽ 14 ദിവസത്തെ ബാറ്ററി ലൈഫും പവർ സേവിങ് മോഡിൽ 21 ദിവസം വരെ ബാറ്ററി ലൈഫും നൽകും.

എംഐ സ്മാർട്ട് ബാൻഡ് 5 ചാർജ് ചെയ്യുന്നതിനായി സ്ട്രാപ്പിൽ നിന്ന് കാപ്സ്യൂൾ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യം ഇല്ല. ഷവോമി ഈ ബാൻഡിന് പിന്നിൽ മാഗ്നറ്റിക് പിൻസ് നൽകിയിട്ടുണ്ട്. എംഐ സ്മാർട്ട് ബാൻഡ് 5ന്റെ മൊത്തം ചാർജിംഗ് സമയം രണ്ട് മണിക്കൂറിൽ താഴെയാണ്. ഔട്ട്‌ഡോർ റണ്ണിങ്, വാക്കിങ്, റൈഡിങ്, ഇൻഡോർ റണ്ണിങ്, ഇൻഡോർ സ്വിമ്മിങ്, ഫ്രീ എക്സസൈസ്, യോഗ, റോയിംഗ് മെഷീൻ, ഇൻഡോർ റൈഡിംഗ്, എലിപ്‌റ്റിക്കൽ മെഷീൻ, റോപ്പ് സ്കിപ്പിംഗ് എന്നിവ ഉൾപ്പെടെ 11 പ്രൊഫഷണൽ സ്പോർട്സ് മോഡുകൾ ഈ ബാൻഡിൽ ഉണ്ട്.

24x7 ഹാർട്ട് റൈറ്റ് മോണിറ്ററിങ്, റെസ്റ്റിങ് ഹാർട്ട് ബീറ്റ് മോണിറ്ററിങ്, സ്ലീപ്പ് മോണറ്ററിങ്, ഡീപ്പ് സ്ലീപ്പ്, ലൈറ്റ് സ്ലീപ്പ്, ആർഇഎം (റാപ്പിഡ് ഐ മൂവ്മെന്റ്), സ്ട്രെസ് മോണിറ്ററിംഗ്, ഗൈഡഡ് ബ്രീത്തിങ് എക്സസൈസ്, സ്റ്റെപ്പ് കൌണ്ട്, കലോറി കൌണ്ട്, ടാർഗറ്റ് സെറ്റിങ്, സ്ത്രീകളുടെ ആരോഗ്യം, അവരുടെ പീരിയഡ് സൈക്കിൾ, അണ്ഡോത്പാദന ഘട്ടങ്ങൾ എന്നിവയും ഇത് നിരീക്ഷിക്കുന്നു. നവീകരിച്ച പിപിജി ബയോ സെൻസർ 50 ശതമാനം വരെ കൃത്യമായ ഹാർട്ട് ബീറ്റ് മോണിറ്ററിങ് നടത്തുന്നുവെന്ന് ഷവോമി അവകാശപ്പെടുന്നു.

ആരോഗ്യത്തോടെ തുടരാൻ ഉപയോക്താക്കൾ എത്രത്തോളം ആക്ടീവ് ആയിരിക്കണമെന്ന് അറിയാൻ സഹായിക്കുന്ന ഒരു പിഎഐ സ്കോർ (പേഴ്സണൽ ആക്റ്റിവിറ്റി ഇന്റലിജൻസ്) സംവിധാനവും ഇതിലുണ്ട്. ലിംഗഭേദം, പ്രായം, ഹൃദയമിടിപ്പ്, മറ്റ് സുപ്രധാന ഡാറ്റ പോയിന്റുകൾ എന്നിവ ഉപയോഗിച്ചാണ് എംഐ സ്മാർട്ട് ബാൻഡ് 5 ഇത് കണക്കാക്കുന്നത്. 50 മീറ്റർ വാട്ടർ റെസിസ്റ്റൻസ്, കസ്റ്റമൈസ്ഡ് വാച്ച് ഫെയ്‌സുകൾ, മ്യൂസിക്ക് കൺട്രോൾ, റിമോട്ട് ഷട്ടർ, കോളുകൾക്കും മെസേജുകൾക്കുമുള്ള നോട്ടിഫിക്കേഷനുകൾ, ടൈമർ, അലാറം എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications