ഇന്ത്യൻ സ്മാർട്ട് ടിവി വിപണി പിടിച്ചടക്കാൻ വൺപ്ലസ് ടിവി യു1എസ്, വില 39,999 രൂപ മുതൽ
വൺപ്ലസിന്റെ ഇന്നലെ രാത്രി നടന്ന സമ്മർ ലോഞ്ച് ഇവന്റിൽ വച്ചാണ് വൺപ്ലസ് യു1എസ് സ്മാർട്ട് ടിവി സീരിസ് പുറത്തിറക്കിയത്. വൺപ്ലസ് ടിവി യു1എസ് സീരിസിലെ സ്മാർട്ട് ടിവികൾ എല്ലാം 4കെ സ്ക്രീൻ റെസല്യൂഷൻ സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഈ സ്മാർട്ട് ടിവി മൂന്ന് വ്യത്യസ്ത വലിപ്പങ്ങളിൽ ലഭ്യമാകും. 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിവയാണ് ഈ ടിവി നിലവിൽ ലഭ്യമായിട്ടുള്ള വലിപ്പങ്ങൾ. എച്ച്ഡിആർ 10+, എംഇഎംസി സപ്പോർട്ട്, ഡൈനാഡിയോ ഉപയോഗിച്ച് ട്യൂൺ ചെയ്ത സ്പീക്കറുകൾ തുടങ്ങിയ മികച്ച സവിശേഷതകളാണ് വൺപ്ലസ് ടിവി യു1എസ് സ്മാർട്ട് ടിവിയിൽ കമ്പനി നൽകിയിട്ടുള്ളത്.

വൺപ്ലസ് ടിവി യു1എസ്: വില, ലഭ്യത
ഇന്ത്യയിൽ വൺപ്ലസ് ടിവി യു1എസ് സ്മാർട്ട് ടിവിയുടെ 50 ഇഞ്ച് മോഡലിന് 39,999 രൂപയാണ് വില. 55 ഇഞ്ച് മോഡലിന് 47,999 രൂപയാണ് വില. 65 ഇഞ്ച് സ്‌ക്രീനുള്ള മോഡലിന് 62,999 രൂപ വിലയുണ്ട്. വൺപ്ലസ് ടിവി യു1എസ് വ്യാഴാഴ്ച മുതൽ റെഡ് കേബിൾ ഉപഭോക്താക്കൾക്കായി വൺപ്ലസ്.ഇൻ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ വഴി വിൽപ്പനയ്‌ക്കെത്തും. സ്മാർട്ട് ടിവിയുടെ ഓപ്പൺ സെയിൽ വെള്ളിയാഴ്ച ആരംഭിക്കും.

ഓഫറുകൾ
ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് ടിവി വാങ്ങുന്നവർക്ക് വൺപ്ലസ് 2,000 രൂപ കിഴിവ് നൽകും. എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾക്കൊപ്പം 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും.

വൺപ്ലസ് ടിവി യു1എസ്: സവിശേഷതകൾ
വോയ്‌സ് കമാൻഡുകളുടെ സഹായത്തോടെ സ്മാർട്ട് ടിവിയുമായി ഹാൻഡ്‌സ് ഫ്രീയായി സംവദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് വൺപ്ലസ് ടിവി യു1എസ് സ്മാർട്ട് ടിവിയുടേത്. ആൻഡ്രോയിഡ് ടിവി 10 ബേസ്ഡ് ഓക്സിജൻ പ്ലേ 2.0 യുഐയിലാണ് ഈ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. ഏത് സ്മാർട്ട്‌ഫോണിൽ നിന്നും വൺപ്ലസ് കണക്റ്റ് 2.0 അപ്ലിക്കേഷന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് വൺപ്ലസ് ടിവി യു1എസ് സ്മാർട്ട് ടിവി നിയന്ത്രിക്കാനുള്ള സംവിധാനം നൽകുന്നു.

കണക്റ്റ് 2.0 ആപ്പിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് ഒരു ട്രാക്ക്പാഡ്, ഫയൽ ട്രാൻസ്ഫർ, ടൈപ്പ് സിങ്ക് തുടങ്ങിയ സവിശേഷതകൾ സ്മാർട്ട്ഫോൺ വഴി ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. 10 ബിറ്റ് കളർ ഡെപ്ത്, ഡിസിഐ-പി 3 കളർ ഗാമറ്റിന്റെ 93 ശതമാനം എന്നിവ ഈ ടിവിയിൽ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഫ്ലാഗ്ഷിപ്പ് വൺപ്ലസ് ടിവി ക്യു1 സീരീസ് പോലെ പുതിയ വൺപ്ലസ് ടിവി യു1എസ് സ്മാർട്ട് ടിവിയിലും കണ്ടന്റ് ഉയർത്തുന്നതിനായി മികച്ച ഗാമ എഞ്ചിൻ നൽകുന്നു.

വൺപ്ലസ് ടിവി യു1എസ് ഡിസൈൻ ആകർഷകമാണ്. 95.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ടിവിയിൽ ഉള്ളത്. മെറ്റൽ സ്റ്റാൻഡണ് ടിവിക്ക് നൽകിയിട്ടുള്ളത്. കിഡ്‌സ് മോഡ്, ഗെയിം മോഡ്, ഡാറ്റ സേവർ പ്ലസ് തുടങ്ങിയ ഫീച്ചറുകളും പുതിയ സ്മാർട്ട് ടിവിയിൽ ഉണ്ട്. വൺപ്ലസ് ടിവി ഷെയേഡ് ആൽബവും പുതിയ സ്മാർട്ട് ടിവിയിൽ ഉണ്ട്. സ്മാർട്ട് ടിവി ഗൂഗിൾ അസിസ്റ്റന്റ്, ഇൻബിൾഡ് ക്രോം കാസ്റ്റ്, ഗൂഗിൾ പ്ലേ സപ്പോർട്ട് എന്നിവയുമായാണ് വരുന്നത്.


Click it and Unblock the Notifications








