മികച്ച ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും
ടൈംഎക്സ് ഫിറ്റ് ഹെൽത്ത് മോണിറ്ററിംഗ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടെലിമെഡിസിൻ, ടെമ്പറേച്ചർ സെൻസർ, എസ്പിഒ 2 മോണിറ്റർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ, ഫിറ്റ്‌നെസ് സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ടെലിമെഡിസിൻ ഫീച്ചർ 'വൺ-ടച്ച്' കൺസപ്റ്റിലാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ടൈംഎക്സ് ഫിറ്റ് ആപ്പിലൂടെ ഡോക്ടറുമായി എളുപ്പത്തിൽ കൺസൾട്ട് ചെയ്യാൻ ഉപയോക്താവിന് സാധിക്കും.

ആക്റ്റിവിറ്റി ട്രാക്കിംഗ്, ഓട്ടോമാറ്റിക്ക് സ്ലീപ്പ് ഡിറ്റക്ഷൻ, ഒന്നിലധികം വാച്ച് ഫെയ്സ് സപ്പോർട്ട് എന്നിവയാണ് ഈ ഡിവൈസിലുള്ള മറ്റ് സവിശേഷതകൾ. ഈ വെയറബിൾ കലണ്ടർ റിമൈന്ററുകളും കോളുകളും മെസേജുകളും നോട്ടിഫൈ ചെയ്യുമെന്ന് ടൈംഎക്സ് അറിയിച്ചു. വിപണിയിലെ മറ്റ് സ്മാർട്ട് വാച്ചുകളോട് മത്സരിക്കാൻ പോന്ന മികച്ച സവിശേഷതകളെല്ലാം ഈ സ്മാർട്ട് വാച്ചിൽ ടൈംഎക്സ് നൽകിയിട്ടുണ്ട്.

ടൈംഎക്സ് ഫിറ്റ്: വില, ലഭ്യത
ഇന്ത്യയിൽ ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ചിന്റെ സിലിക്കൺ ബാൻഡ് പതിപ്പിന് 6,995 രൂപയാണ് വില. മെറ്റൽ ബാൻഡ് വേരിയന്റിന് 7,495 രൂപ വിലയുണ്ട്. ടൈംഎക്സിന്റെ ഈ വെയറബിൾ ഡിവൈസ് അംഗീകൃത ടൈംഎക്സ് റീട്ടെയിലർമാരിൽ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ വാങ്ങാം. ബ്ലാക്ക്, ബ്ലാക്ക് ബ്ലൂ, ബ്ലാക്ക് റെഡ് സിലിക്കൺ സ്ട്രാപ്പുകൾക്കൊപ്പം ബ്ലാക്ക് മെഷ്, റോസ് ഗോൾഡ് മെഷ് (മെറ്റൽ) സ്ട്രാപ്പുകളിലും ഈ സ്മാർട്ട് വാച്ച് ലഭ്യമാകും.

ടൈംഎക്സ് ഫിറ്റ്: സവിശേഷതകൾ
ടൈംക്സ് ഫിറ്റ് സ്മാർട്ട് വാച്ചിൽ 35 എംഎം ദീർഘചതുരാകൃതിയിലുള്ള പ്ലാസ്റ്റിക് കേസും ഫുൾ കളർ ടച്ച്സ്ക്രീനും ഉണ്ട്. കമ്പനി പറയുന്നതനുസരിച്ച് ഈ സ്മാർട്ട് വാച്ച് 10 വാച്ച് ഫെയ്സുകളെ സപ്പോർട്ട് ചെയ്യുന്നു. വാച്ച് ഫെയ്സായി ഫോട്ടോകൾ ഉപയോഗിക്കാനും ഈ സ്മാർട്ട് വാച്ചിൽ സംവിധാനങ്ങൾ ഉണ്ട്. ഓട്ടം, സൈക്ലിംഗ്, ടെന്നീസ്, യോഗ, നൃത്തം, ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, ഹൈക്കിംഗ്, ജിമ്മിങ് എന്നിവ ഉൾപ്പെടെ 10 വ്യത്യസ്ത സ്പോർട്സ് മോഡുകളും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്.

ടൈംഎക്സ് ഫിറ്റ് ആപ്പിലൂടെ ഡോക്ടറെ വേഗത്തിൽ കൺസൾട്ട് ചെയ്യാൻ സഹായിക്കുന്ന ടെലിമെഡിസിൻ ഫീച്ചറും ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ കഴിയുന്ന ഈ ടൈംഎക്സ് ആപ്പിലൂടെ വാച്ച് ധരിക്കുന്നവർക്ക് ആരോഗ്യവും വെൽനസ് ഡാറ്റയും ഷെയർ ചെയ്യാൻ സാധിക്കും.

ടൈംഎക്സ് പറയുന്നതനുസരിച്ച് ഫിറ്റ് സ്മാർട്ട് വാച്ച് 6 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്നു. ശരീരത്തിലെ താപനില, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ് എന്നിവ നിരീക്ഷിക്കുന്നതിനുള്ള സെൻസറുകളം ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ചിൽ കമ്പനി നൽകിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ച് ഒരു സ്മാർട്ട് സ്ലീപ്പ് മോണിറ്റർ സിസ്റ്റവും സെഡന്ററി റിമൈൻഡറും നൽകുന്നുണ്ട്. വില കണക്കിലെടുക്കുമ്പോൾ വിപണിയിൽ ലഭിക്കുന്ന മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് വാച്ച് തന്നെയാണ് ടൈംഎക്സ് ഫിറ്റ്.


Click it and Unblock the Notifications