കുറഞ്ഞ വിലയ്ക്ക് കിടിലൻ സ്മാർട്ട് ബാൻഡ്, റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയുടെ ആദ്യ വിൽപ്പന ഫെബ്രുവരി 14ന്
ഇന്ത്യയിലെ സ്മാർട്ട്ബാൻഡ് വിപണി കീഴടക്കാൻ റെഡ്മി പുതിയ ഡിവൈസ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ എന്ന സ്മാർട്ട് ബാൻഡാണ് റെഡ്മി തങ്ങളുടെ നോട്ട് 11 സീരീസ് സ്മാർട്ട്ഫോണുകൾക്കൊപ്പം അവതരിപ്പിച്ചത്. ഈ സ്മാർട്ട് ബാൻഡിന്റെ ആദ്യ വിൽപ്പന ഫെബ്രുവരി 14ന് നടക്കും. ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന നടക്കുന്നത്. ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ പാർട്ട്ണർമാർ എന്നിവ വഴി ഈ ബാൻഡ് ലഭ്യമാകും.

റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ: വില
റെഡ്മി കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള ഉത്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിലെ ജനപ്രിയ ബ്രാന്റായി മാറിയത്. സ്മാർട്ട് ബാൻഡുകളുടെ കാര്യത്തിലും കമ്പനി ഈ പതിവ് തുടരുന്നുണ്ട്. റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയുടെ വില 3,999 രൂപയാണ്. എന്നാൽ ഈ സ്മാർട്ട്ബാൻഡ് ആദ്യ വിൽപ്പനയിലൂടെ സ്വന്തമാക്കുന്ന ആളുകൾക്ക് ഇത് 3,499 രൂപയ്ക്ക് ലഭിക്കും. 500 രൂപ കിഴിവാണ് വിൽപ്പനയിലൂടെ റെഡ്മി നൽകുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട്ബാൻഡ് വിൽപ്പനയ്ക്ക് എത്തും.

റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ: സവിശേഷതകൾ
റെഡ്മിയുടെ സ്മാർട്ട് ബാൻഡ് പ്രോയ്ക്ക് 194 x 368 റെസല്യൂഷനോട് കൂടിയ 1.47 ഇഞ്ച് അമോലെഡ് ഫുൾ ടച്ച് കളർ ഡിസ്‌പ്ലേയാണ് ഉള്ളത്. സ്മാർട്ട് ബാൻഡുകളിൽ വച്ച് മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. ഈ ഡിസ്പ്ലെയുടെ മാക്സിമം ബ്രൈാറ്റ്നസ് 450 നിറ്റ്സ് ആണ്. ഈ ബ്രൈറ്റ്നസ് ലെവൽ ഉള്ളതുകൊണ്ട് സൂര്യപ്രകാശത്തിൽ പോലും സ്മാർട്ട് ബാൻഡിന്റെ ഡിസ്പ്ലെ വ്യക്തമായി കാണാൻ സാധിക്കും. അംബിക് അപ്പോളോ 3.5 ഒഎസിലാണ് റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ ബാൻഡ് പ്രവർത്തിക്കുന്നത്.

റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയ്ക്ക് 5 എടിഎം വാട്ടർ റെസിസ്റ്റന്റ് റേറ്റിങ് ഉണ്ട്. ഈ വാട്ടർ റെസിസ്റ്റൻസ് ഉള്ളതുകൊണ്ട് തന്നെ നീന്തുമ്പോഴും മറ്റും ഇത് ഉപയോഗിക്കാൻ സാധിക്കും. ഈ ബാൻഡ് പോളികാർബണേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 200 mAh ബാറ്ററിയാണ് റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയിൽ ഉള്ളത്. ഈ ബാറ്ററി 14 ദിവസം വരെ ബാക്ക് അപ്പ് നൽകുമെന്ന് റെഡ്മി അവകാശപ്പെടുന്നു. ഗൈറോസ്കോപ്പും ആക്സിലറോമീറ്ററും ഉള്ള 6-ആക്സിസ് സെൻസറും ഈ ബാഡിൽ റെഡ്മി നൽകിയിട്ടുണ്ട്. പിപിജി ഹാർട്ട്ബീറ്റ് സെൻസർ, തുടർച്ചയായ എസ്പിഒ2 മോണിറ്റർ ചെയ്യാനുള്ള സംവിധാനം, വൈബ്രേഷൻ മോട്ടോർ, ആംബിയന്റ് ലൈറ്റ് എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ.

ഔട്ട്ഡോർ റണ്ണിങ്, ഔട്ട്ഡോർ വാക്കിങ്, ട്രെഡ്മിൽ എന്നിവ ഓട്ടോമാറ്റിക്കായി കണ്ടെത്തുന്ന ഫിറ്റ്നസ് മോഡുകളും ഇതിലുണ്ട്. 110ൽ അധികം ഫിറ്റ്നസ് മോഡുകളാണ് ഈ ഡിവൈസിൽ ഉള്ളത്. സ്ലീപ്പ് മോണിറ്ററിങ്, ശ്വസന വ്യായാമങ്ങൾ, സ്ട്രെസ് മോണിറ്ററിങ്, സ്ത്രീകളുടെ ആർത്തവ ആരോഗ്യത്തിനായി ട്രാക്കിങ് എന്നിവയും ഈ റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയിൽ ഉണ്ട്. ആരോഗ്യ, ഫിറ്റ്നസ് കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്ന ആളുകൾക്ക് വാങ്ങാവുന്ന മികച്ച ഫിറ്റ്നസ് ബാൻഡ് കൂടിയാണ് ഇത്.

റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയ്ക്ക് ഏകദേശം 8 എംബി റാമും 128 എംബി റോമുമാണ് ഉള്ളത്. ബ്ലൂടൂത്ത് 5.0 ആണ് കണക്റ്റിവിറ്റിക്കായി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഷവോമി വെയർ ആപ്പുമായി കണക്റ്റ് ചെയ്യാവുന്ന ഈ ഡിവൈസ് കോൾ നോട്ടിഫിക്കേഷൻസ്, ആപ്പ് അലേർട്ടുകൾ മുതലായവ കാണിക്കുന്നു. ആൻഡ്രോയിഡ് 5.0, അതിനെക്കാൾ പുതിയ ആൻഡ്രോയിഡ് പതിപ്പിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾ, ഐഒഎസ് 10.0, അതിനെക്കാൾ പുതിയ ഐഒഎസ് പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾ എന്നിവയിൽ ഈ റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ കണക്റ്റ് ചെയ്യാം.


Click it and Unblock the Notifications








