വില കുറഞ്ഞ കിടിലൻ സ്മാർട്ട് വാച്ചുമായി പിട്രോൺ, അതിശയിപ്പിക്കുന്ന സവിശേഷതകൾ
പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ പിട്രോൺ പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പിട്രോൺ ഫോഴ്സ് എക്സ്11 എന്ന പേരിലുള്ള സ്മാർട്ട് വാച്ചാണ് കഴിഞ്ഞ ദിവസം വിപണിയിൽ എത്തിയത്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമായിട്ടാണ് പിട്രോൺ ഫോവ്സ് എക്സ്11 വരുന്നത്. 1.7 ഇഞ്ച് ചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയും മെറ്റൽ ബോഡിയുമാണ് സ്മാർട്ട് വാച്ചിനുള്ളത്. എല്ലാ വശങ്ങളിലും നേർത്ത ബെസലുകളും ഈ സ്മാർട്ട് വാച്ചിനെ ആകർഷകമാക്കുന്നു. ഈ സ്മാർട്ട് വാച്ചിനെ വില കുറഞ്ഞൊരു ഫിറ്റ്നസ് വെയറബിൾ എന്നാണ് പിട്രോൺ വിശേഷിപ്പിക്കുന്നത്.

വിപണി അടക്കി വാഴുന്ന സ്മാർട്ട് വാച്ചുകളിൽ ഉള്ള ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2) നിരീക്ഷണം, രക്തസമ്മർദ്ദം, സ്ലീപ്പ് ട്രാക്കിംഗ്, സ്‌പോർട്‌സ് മോഡുകൾ എന്നിവയെല്ലാം പിട്രോൺ തങ്ങളുടെ വില കുറഞ്ഞ സ്മാർട്ട് വാച്ചിലും നൽകിയിട്ടുണ്ട്. ഐപി68-റേറ്റഡ് പിട്രോൺ ഫോഴ്സ് എക്സ്11 സ്മാർട്ട് വാച്ചിന് ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ടെന്നും ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഈ സ്മാർട്ട് വാച്ചിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

പിട്രോൺ ഫോഴ്സ് എക്സ്11: വില, ലഭ്യത
പിട്രോൺ ഫോഴ്സ് എക്സ്11 സ്മാർട്ട് വാച്ചിന്റെ വില ആരംഭിക്കുന്നത് 2,799 രൂപ മുതലാണ്. ഈ സ്മാർട്ട് വാച്ച് ഇപ്പോൾ ആമസോണിലൂടെ മാത്രമേ വിൽപ്പന നടത്തുന്നുള്ളു. ഓനിക്സ് ബ്ലാക്ക്, പിങ്ക് സ്വീഡ് കളർ ഓപ്ഷനുകളിലാണ് പിട്രോൺ ഫോഴ്സ് എക്സ്11 വരുന്നത്. ഈ സ്റ്റൈലിഷ് വെയറബിളന് 1 വർഷത്തെ വാറന്റിയും പിട്രോൺ നൽകുന്നുണ്ട്. ആമസോണിൽ ഈ വാച്ചിന്റെ എംആർപി കാണിച്ചിരിക്കുന്നത് 7,999 രൂപയാണ്. 65 ശതമാനം കിഴിവാണ് നൽകുന്നത് എന്നും ഇത് മൂന്ന് ദിവസത്തെ മാത്രം ഡീലാണ് എന്നും ആമസോൺ തങ്ങളുടെ പേജിൽ വ്യക്തമാക്കുന്നുണ്ട്.

പിട്രോൺ ഫോഴ്സ് എക്സ്11: സവിശേഷതകൾ
മുകളിൽ സൂചിപ്പിച്ചത് പോലെ പിട്രോൺ ഫോഴ്സ് എക്സ്11 സ്മാർട്ട് വാച്ചിൽ 1.7 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ സ്‌ക്വയർ ഡയലാണ് നൽകിയിട്ടുള്ളത്. വലത് വശത്ത് നാവിഗേഷനായി സൈഡ്-മൗണ്ട് ചെയ്‌ത ബട്ടണും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഇതിന് അടുത്തായിട്ടാണ് മൈക്രോഫോൺ നൽകിയിട്ടുള്ളത്. ഡാഫിറ്റ് ആപ്പ് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഒന്നിലധികം വാച്ച് ഫേസുകളും ഈ വെയറബിൾ സപ്പോർട്ട് ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 4.4 ഒഎസിലോ അതിനെക്കാൾ പുതിയോ ആയ ആൻഡ്രോയിഡ് ഒഎസുകളോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലും ഐഒഎസ് 9.9, അതിനെക്കാൾ ഉയർന്ന പതിപ്പിലുള്ള ഐഒഎസിലുള്ള ഐഫോണുകളിലും ഡാഫിറ്റ് ആപ്പ് ലഭ്യമാകും. നമ്മുടെ ഹെൽത്ത് ഡാറ്റ ലഭിക്കുന്നു എന്നതിനൊപ്പം റിമൈൻഡറുകൾ സെറ്റ് ചെയ്യാനും സാധിക്കും.

പിട്രോൺ ഫോഴ്സ് എക്സ്11 സ്മാർട്ട് വാച്ച് ഏഴ് ആക്ടീവ് സ്പോർട്സ് മോഡുകളുമായിട്ടാണ് വരുന്നത്. ഒരു ഫിറ്റ്നസ് ട്രാക്കർ കൂടിയായതിനാൽ ഈ സ്മാർട്ട് വാച്ചിന് ഉപയോക്താവിന്റെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2), രക്തസമ്മർദ്ദം, ഉറക്കം എന്നിവ നിരീക്ഷിക്കാനാകും. ഈ പുതിയ സ്മാർട്ട് വാച്ച് അതിന്റെ ഉപയോക്താക്കൾക്ക് സെഡന്ററി, ഹൈഡ്രേഷൻ റിമൈൻഡറുകൾ നൽകുന്നു. ഇത് ഉപയോക്താക്കളുടെ കലോറി നിരീക്ഷിക്കുകയും ചെയ്യും. ഈ സ്മാർട് വാച്ചിന് ഉപയോക്താവിന്റെ സ്റ്റെപ്സ്, യാത്ര ചെയ്ത ദൂരം എന്നിവ കണക്ക് കൂട്ടാൻ സാധിക്കും. ഇതിനായി ഒരു പെഡോമീറ്ററും ഇതിൽ ഉണ്ട്.

റിമോട്ട് ക്യാമറ കൺട്രോൾ ഫീച്ചറും മ്യൂസിക് പ്ലേബാക്ക് കൺട്രോളുകളും നൽകുന്ന പിട്രോൺ ഫോഴ്സ് എക്സ്11 സ്മാർട്ട് വാച്ചിൽ സ്മാർട്ട്‌ഫോണുകളിലേക്ക് കണക്‌റ്റ് ചെയ്യാൻ ബ്ലൂടൂത്ത് v5 ഉണ്ട്. ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ടെന്നും ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനാകുമെന്നും കമ്പനി പറയുന്നു. വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസിനുള്ള ഐപി68 റേറ്റിങും ഈ ഡിവൈസിൽ ഉണ്ട്. 37 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് വാച്ചിൽ ഉള്ളത്.


Click it and Unblock the Notifications








